Sunday 29 December 2013

പുതിയ കലണ്ടര്‍

ചുവരിലെയാണിയില്‍ നിസ്സംഗനായി
തൂങ്ങിക്കിടക്കുന്നു വിടപറയലിന്റെ
പഴകിയ ഭംഗിവാക്കൊന്നുമോര്‍ക്കാതൊരു
വര്‍ഷം മുഷിപ്പിച്ച പഴയ കലണ്ടര്‍,
ഇനിയും വെളിപ്പെട്ടുപോരാത്ത
കൌതുകമായിച്ചുരുണ്ടിരിക്കുന്നൂ
മേശമേല്‍ മുഷിയാത്ത പുതിയ കലണ്ടര്‍.

ജനുവരിയൊന്നിന്റെ കള്ളിയില്‍ നിന്നും
കൈപിടിച്ചെന്നെ നടത്തി ഡിസംബര്‍
മുപ്പത്തിയൊന്നില്‍ നിറുത്തിത്തിരിച്ചു
പോയിടാറുണ്ട് പതിവായ് കലണ്ടറുകള്‍.
അവ വരയ്ക്കുന്ന ഏണിയും പാമ്പും
കളികളിച്ചങ്ങനെ തോറ്റും ജയിച്ചും
ചില കള്ളികള്‍ തോറും കണ്ണുനീര്‍ വീഴ്ത്തിയും
ചിലപ്പോള്‍ ചിരിച്ചും ചിന്തിച്ചും
ചിലയിടത്തൊക്കെ കരുക്കള്‍ ചതിച്ചും
ചിലയിടത്തെന്നെ മുന്നോട്ടു തള്ളിയും
ജനുവരിയൊന്നില്‍ നിന്നും ഡിസംബര്‍
മുപ്പത്തിയൊന്നുവരേയും മുടങ്ങാതെ.

നിസ്സംഗനായിക്കിടപ്പൂ ഇനിവെറും
രണ്ടു നാളിന്റെയായുസ്സു കണ്ടറിഞ്ഞ കലണ്ടര്‍.

മുന്നൂറ്റിയറുപത്തിയഞ്ചു കളങ്ങള്‍ മുടങ്ങാതെ
വന്നുപോയെങ്കിലും ഇടയ്ക്ക് കളിനിര്‍ത്തി
കണ്‍നിറഞ്ഞെത്രയോ പേര്‍ പോയി,
എത്രയോ പേര്‍ ഇടയ്ക്കീ കളിയിലിളം
വിസ്മയ നേത്രവുമായ് വന്നു കൂടി.

ഏതു കളങ്ങളില്‍ ആരുടെയൊക്കെ
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍ , അതറിയാതെ
ഒടുവിലെക്കള്ളി വരേയ്ക്കും കാര്യങ്ങള്‍
വിട്ടുപോകാതെ കുറിച്ചുവയ്ക്കുന്നു നമ്മള്‍!

ഈ പുതിയ കലണ്ടര്‍ ഞാനിന്നു നിവര്‍ത്തവെ
മനസ്സില്‍ തുടിപ്പൂ പ്രതീക്ഷ- ഇതിലാണെന്റെ
യിനിവരും വര്‍ഷത്തെ ജാതകം
നാള്‍ക്കണക്കെഴുതേണ്ട ജീവിതം.
എങ്കിലും ഇതിലെങ്ങാനൊരു കള്ളിയില്‍
ഞാനറിയാതെന്റെ പൂര്‍ണ്ണ വിരാമം
പതുങ്ങുന്നുവോയെന്നു പറയാതെ കൌതുകം
കൈയില്‍ച്ചുരുട്ടിപ്പിടിച്ചു ചിരിക്കുന്നു
പൂര്‍ണ്ണമായ്‌ നിവരാത്ത പുതിയ കലണ്ടര്‍!

കരയുമ്പോള്‍

നീ തന്ന നോവുകള്‍ ഞാന്‍ മറക്കാം
എല്ലാം പൊറുക്കാം എങ്കിലും എപ്പോഴോ
നിശ്വാസമായെന്റെയുള്ളു പൊള്ളിച്ച
നെടുവീര്‍പ്പെങ്ങനെ തിരിച്ചെടുക്കും?
നീ തന്ന നോവുകള്‍ ഞാന്‍ മറക്കാം
എല്ലാം മറക്കാം എങ്കിലും പ്രിയനേ
രാവിലെന്‍ തലയിണ ചേര്‍ന്നു ഞാനറിയാതെ
യെന്നില്‍ തുളുമ്പി വെളിയില്‍ വീണേപോയ
തേങ്ങല്‍ ഞാനെങ്ങനെ തിരിച്ചെടുക്കും?
നീ തന്ന നോവുകള്‍ ഞാന്‍ മറക്കാം
കരയാതിരിക്കാം എങ്കിലും അറിയാതെ
കണ്ണില്‍ നിന്നൂര്‍ന്നു കവിള്‍ തൊട്ടു നില്‍ക്കുന്ന
നീര്‍മണികളെങ്ങനെ തിരിച്ചെടുക്കും !

