Saturday 22 June 2013

പ്രണയമെന്നാല്‍

മഴയാണു പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലുന്മാദമായ്‌ പെയ്തു വീഴും
കുടകിലെ മഴ പോലെ കാടിന്റെ ഹരിതമാം
കടലില്‍ സുതാര്യ, ശീതോദക മുത്തുകള്‍.
നമ്മുടെ മധുവിധു മഴയില്‍ നനഞ്ഞതും
ഉടലുകള്‍ക്കിടയില്‍ നീര്‍ത്തുള്ളിയുതിരവേ
പ്രണയമായ്‌ രാവു പതഞ്ഞതും, തോരാത്ത
മഴയില്‍ നാം വീണു കുതിര്‍ന്നതും ഓര്‍ക്കുന്നുവോ?


മഞ്ഞാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലാനന്ദമായ്‌ പെയ്തു നിറയും
മൂന്നാറിലെ മഞ്ഞുപോലെ സായന്തനം
സ്വര്‍ണ്ണമുരുക്കുന്ന ശാദ്വലത താഴ്വര തോറും.
നമ്മുടെ സ്വപ്‌നങ്ങള്‍ മഞ്ഞായ്‌ പതഞ്ഞതും
ഹൃദയങ്ങള്‍ക്കിടയിലാ മഞ്ഞിന്റെ തൂവല്‍
സ്പര്‍ശന ലഹരിയൊരു ലയമായി നിറയവേ
മഞ്ഞുമാത്രം ഉടല്‍ വടിവുകള്‍ പകുത്തതും ഓര്‍ക്കുന്നുവോ?


മദമാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലാഘോഷമായ്‌ ഓളമിട്ടന്നു
കുട്ടനാട്ടില്‍, പുതു കര്‍ക്കടക മഴപെയ്തു
നിറയുന്ന കായലില്‍, വഞ്ചിയില്‍, ഒരു കുട-
ക്കീഴിലൊന്നിച്ചൊരു കാറ്റിന്റെയാരവ
ത്തിരകളില്‍ തെന്നിത്തെറിച്ചു പോയ് നമ്മളൊരു
പച്ചത്തുരുത്തിലടിയവേ ഹര്‍ഷമായ്‌
ഉടലുകള്‍ ചുഴി പൂണ്ട പ്രളയമായ്‌ പ്രണയമെന്നോര്‍ക്കുന്നുവോ?


മലരാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് പൂത്തു കുലകളായ് കുട വിരിച്ചും, വീണു
നമ്മുടെ പദപാതനങ്ങള്‍ക്ക് വാസന്ത
വര്‍ണ്ണം പകര്‍ന്നിരുന്നു, പിന്നെ നമ്മുടെ
നന്ദന വാടിയില്‍ ശലഭങ്ങളായ് ചിറ-
കേറി പറന്നന്നു നമ്മുടെ കുസൃതിക്കുരുന്നുകള്‍
മലരായി, മലരിലെ മധുവായി, മണമായ്
നിരന്നതാം ജീവിത പ്രണയ ഋതുഭംഗിയോര്‍ക്കുന്നുവോ?

മറവിയാം പ്രിയതേ, പ്രണയമെന്നാല്‍
ആസ്പത്രി മുറിയില്‍, സ്വര്‍ഗത്തിലേക്കുള്ള
വിണ്‍ പാതയില്‍ തൊട്ടു തഴുകിപ്പറന്നുപോം
വെണ്‍മേഘ ശകലങ്ങള്‍ പോലെ വെളുപ്പിട്ട
ഡോക്ടറും നേഴ്സും, വെള്ളവിരി മെത്തയും.
ധമനിയിലിറ്റു വീഴുന്നു മരിക്കാതിരിക്കാന്‍
മറക്കുവാനുള്ളോരു ദിവ്യൗഷധം
ഡെറ്റോള്‍ മണക്കുന്ന മറവിയാം പ്രണയമെന്നോര്‍ത്തുവോ?


