Sunday 29 December 2013

മറവി

സ്കൂളില്‍ ഓര്‍മ്മത്തികവിന്റെ
തെറ്റാത്ത ഉത്തരം ജോണ്‍സാര്‍.

സാമൂഹ്യപാഠം, ചരിത്രം, ഭൂമിശാസ്ത്രം,
ആദിശിലായുഗം, സിന്ധു നദീതടം
ബുദ്ധന്‍, ഗുപ്തന്മാര്‍, മുഗളന്മാര്‍,
അണുവായുധം, ലോകയുദ്ധങ്ങള്‍,
ബ്രിട്ടീഷുഭരണം, ഗാന്ധിയുടെ സമരം,
ആധുനിക ഭാരതം, ആഗോള വിപണി
ഓരോന്നുമോരോരോ വര്‍ഷക്കളങ്ങളില്‍
കരുക്കള്‍ പിഴക്കാതെ മുന്നോട്ടു നീക്കിയ
ഓര്‍മ്മത്തികവിന്റെ
മായാ പ്രതീകം ജോണ്‍സാര്‍.

അക്ബറും ആയില്യം തിരുനാളും
ഭരണപരിഷ്കാരങ്ങള്‍ വച്ചുമാറി
എന്നെയിടയ്ക്കു കളിപ്പിക്കുമ്പോള്‍,
നൈലും തേംസും ആമസോണും
ദേശങ്ങള്‍ മാറിമറിഞ്ഞു മനസ്സില്‍
കൂടിപ്പിണഞ്ഞൊഴുകുമ്പോള്‍,
പാനിപ്പത്ത് യുദ്ധങ്ങള്‍ വര്‍ഷങ്ങള്‍ തെറ്റി
മനസ്സില്‍ ചോരപ്പുഴകളൊഴുക്കുമ്പോള്‍
കൂര്‍ത്ത നഖമുന കൈയിലിറക്കി
ഓര്‍മ്മപ്പെടുത്തലിന്നിഞ്ചക്ഷന്‍ തന്നു
ഓര്‍മ്മത്തികവിന്റെ
ആള്‍രൂപമായ ജോണ്‍സാര്‍.
മറവി പൊറുക്കാതെ
ക്രുദ്ധമായ്‌ ചുളിയുന്ന കൂട്ടുപുരികം,
ദേഷ്യം ചുവക്കും മുഖത്തെ ക്രൂരഭാവം.

സ്കൂള്‍ വിട്ടലഞ്ഞു ഞാനെത്ര കാലം,
എത്ര ദേശം.
താണ്ടി ഞാനെത്ര ചരിത്രങ്ങള്‍,
ഭൂമിശാസ്ത്രങ്ങള്‍.
എവിടെയും ഓര്‍മ്മക്കണക്ക് പിഴക്കുമ്പോള്‍
മനസ്സില്‍ മറക്കാതെ തെളിയും ജോണ്‍സാര്‍.
ഓര്‍മ്മപ്പെടുത്തലിന്നിഞ്ചക്ഷന്‍ പഴയൊരു
നോവായ്‌ത്തുടിക്കുമെന്‍ കൈയില്‍ പിഴക്കാതെ
പിന്നെ-
ക്രുദ്ധമായ്‌ ചുളിയുമൊരു കൂട്ടുപുരികം,
ദേഷ്യം ചുവക്കുന്ന ക്രൂരഭാവം
ഓര്‍മ്മപ്പെടുത്തലി-
ന്നത്ഭുതമൂര്‍ത്തിയായ് ജോണ്‍സാര്‍.

ഓര്‍മ്മയുടെ വഴികള്‍ പിഴച്ചും തുണച്ചും
ജന്മദൂരം പാതിയിലേറെയും താണ്ടി
എത്തി ഞാനെന്‍ പഴയ പട്ടണത്തില്‍
അവിചാരിതം മുന്നിലെത്തുന്നു ജോണ്‍സാര്‍.
കൂട്ടുപുരികം, കുടവയര്‍, കഷണ്ടി ഒക്കെയും
തെറ്റാതെയുണ്ടെങ്കിലും ഇപ്പോഴില്ല
മുഖത്തെയാ ക്രൂരഭാവം
ശിഷ്യനെയെന്നല്ല, അത്താണിയായ് കൂടെ
നില്‍ക്കും സ്വപുത്രനെയും തിരിച്ചറിയാതെ
ഓര്‍മ്മകളെല്ലാം മറഞ്ഞ് മറവിയുടെ-
യതിരറ്റൊരാകാശ സഞ്ചാരിയാകും
വെള്ളപ്പതംഗമായ് ജോണ്‍സാര്‍.

സാമൂഹ്യപാഠം, ചരിത്രം, ഭൂമിശാസ്ത്രം,
എല്ലാം മറന്നുള്ള നിര്‍മ്മമത്വം
ഇപ്പോള്‍ പിറന്നു പെറ്റമ്മയെ നോക്കുന്ന
കുഞ്ഞിനെപ്പോലുള്ള നിര്‍മ്മലത്വം!

എങ്കിലും മനസ്സിന്റെ കൈവെള്ളയില്‍
ഒരു നോവിന്റെ ചൂരല്‍വടി മിന്നിയോ?

No comments:

Post a Comment