മറവി

സ്കൂളില്‍ ഓര്‍മ്മത്തികവിന്റെ
തെറ്റാത്ത ഉത്തരം ജോണ്‍സാര്‍.

സാമൂഹ്യപാഠം, ചരിത്രം, ഭൂമിശാസ്ത്രം,
ആദിശിലായുഗം, സിന്ധു നദീതടം
ബുദ്ധന്‍, ഗുപ്തന്മാര്‍, മുഗളന്മാര്‍,
അണുവായുധം, ലോകയുദ്ധങ്ങള്‍,
ബ്രിട്ടീഷുഭരണം, ഗാന്ധിയുടെ സമരം,
ആധുനിക ഭാരതം, ആഗോള വിപണി
ഓരോന്നുമോരോരോ വര്‍ഷക്കളങ്ങളില്‍
കരുക്കള്‍ പിഴക്കാതെ മുന്നോട്ടു നീക്കിയ
ഓര്‍മ്മത്തികവിന്റെ
മായാ പ്രതീകം ജോണ്‍സാര്‍.

അക്ബറും ആയില്യം തിരുനാളും
ഭരണപരിഷ്കാരങ്ങള്‍ വച്ചുമാറി
എന്നെയിടയ്ക്കു കളിപ്പിക്കുമ്പോള്‍,
നൈലും തേംസും ആമസോണും
ദേശങ്ങള്‍ മാറിമറിഞ്ഞു മനസ്സില്‍
കൂടിപ്പിണഞ്ഞൊഴുകുമ്പോള്‍,
പാനിപ്പത്ത് യുദ്ധങ്ങള്‍ വര്‍ഷങ്ങള്‍ തെറ്റി
മനസ്സില്‍ ചോരപ്പുഴകളൊഴുക്കുമ്പോള്‍
കൂര്‍ത്ത നഖമുന കൈയിലിറക്കി
ഓര്‍മ്മപ്പെടുത്തലിന്നിഞ്ചക്ഷന്‍ തന്നു
ഓര്‍മ്മത്തികവിന്റെ
ആള്‍രൂപമായ ജോണ്‍സാര്‍.
മറവി പൊറുക്കാതെ
ക്രുദ്ധമായ്‌ ചുളിയുന്ന കൂട്ടുപുരികം,
ദേഷ്യം ചുവക്കും മുഖത്തെ ക്രൂരഭാവം.

സ്കൂള്‍ വിട്ടലഞ്ഞു ഞാനെത്ര കാലം,
എത്ര ദേശം.
താണ്ടി ഞാനെത്ര ചരിത്രങ്ങള്‍,
ഭൂമിശാസ്ത്രങ്ങള്‍.
എവിടെയും ഓര്‍മ്മക്കണക്ക് പിഴക്കുമ്പോള്‍
മനസ്സില്‍ മറക്കാതെ തെളിയും ജോണ്‍സാര്‍.
ഓര്‍മ്മപ്പെടുത്തലിന്നിഞ്ചക്ഷന്‍ പഴയൊരു
നോവായ്‌ത്തുടിക്കുമെന്‍ കൈയില്‍ പിഴക്കാതെ
പിന്നെ-
ക്രുദ്ധമായ്‌ ചുളിയുമൊരു കൂട്ടുപുരികം,
ദേഷ്യം ചുവക്കുന്ന ക്രൂരഭാവം
ഓര്‍മ്മപ്പെടുത്തലി-
ന്നത്ഭുതമൂര്‍ത്തിയായ് ജോണ്‍സാര്‍.

ഓര്‍മ്മയുടെ വഴികള്‍ പിഴച്ചും തുണച്ചും
ജന്മദൂരം പാതിയിലേറെയും താണ്ടി
എത്തി ഞാനെന്‍ പഴയ പട്ടണത്തില്‍
അവിചാരിതം മുന്നിലെത്തുന്നു ജോണ്‍സാര്‍.
കൂട്ടുപുരികം, കുടവയര്‍, കഷണ്ടി ഒക്കെയും
തെറ്റാതെയുണ്ടെങ്കിലും ഇപ്പോഴില്ല
മുഖത്തെയാ ക്രൂരഭാവം
ശിഷ്യനെയെന്നല്ല, അത്താണിയായ് കൂടെ
നില്‍ക്കും സ്വപുത്രനെയും തിരിച്ചറിയാതെ
ഓര്‍മ്മകളെല്ലാം മറഞ്ഞ് മറവിയുടെ-
യതിരറ്റൊരാകാശ സഞ്ചാരിയാകും
വെള്ളപ്പതംഗമായ് ജോണ്‍സാര്‍.

സാമൂഹ്യപാഠം, ചരിത്രം, ഭൂമിശാസ്ത്രം,
എല്ലാം മറന്നുള്ള നിര്‍മ്മമത്വം
ഇപ്പോള്‍ പിറന്നു പെറ്റമ്മയെ നോക്കുന്ന
കുഞ്ഞിനെപ്പോലുള്ള നിര്‍മ്മലത്വം!