മരണമാം പ്രിയതേ, പ്രണയമെന്നാല്‍
നമ്മള്‍ പിറന്ന മഹാമൌനത്തിലെയ്ക്ക്
നമ്മള്‍ തിരിച്ചു പോകുന്നു, അല്പമാം
ഇടവേളയില്‍ നമ്മള്‍ കളിയായ്‌, ചിരിയായി,
കരച്ചിലായ്‌, കാത്തിരിപ്പായുമാഘോഷിച്ച
ജീവിത സൌഭാഗ്യ സപ്തവര്‍ണ്ണ പ്രഭ
മണ്ണി,ലുടലാം മറവിയുടെ വിത്തുകള്‍ ബാക്കിയാക്കി
എതിര്‍ കാറ്റില്‍ പോയി മറയുന്നു - ഓര്‍ക്കുക


എവിടെയും നീയെന്റെ ഓര്‍മ്മയായ്‌ ഓടിവ-
ന്നരികത്തിരുന്നാല്‍, അരികിലാണെന്നുള്ള
അറിവായിരുന്നാല്‍, ആ സ്നേഹമറിയുന്ന
മനമാണ് പ്രിയതേ, പ്രണയമെന്നാല്‍.

നളിനീദലഗതജലം


പൊയ്കയില്‍ താമരപ്പൂവിനെത്തൊട്ടു നിന്ന
ഇലയിലൊരു നീര്‍ത്തുള്ളി വീണു.
പച്ചപ്പരപ്പില്‍ തുള്ളിത്തുടിക്കവേ
മരതക മണിപോലവള്‍ തിളങ്ങി.

അരികിലെ താമരപ്പൂവിന്റെ പാടല
വര്‍ണ്ണം തന്നില്‍ ലയിപ്പിച്ചു നില്‍ക്കവേ
പവിഴമണിയായി- പിന്നെ
വെയില്‍പ്പോളക്കുമ്പിളില്‍ വജ്രം,
ആകാശ നീലത്തിലിന്ദ്രനീലം,
പോക്കുവെയിലില്‍ പുഷ്യരാഗം,
അസ്തമയ സൂര്യന്റെ രാഗാംശുവേല്‍ക്കെ
ഗോമേദകം,
രാവില്‍ പനിമതിയുടെ തൂവല്‍ത്തലോടലില്‍
വൈഡൂര്യം.

നളിനീദലത്തിലെ ലാസ്യനൃത്തം മുറുകവേ
ഇലയൊരു കാറ്റേറ്റുലഞ്ഞിടവേ
ഇളകിത്തെറിച്ചു തകര്‍ന്നു
പൊയ്കയില്‍ പരശതം നീര്‍മണികളില്‍ വീണു
സ്വയമവളില്ലാതെയായി.

മറ്റൊരു കാറ്റില്‍, മറ്റൊരു തിരയിളക്കത്തില്‍
ദലത്തില്‍ തുളുമ്പി വീണിപ്പോഴിതാ
മറ്റൊരു നീര്‍മുത്തിന്നുന്മാദ നര്‍ത്തനാന്ദോളനം
അതിതരളം, അതിശയ ചപലം.

വയലറ്റ് പൂക്കള്‍



വയലിനില്‍ നിന്നും വയലറ്റ് നിറമുള്ള
പൂക്കള്‍ പറന്നു പോകുന്നു
ശലഭങ്ങളാണെന്നു തോന്നി-പക്ഷെ
മണമുള്ള ശ്രുതിമലരുകള്‍.
സ്നേഹമധു തൂവി, നാണിച്ചു മിഴി നനഞ്ഞ്
ഇതളില്‍ സ്നിഗ്ധ വര്‍ണ്ണം നിറച്ച്

സാന്ദ്രസുഗന്ധിയാം സൌമ്യപുഷ്പങ്ങള്‍
ഹൃദയവാനം നിറയ്ക്കുന്നു.
ഇവിടെയീ ഒറ്റമുറി വീട്ടിലിരുന്നു ഞാന്‍
വയലിനില്‍ ശ്രുതി ചേര്‍ക്കവേ
നിനവില്‍ നിലാവിന്‍ വിഷാദം നിറഞ്ഞു
വിധുരയായ്‌ രാവു കേഴുന്നു.
ഹരിതസുതാര്യ മുന്തിരി മണികളില്‍
മധുരനീര്‍ നിറയുന്നതുപോലെ
ശ്രുതിമലരിലോരോന്നിലും പ്രണയാതുരം
വാക്കുകള്‍ വിങ്ങിനില്‍ക്കുന്നു.
പറയാതെ പറയുന്ന വാക്കിന്റെ പൊരുളിലെ
മധുരമാണെന്നുമെന്‍ പ്രണയം
വയലറ്റ് പൂക്കള്‍ വസന്തം വിരിയ്ക്കുന്ന
വയലിനിന്‍ വയല്‍വല്ലി ഞാനും!

നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍



നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍
നീ കടല്‍
നിന്റെ പൊരുളിന്നക്കരെ നോക്കി
നെടുകെ തോണിയിലേറി-
ത്തുഴയുന്നെന്‍ പ്രണയം.

എന്റെ വാക്കിന്‍ തുഴത്തുമ്പില്‍
നിന്റെ ജലപ്പൂങ്കുലച്ചിരി
എന്നെ മെല്ലെ നിന്നിലൂടെ കൊണ്ടുപോകുന്നു.
ആ ചിരിപ്പൂന്തിരയേറി തുഴഞ്ഞുപോകുന്നു ഞാനെ-
ന്നാത്മ ഹര്‍ഷം നുരയും നിന്‍ നതോന്നതയില്‍.
അമ്പരപ്പിന്നഴിമുഖം കടന്ന്
ഉള്‍ത്തുടിപ്പിന്നുള്‍ക്കടലും കടന്ന്
ശാന്ത സാന്ദ്ര സാഗരമായ്‌ നീ പരക്കുന്നു - നിന്റെ
ദൂരമെന്തെന്നറിയാതെ ഞാന്‍ വിയര്‍ക്കുന്നു.

ഖരമായ തോണിയെ
ദ്രാവകമായിപ്പൊതിയുന്നു
ഗാഡനീല ശാന്തതയായ്‌ ഇരമ്പീടുന്നു -നിന്റെ
ആഴമെന്തെന്നറിയാതെ ഞാന്‍ പകയ്ക്കുന്നു.

നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍
നീ കടലല്ല, സമുദ്രം
നിന്റെ പൊരുളിന്‍ നിഗൂഡതയില്‍
കുത്തനെ തോണിമുങ്ങി-
ത്തുടങ്ങുന്നെന്‍ പ്രയാണം.

വരം

പുത്രനു സൌഭാഗ്യത്തിന്‍ വരം ചോദിച്ചൂ അമ്മ
പ്രത്യക്ഷനായി അതു നല്‍കുവാന്‍ ദൈവം മുന്നില്‍.
ചോദിപ്പൂ ദൈവം, നിനക്കേതു പുത്രനേ കാമ്യം?
ധനവാന്‍? ബുദ്ധിമാന്‍? ദീര്‍ഘായുഷ്മാന്‍ ? കീര്‍ത്തിമാനോ ?

പറയുന്നമ്മ, എനിക്കങ്ങു തന്നാലും ചിരം
ഭാഗ്യവാനായ പൊന്നു മകനെ മഹാപ്രഭോ

വരമായ്‌ ലഭിച്ചതു ഭാഗ്യവാനാം പുത്രനെ
ധനവും ദീര്‍ഘായുസ്സും ഭാഗ്യമായ്‌ താനേ വന്നു.
അവനു മുന്നില്‍ വഴിയകന്നൂ ആപത്തുകള്‍,
ഭാഗ്യമായ്‌ വന്നു കീര്‍ത്തി, ഭാഗ്യമായ്‌ സല്‍ക്കുടുംബം
എങ്കിലും പിടിവിട്ട് ഉഴറുന്നെന്തേ മനം?
കീര്‍ത്തിയില്‍, സമ്പത്തിലും, ഭൌതികാനന്ദത്തിലും
ചരടറ്റുഴറുന്നു പട്ടം പോല്‍ മനം സദാ.

അവനും പ്രാര്‍ഥിക്കുന്നു സല്‍പുത്രനായി, മുന്നില്‍
പ്രത്യക്ഷനായി വരം നല്‍കും ദൈവത്തോടവന്‍
ഇരന്നൂ, ഭാഗ്യവാനല്ലെനിക്ക് മകനായി
മനസ്സില്‍ സദാ തൃപ്തിയുള്ളവനെ നീ തരൂ.