എങ്കിലും മനസ്സിന്റെ കൈവെള്ളയില്‍
ഒരു നോവിന്റെ ചൂരല്‍വടി മിന്നിയോ?

Friday 11 October 2013

ടവറിലെ പക്ഷികള്‍

ഒടുവിലെക്കാട്ടിലെ
ഒടുവിലെ മരത്തിലെ
ഒടുവിലെക്കൊമ്പിലെ
ഒടുവിലെച്ചില്ലയില്‍
ഒടുവിലെ കരിയിലത്തണലില്‍ നിന്നും
പേടിച്ചരണ്ടു പറന്നുപോയ് പക്ഷികള്‍.

പ്രാവുകള്‍
കുയിലുകള്‍
തത്തകള്‍
കാക്കകള്‍
കോഴികള്‍
പുള്ളുകള്‍
ചെമ്പോത്ത്
ഒടുവിലെല്ലാം ജയിച്ചെന്ന് ചിരിച്ച പ്രാപ്പിടിയന്‍.

കാടുകള്‍ തേടിപ്പറന്നു നടന്നു
നാടുകള്‍ തോറും നടന്നു
ഒടുവിലെക്കരിയില മണ്ണില്‍ വീണപ്പോള്‍
ഒടുവിലെത്തൂവല്‍ കൊഴിച്ച്
പ്രാണന്‍ അതീന്ദ്രിയാത്മ
സ്പന്ദങ്ങളാക്കിപ്പറന്നുപോയ്‌ പക്ഷികള്‍.

ഒക്കെയുണങ്ങിയൊടുങ്ങി, വെണ്ണീറായ
ഭൂമിയില്‍ മെല്ലെക്കുരുത്തു, തെഴുത്ത്
ശിഖരങ്ങള്‍ നീര്‍ത്തി, പ്പടര്‍ന്നു കേറുന്ന
കോണ്‍ക്രീറ്റ് കാടിന്റെ നിത്യവസന്തം.
ടവര്‍ച്ചില്ല തോറും തുടുക്കുന്ന
അഗ്നിപുഷ്പങ്ങള്‍.


തിരികെപ്പറന്നു വരുന്നുണ്ട് പക്ഷികള്‍
അതീന്ദ്രിയപ്പക്ഷികള്‍
പ്രണയം കുറുകുന്ന പ്രാവിന്റെ മൊഴികളില്‍
മധുരമായ്‌ നീളുന്ന കുയില്‍ വിളിയില്‍
പച്ചപ്പനന്തത്തക്കൊഞ്ചലില്‍
കാക്കയുടെ കൌശലക്കാറലില്‍
കാലന്‍ കോഴിയുടെ കൂവലില്‍
പുള്ളിന്റെ പേച്ചില്‍
ചെമ്പോത്തു മൂളലില്‍
ഒടുവിലെല്ലാം ജയിക്കുന്ന പ്രാപ്പിടിയന്‍ ചിരിയില്‍.

പ്രാണന്‍ അതീന്ദ്രിയ സ്പന്ദങ്ങളാക്കി-
പ്പറത്തുന്ന ഫോണ്‍പേശുപക്ഷികള്‍.

മനുഷ്യരെപ്പറ്റി പറയുമ്പോള്‍

ഒരു കുട്ടി അച്ഛന്റെ കൈയില്‍ പിടിച്ചു
നടക്കുകയായിരുന്നു
പുഴയോരത്ത്,
വയല്‍ വരമ്പില്‍,
കടലോരത്തിന്റെ കാണാക്കരക്കാഴ്ചയില്‍,
മൃഗശാലയില്‍....

അക്ഷരം പഠിക്കാത്ത മീനുകളെ,
യൂണിഫോമില്ലാത്ത പൂച്ചയെ, പാമ്പിനെ,
അച്ചടക്കത്തിന്റെ പഞ്ജരമില്ലാതെ
പാറും വയല്‍ക്കിളികളെ,
കമ്പ്യൂട്ടര്‍ കാണാ മരങ്ങളെ
കണ്ടു നടക്കവേ
അച്ഛന്‍ കുട്ടിയോടിങ്ങനെ പറഞ്ഞു...
പാവമീ കിളികള്‍, മൃഗങ്ങള്‍,
വികസിച്ചതില്ലവയിലൊന്നിലും
മസ്തിഷ്കവും ബുദ്ധിയും ജ്ഞാനവും.
അറിവില്ല, കംപൊരുളില്ല
സംസ്കാരമില്ല, വിവേകമില്ല.
ഭൂവില്‍ മനുഷ്യര്‍ ഭാഗ്യവാന്‍മാര്‍
തത്വങ്ങള്‍ നിര്‍മ്മിച്ചവര്‍,
ശാസ്ത്രങ്ങളറിയുന്നവര്‍.
ജന്മങ്ങളില്‍ പുണ്യം മര്‍ത്യ ജന്മം
ദൈവത്തിന്‍ പാവന കര്‍മ്മം.

ഒരു കിളിക്കുഞ്ഞു തന്നച്ഛനോടൊപ്പം
പറക്കുകയായിരുന്നു.
വിഹഗ വീക്ഷണത്തില്‍ തെളിയുന്നു താഴെ
പലതരം വീടുകള്‍,
തെരുവോരത്തില്‍ ഒരു പെണ്ണിന്റെ
നിണമാര്‍ന്ന നഗ്ന മൃതദേഹം,
പ്രളയത്തില്‍ കുത്തിയൊലിച്ച ഗ്രാമങ്ങള്‍,
മരുഭൂമിയാകുന്ന കാടുകള്‍,
മലിനമാകുന്ന പുഴകള്‍, പുരയിടങ്ങള്‍.

ഒക്കെയും കണ്ടു പറക്കവേ
അച്ഛന്‍ കിളി കുഞ്ഞിനോടിങ്ങനെ പറഞ്ഞു
ഭൂമിയില്‍ തന്റെ സ്വന്തം കൂടിനിയും
പണിയുവാനറിയാതൊരേ ജീവി -മനുഷ്യന്‍
പല കാലം, പല ദേശം, പല വര്‍ഗ്ഗം -
ഭവനങ്ങളും പലതരം
പണിതതു വീണ്ടും പൊളിച്ചു പണിയുന്നു
പുത്തനെടുപ്പുകളേറ്റി വികലമാക്കുന്നു
കേവലമൊരുവനു പാര്‍ക്കുവാന്‍ പോലും
മഹാമന്ദിരം പണിയുന്നു, അവ പിന്നെ
പ്രേതഭവനങ്ങളാകുന്നു.
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചു
മോടി കൂട്ടുന്നു, ഈര്‍ഷ്യ കൂട്ടുന്നു.
ഒടുവിലൊരു ഭൂകമ്പത്തില്‍, ഒരു മഹാമാരിയില്‍
ഒക്കെ തകര്‍ന്നടിയുന്നു.

ഒരു കിളി ഒരു മൃഗത്തോട് പറഞ്ഞു
ഭൂമിയില്‍ സ്വന്തം ഭക്ഷണം എന്തെന്ന്
ഇനിയും തിരിച്ചറിയാതൊരേ ജീവി- മനുഷ്യന്‍
പല കാലം പല ദേശം പല വര്‍ഗ്ഗം-
ഭക്ഷണങ്ങളും പലതരം
ഭക്ഷണം പരീക്ഷണമാക്കുന്നു
വയററിയാതെ ഭക്ഷിക്കുന്നു.
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചു
രുചി കൂട്ടുന്നു, ഈര്‍ഷ്യ കൂട്ടുന്നു.
ഒടുവില്‍ അജീര്‍ണ്ണത്തില്‍ അകാലമൃത്യു.

ഒരു മൃഗം തന്റെ ഇണയോട് പറഞ്ഞു
ഭൂമിയില്‍ ഇതുവരെ സ്വച്ഛന്ദമായ്
ഇണ ചേരുവാനറിയാതൊരേ ജീവി- മനുഷ്യന്‍
പലര്‍ ചേര്‍ന്നൊരിണയെ കീറിമുറിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോടിണ ചേര്‍ന്നു ചുട്ടുകൊല്ലുന്നു
ഒരേയൊരിണയെന്ന വ്യാകുലതയില്‍
സദാചാര നാട്യം നടത്തുന്നു,
സ്വന്തം ഭാഷയില്‍, സംസ്കാരത്തില്‍
വ്യഭിചാരമെന്നൊരു വാക്കൊളിപ്പിക്കുന്നു.

എല്ലാ ജീവികളും പരസ്പരം പറഞ്ഞു
ഭൂമിയില്‍ സൃഷ്ടികര്‍ത്താവിനെ ഇതുവരെ
തിരിച്ചറിയാതൊരേ ജീവി- മനുഷ്യന്‍.
ഈ പ്രപഞ്ചം എത്ര സരളമെന്നറിയാതെ,
സൌമ്യവും സുന്ദരവുമെന്നറിയാതെ
വെറുതെ തല പുകയ്ക്കുന്നു,
ദൈവമെന്നാല്‍ നിര്‍മ്മലത്വമെന്നറിയാതെ
തര്‍ക്കിച്ചു മേനി നടിക്കുന്നു,
സങ്കീര്‍ണ്ണതകളുടെ ഊരാക്കുടുക്കില്‍
തലയിട്ടു ജന്മം തുലയ്ക്കുന്നു.

അപ്പോഴും കുട്ടി അച്ഛന്റെ കൈയില്‍
പിടിച്ചു നടക്കുകയായിരുന്നു
കുട്ടിയോടച്ഛന്‍ പറഞ്ഞുകൊണ്ടേയിരുന്നു...
ജന്മങ്ങളില്‍ പുണ്യം മര്‍ത്യ ജന്മം
ദൈവത്തിന്‍ പാവന കര്‍മ്മം.

രാമന്‍ സീതയ്കാരാണ്?

അവസാന വരിയും
      വായിച്ചു രാമായണം
മടക്കി കണ്ണില്‍ തൊട്ടു
      വന്ദിച്ച് എഴുന്നേറ്റു
ചോദിക്കുന്നുണ്ണി "രാമന്‍
      സീതയ്കാരായിരുന്നൂ?”

രാജാവായിരുന്നെന്ന് പറയുന്നമ്മ, രാജ്യ
ഭാരത്താല്‍ വലഞ്ഞൊരു പാവം മഹാരാജാവ്
അച്ഛനായിരുന്നെന്നു പറയുന്നച്ഛന്‍, കഷ്ട
സരയുവില്‍ മുങ്ങിയ ഭര്‍ത്താവാണെന്ന് ചേച്ചി.

തെക്കേ മുറിയില്‍ തടിക്കട്ടിലില്‍ മാനം നോക്കി
കിടക്കും മുത്തശ്ശന്റെ കണ്ണിലോ പലവട്ടം
കര്‍ക്കടകം പെയ്ത രാമായണ മഴയില്‍
നനഞ്ഞു നിറം പോയ പഴയ ചോദ്യമിത്.
(എങ്കിലും തെക്കേമുറ്റത്തരുകില്‍ അസ്ഥിത്തറ-
മുകളില്‍ തുളസിയില്‍ സന്ധ്യയ്ക്ക് പടിഞ്ഞാറന്‍
കാറ്റ് വീശുമ്പോളേതോ പഴയ ചിരിയുടെ
ത്രയ്യംബക ഞാണൊലി സ്വയംവര സംഗീതം!)

അകത്ത് സ്റ്റഡി റൂമില്‍ വളര്‍ന്നു നില്‍ക്കുമിന്റര്‍-
നെറ്റിലെ ചാറ്റ് റൂമിന്റെ ദണ്ഡകാരണ്യം തോറും
സ്വര്‍ണ്ണമാനിനെ ചുറ്റിത്തിരിയും കൊച്ചുമോള്‍ക്ക്
ചിരി പൊട്ടുന്നുണ്ടുള്ളില്‍ -"പഴയ രാമായണ-
പ്പഞ്ചവടിയില്‍ നിറമധുവിധു കാലത്ത്
ലക്ഷ്മണ രേഖ വിട്ടു പുഷ്പക വിമാനത്തില്‍
രാവണന്നൊപ്പം ലിവിംഗ് ടുഗദറിന്നു പോയ
സീത റാമിന് ബെസ്റ്റു ഫ്രെണ്ടേയല്ലായിരുന്നു.”

അകത്തെ മുറിയിലെ അരണ്ട വെളിച്ചത്തില്‍
പൊടിമൂടിയ നിലക്കണ്ണാടിക്കോണില്‍ തന്റെ
പൊട്ടിയ പ്രതിബിംബം ഇമവെട്ടാതെ നോക്കി
നരച്ച മുഖവുമായി നില്‍ക്കുമമ്മിണിയ്ക്കുള്ളില്‍
മുള പൊട്ടുന്നു കടം കഥ പോല്‍ ചോദ്യം "രാമന്‍
ആരുമാകട്ടെ പക്ഷേ രാവണന്‍ സീതയ്ക്കാര്?”

അവസാന വരിയും
      വായിച്ചു നിശ്വസിച്ചു
ജീവിത രാമായണം
      മടക്കി കണ്ണില്‍ തൊട്ടു
വന്ദിച്ച് പോയ്പോകുമ്പോള്‍
      വായിപ്പോരെല്ലാവരും
അന്തം വിടുന്നൂ പോലും
      'രാമന്‍ സീതയ്ക്കാരാണ്?'

Friday 6 September 2013

കടുകുമണികള്‍

(കിസ ഗൌതമിയുടെ കഥ)

ഒടുവില്‍ കൈയിലൊരു
            പിടിക്കടുകുമായി
അവള്‍ നില്‍ക്കുന്നൂ മുന്നില്‍
            സന്ദിഗ്ദ്ധന്‍ തഥാഗതന്‍.

പറയുന്നവള്‍- എല്ലാ നാടുകള്‍, വീടുകളും
കാലങ്ങള്‍ തോറും തെണ്ടി കടുകുമണിക്കായി.
ഒടുവില്‍ ഞാന്‍ ചെന്നതൊരമ്മ തനിച്ചു പാര്‍ക്കും
വീട്ടിലാ, ണന്തിത്തിരി കത്തുന്ന സായംകാലം.

പറയുന്നമ്മ ലൌകികാചാര വിരക്തിയില്‍
മരണമെന്തെന്നറിഞ്ഞില്ല ഞാനിതേവരെ
മതി മറയും സുഖ പരിത്യാഗഭാവത്തില്‍
മരണമുണ്ടായില്ലെന്‍ കണ്മുന്നിലിതേവരെ

എത്രയോ മക്കള്‍, കൊച്ചു മക്കളും പിച്ച വെച്ചു
നടന്ന മുറ്റമിത്, പലവഴിയേ പിരിഞ്ഞ-
കന്നു പോയ്പോയവര്‍ പരിതോഷമാം ഗംഗ
കടന്നു നടന്നോരോ ദേശങ്ങളില്‍ പോയവര്‍

ഈ തറവാട് -ഇതിലൊറ്റയ്ക്ക് ഞാനും ഒരു
നാളമിളകാതുള്ള ദീപം പോലെന്റെ ജന്മം.
ധാരയായ്‌ *സ്നേഹം പകര്‍ന്നെരിയാതെ നില്‍ക്കുമ്പോള്‍
ജീവിതം ദീപ്തം, ഓരോ നിമിഷസ്പന്ദം തോറും.

മൃത്യുവിലടങ്ങുന്നില്ലൊന്നുമേ ദൂരങ്ങളില്‍
എത്രയും പ്രിയമുള്ളോരിരിപ്പൂ അറിയുന്നി-
ല്ലവരില്‍ ജീവിക്കുമെന്‍ ജന്മമാം മഹാപുണ്യം
ചുറ്റുമീ ചരാചരമവരെപ്പോലെ തന്നെ.

ഈ തരുലതകളില്‍ എന്മക്കള്‍ ജീവിക്കുന്നു
പൂക്കള്‍, പൂമ്പാറ്റകളായ്‌ എനിക്കീ കുഞ്ഞുമക്കള്‍
അവതന്‍ നൈരന്തര്യം എന്മുന്നില്‍ തുടരുന്നു
അവിരാമമാം ജന്മം കണ്മുന്നില്‍ പുലരുന്നു.

വര്‍ഷവും, വേനല്‍, മഞ്ഞുകാലവും പൂക്കാലവും
മുടങ്ങാതോരോ വട്ടം വന്നുപോകുന്നു മുന്നില്‍
വിഷു,വോണവു, മാഘോഷങ്ങളാം പിറന്നാളി-
ന്നൊത്തുചേരലു, മനിവാര്യമാം വേര്‍പെടലും

പതിവു തെറ്റിക്കാതെ വന്നുപോകുന്നെന്നാലും
ഒരു പൂവൊറ്റക്കൊരു കാടിന് വസന്തമാ-
കുന്നതു പോലെ ജന്മം പുഷ്പിച്ചു പൊന്നാകുന്നു,
കാടിന്റെ ധ്യാനാകാശം പൂവായ ബോധാനന്ദം !

അകലെയിരിപ്പോരും മണ്മറഞ്ഞോരുമൊരേ
നിസ്സംഗ നിര്‍വൃതിയാണെനിക്ക്, അതിനാലേ
ജനിയില്‍ നിന്നും വേറിട്ടറിയുന്നില്ല മൃത്യു,
ജനിമൃതിദൂരങ്ങള്‍ക്കെന്നില്‍ ഭേദവുമില്ല.

വേര്‍പെടല്‍ വേറിട്ടറിഞ്ഞില്ല ഞാനിതേവരെ
വേര്‍പെടല്‍ നോവാകാമെന്നോര്‍ത്തുമി,ല്ലതിനാലെ
മനസ്സില്‍ മരണത്തെയറിഞ്ഞില്ലിതേ വരെ
ഇവിടെ നിന്നും കടുകെടുത്തു പൊയ്ക്കൊള്‍ക നീ.

ഒടുവില്‍ കൈയിലൊരു
            പിടിക്കടുകുമായി
അവള്‍ നില്‍ക്കുന്നൂ മുന്നില്‍
            പുഞ്ചിരിക്കുന്നൂ ബുദ്ധന്‍.



*സ്നേഹം- എണ്ണ എന്നുമുള്ള അര്‍ത്ഥത്തില്‍

ബാബേലില്‍ ദൈവം

ബാബേല്‍ ഗോപുരത്തിന്‍ കീഴിലെ
ശ്വാസം കനച്ച ദുര്‍ഗന്ധ മന്ദിര
വാതിലില്‍ നില്‍ക്കുന്നു ദൈവം
വികല മീനാരത്തിന്‍ മേലാപ്പില്‍ നോക്കി
ചിന്തിച്ചു നില്‍ക്കുന്നു ദൈവം.

എവിടെ പണ്ടെന്റെ സ്വര്‍ഗത്തിലേക്ക്
മാളിക പണിതുയര്‍ന്ന മനുഷ്യര്‍?
ഒന്നായ ഭാഷ
ഒന്നായ മനസ്സുകള്‍
ഒന്നായ സുഭഗ ജീവിത തൃഷ്ണ
ഒന്നിച്ചു സ്വര്‍ഗത്തിലേയ്ക്കൊരേ സ്വപ്നവും
ലക്ഷ്യവുമായി ഷിനാറില്‍
എന്റെയാകാശ സാമ്രാജ്യത്തിലേക്കെയ്തോ-
രമ്പുപോല്‍ വന്ന ബാബേല്‍ ഗോപുരം.

അതുകണ്ടു തന്റെ മനസ്സിലന്നു
അസൂയയുടെ സാത്താനുണര്‍ന്നതും,
ഏക മനസ്സും ഏകാഗ്ര ജാഗ്രതാ
കര്‍മ്മവുമായുയരങ്ങള്‍ ജയിച്ച മനുഷ്യരുടെ
ഭാഷകള്‍ വിവിധമാക്കി,
ഭാവങ്ങള്‍ വിരുദ്ധമാക്കി,
അറിവിന്റെ ആമോദം വിവശമാക്കി
അതിജീവനത്തിന്റെയപ്പം വിഷമാക്കി
പല ദിക്കിലേക്ക് പലായനം ചെയ്യിച്ചതും
അവിടെയവര്‍ പലരായി പലതായി
തമ്മില്‍ തിരിച്ചറിയാതെ ഭ്രാന്തമാം
ഉന്മാദ ഗര്‍വ്വുകളുടെ
ചൂണ്ടയില്‍ തമ്മില്‍ കൊരുത്തതും
നിയതിയുടെ പൊള്ളുന്ന
ചൂളയില്‍ പരസ്പരം വീണു പൊള്ളിച്ചതും
ഓര്‍ത്തു നില്‍ക്കുന്നു ദൈവം
ഓര്‍മ്മകള്‍ തുരുമ്പിച്ച ദൈവം.

തന്നെത്തിരിഞ്ഞു കുത്തുന്ന
സ്വന്തം മനസ്സാക്ഷി മുനകള്‍
ശരശയ്യ തീര്‍ത്തു നിവരുമ്പോള്‍,
പശ്ചാത്താപച്ചുഴലിക്കണ്ണില്‍
പ്രായശ്ചിത്തമായ്‌ പൊന്തുന്നു
ശാന്തമായ് ഒരു മുക്തിമാര്‍ഗ്ഗം...

ഭൂമിയില്‍ ജീവന്റെ തളിരായ്‌
പിറന്നു വീഴുന്ന മനുഷ്യ ശിശുക്കളില്‍
തന്റെ നൂതന ധര്‍മ്മം നിറവേറ്റി
ചരിതാര്‍ത്ഥനാകുന്നു ദൈവം
ചരിത്രം ചെടിച്ച ദൈവം.

ഇനി-
ഭൂവില്‍ മനുഷ്യനില്‍ വിദ്വേഷവിവേകം
പിറവിയിലേ മാഞ്ഞുപോകട്ടെ,
അറിവിന്റെ അതിരുകള്‍ ഇല്ലാതെയാകുവാന്‍
അറിവു വെളിവാകാതിരിക്കട്ടെ,
അറിവിന്നഹങ്കാരം തീണ്ടാതിരിക്കുവാന്‍
അഹം വെളിവാകാതിരിക്കട്ടെ,
ഭാഷയുടെ അതിരുകള്‍ ഇല്ലാതെയാകുവാന്‍
ഭാഷകള്‍ പറയാതെ ജീവിച്ചിടട്ടെ,
ജനിയില്‍ തുടങ്ങുന്ന നിഷ്കല്‍മഷത്വം
മൃതി വരെ കൊണ്ടുപോകട്ടെ,
എല്ലാ മുഖങ്ങളും ജനനത്തിലേ പൂര്‍ണ്ണ
ജ്ഞാനത്തിന്‍ നിസ്സംഗ ഭാവത്തിലാകട്ടെ,
അവയെല്ലാം ഒരുപോലെയാകട്ടെ,
അങ്ങനെ മനുഷ്യര്‍ ഒന്നാകട്ടെ...

തന്റെ നവ സങ്കല്‍പ്പ ലോകത്തിലെ
ഒന്നേ മനസ്സുള്ള മര്‍ത്യകുലമെന്ന
ഭാവനാലീലയില്‍ മുഴുകി മുഗ്ദ്ധനായി
ബാബേലിന്‍ വികലമാം ഗോപുരത്തില്‍
നോക്കിച്ചിരിക്കുന്നു ദൈവം
നോവിനെക്കുത്തുന്ന ദൈവം.


(പുതിയ തലമുറയിലെ കുട്ടികളില്‍ ഓട്ടിസവും മംഗോളിസവും വര്‍ദ്ധിച്ചു വരുന്നു എന്ന് ചില ലേഖനങ്ങളില്‍ പറയുന്നു. ഓട്ടിസം സാമൂഹ്യ ഇടപെടലുകളും ആശയ വിനിമയവും തകരാറിലായ, ചിന്തയും വികാരങ്ങളും ഇല്ലാത്ത ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുന്നു. മംഗോളിസം (Downs Syndrome) ബാധിച്ച കുട്ടികളും വികലമായ മനസ്സോടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു.
അവര്‍ വര്‍ഗ്ഗ വ്യത്യാസത്തിന് അതീതമായി ഒരേ മുഖച്ഛായ പ്രകടമാക്കുന്നു. )

Saturday 22 June 2013

പ്രണയമെന്നാല്‍

മഴയാണു പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലുന്മാദമായ്‌ പെയ്തു വീഴും
കുടകിലെ മഴ പോലെ കാടിന്റെ ഹരിതമാം
കടലില്‍ സുതാര്യ, ശീതോദക മുത്തുകള്‍.
നമ്മുടെ മധുവിധു മഴയില്‍ നനഞ്ഞതും
ഉടലുകള്‍ക്കിടയില്‍ നീര്‍ത്തുള്ളിയുതിരവേ
പ്രണയമായ്‌ രാവു പതഞ്ഞതും, തോരാത്ത
മഴയില്‍ നാം വീണു കുതിര്‍ന്നതും ഓര്‍ക്കുന്നുവോ?


മഞ്ഞാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലാനന്ദമായ്‌ പെയ്തു നിറയും
മൂന്നാറിലെ മഞ്ഞുപോലെ സായന്തനം
സ്വര്‍ണ്ണമുരുക്കുന്ന ശാദ്വലത താഴ്വര തോറും.
നമ്മുടെ സ്വപ്‌നങ്ങള്‍ മഞ്ഞായ്‌ പതഞ്ഞതും
ഹൃദയങ്ങള്‍ക്കിടയിലാ മഞ്ഞിന്റെ തൂവല്‍
സ്പര്‍ശന ലഹരിയൊരു ലയമായി നിറയവേ
മഞ്ഞുമാത്രം ഉടല്‍ വടിവുകള്‍ പകുത്തതും ഓര്‍ക്കുന്നുവോ?


മദമാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലാഘോഷമായ്‌ ഓളമിട്ടന്നു
കുട്ടനാട്ടില്‍, പുതു കര്‍ക്കടക മഴപെയ്തു
നിറയുന്ന കായലില്‍, വഞ്ചിയില്‍, ഒരു കുട-
ക്കീഴിലൊന്നിച്ചൊരു കാറ്റിന്റെയാരവ
ത്തിരകളില്‍ തെന്നിത്തെറിച്ചു പോയ് നമ്മളൊരു
പച്ചത്തുരുത്തിലടിയവേ ഹര്‍ഷമായ്‌
ഉടലുകള്‍ ചുഴി പൂണ്ട പ്രളയമായ്‌ പ്രണയമെന്നോര്‍ക്കുന്നുവോ?


മലരാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് പൂത്തു കുലകളായ് കുട വിരിച്ചും, വീണു
നമ്മുടെ പദപാതനങ്ങള്‍ക്ക് വാസന്ത
വര്‍ണ്ണം പകര്‍ന്നിരുന്നു, പിന്നെ നമ്മുടെ
നന്ദന വാടിയില്‍ ശലഭങ്ങളായ് ചിറ-
കേറി പറന്നന്നു നമ്മുടെ കുസൃതിക്കുരുന്നുകള്‍
മലരായി, മലരിലെ മധുവായി, മണമായ്
നിരന്നതാം ജീവിത പ്രണയ ഋതുഭംഗിയോര്‍ക്കുന്നുവോ?

മറവിയാം പ്രിയതേ, പ്രണയമെന്നാല്‍
ആസ്പത്രി മുറിയില്‍, സ്വര്‍ഗത്തിലേക്കുള്ള
വിണ്‍ പാതയില്‍ തൊട്ടു തഴുകിപ്പറന്നുപോം
വെണ്‍മേഘ ശകലങ്ങള്‍ പോലെ വെളുപ്പിട്ട
ഡോക്ടറും നേഴ്സും, വെള്ളവിരി മെത്തയും.
ധമനിയിലിറ്റു വീഴുന്നു മരിക്കാതിരിക്കാന്‍
മറക്കുവാനുള്ളോരു ദിവ്യൗഷധം
ഡെറ്റോള്‍ മണക്കുന്ന മറവിയാം പ്രണയമെന്നോര്‍ത്തുവോ?


മരണമാം പ്രിയതേ, പ്രണയമെന്നാല്‍
നമ്മള്‍ പിറന്ന മഹാമൌനത്തിലെയ്ക്ക്
നമ്മള്‍ തിരിച്ചു പോകുന്നു, അല്പമാം
ഇടവേളയില്‍ നമ്മള്‍ കളിയായ്‌, ചിരിയായി,
കരച്ചിലായ്‌, കാത്തിരിപ്പായുമാഘോഷിച്ച
ജീവിത സൌഭാഗ്യ സപ്തവര്‍ണ്ണ പ്രഭ
മണ്ണി,ലുടലാം മറവിയുടെ വിത്തുകള്‍ ബാക്കിയാക്കി
എതിര്‍ കാറ്റില്‍ പോയി മറയുന്നു - ഓര്‍ക്കുക


എവിടെയും നീയെന്റെ ഓര്‍മ്മയായ്‌ ഓടിവ-
ന്നരികത്തിരുന്നാല്‍, അരികിലാണെന്നുള്ള
അറിവായിരുന്നാല്‍, ആ സ്നേഹമറിയുന്ന
മനമാണ് പ്രിയതേ, പ്രണയമെന്നാല്‍.