Friday 11 October 2013

ടവറിലെ പക്ഷികള്‍

ഒടുവിലെക്കാട്ടിലെ
ഒടുവിലെ മരത്തിലെ
ഒടുവിലെക്കൊമ്പിലെ
ഒടുവിലെച്ചില്ലയില്‍
ഒടുവിലെ കരിയിലത്തണലില്‍ നിന്നും
പേടിച്ചരണ്ടു പറന്നുപോയ് പക്ഷികള്‍.

പ്രാവുകള്‍
കുയിലുകള്‍
തത്തകള്‍
കാക്കകള്‍
കോഴികള്‍
പുള്ളുകള്‍
ചെമ്പോത്ത്
ഒടുവിലെല്ലാം ജയിച്ചെന്ന് ചിരിച്ച പ്രാപ്പിടിയന്‍.

കാടുകള്‍ തേടിപ്പറന്നു നടന്നു
നാടുകള്‍ തോറും നടന്നു
ഒടുവിലെക്കരിയില മണ്ണില്‍ വീണപ്പോള്‍
ഒടുവിലെത്തൂവല്‍ കൊഴിച്ച്
പ്രാണന്‍ അതീന്ദ്രിയാത്മ
സ്പന്ദങ്ങളാക്കിപ്പറന്നുപോയ്‌ പക്ഷികള്‍.

ഒക്കെയുണങ്ങിയൊടുങ്ങി, വെണ്ണീറായ
ഭൂമിയില്‍ മെല്ലെക്കുരുത്തു, തെഴുത്ത്
ശിഖരങ്ങള്‍ നീര്‍ത്തി, പ്പടര്‍ന്നു കേറുന്ന
കോണ്‍ക്രീറ്റ് കാടിന്റെ നിത്യവസന്തം.
ടവര്‍ച്ചില്ല തോറും തുടുക്കുന്ന
അഗ്നിപുഷ്പങ്ങള്‍.


തിരികെപ്പറന്നു വരുന്നുണ്ട് പക്ഷികള്‍
അതീന്ദ്രിയപ്പക്ഷികള്‍
പ്രണയം കുറുകുന്ന പ്രാവിന്റെ മൊഴികളില്‍
മധുരമായ്‌ നീളുന്ന കുയില്‍ വിളിയില്‍
പച്ചപ്പനന്തത്തക്കൊഞ്ചലില്‍
കാക്കയുടെ കൌശലക്കാറലില്‍
കാലന്‍ കോഴിയുടെ കൂവലില്‍
പുള്ളിന്റെ പേച്ചില്‍
ചെമ്പോത്തു മൂളലില്‍
ഒടുവിലെല്ലാം ജയിക്കുന്ന പ്രാപ്പിടിയന്‍ ചിരിയില്‍.

പ്രാണന്‍ അതീന്ദ്രിയ സ്പന്ദങ്ങളാക്കി-
പ്പറത്തുന്ന ഫോണ്‍പേശുപക്ഷികള്‍.

മനുഷ്യരെപ്പറ്റി പറയുമ്പോള്‍

ഒരു കുട്ടി അച്ഛന്റെ കൈയില്‍ പിടിച്ചു
നടക്കുകയായിരുന്നു
പുഴയോരത്ത്,
വയല്‍ വരമ്പില്‍,
കടലോരത്തിന്റെ കാണാക്കരക്കാഴ്ചയില്‍,
മൃഗശാലയില്‍....

അക്ഷരം പഠിക്കാത്ത മീനുകളെ,
യൂണിഫോമില്ലാത്ത പൂച്ചയെ, പാമ്പിനെ,
അച്ചടക്കത്തിന്റെ പഞ്ജരമില്ലാതെ
പാറും വയല്‍ക്കിളികളെ,
കമ്പ്യൂട്ടര്‍ കാണാ മരങ്ങളെ
കണ്ടു നടക്കവേ
അച്ഛന്‍ കുട്ടിയോടിങ്ങനെ പറഞ്ഞു...
പാവമീ കിളികള്‍, മൃഗങ്ങള്‍,
വികസിച്ചതില്ലവയിലൊന്നിലും
മസ്തിഷ്കവും ബുദ്ധിയും ജ്ഞാനവും.
അറിവില്ല, കംപൊരുളില്ല
സംസ്കാരമില്ല, വിവേകമില്ല.
ഭൂവില്‍ മനുഷ്യര്‍ ഭാഗ്യവാന്‍മാര്‍
തത്വങ്ങള്‍ നിര്‍മ്മിച്ചവര്‍,
ശാസ്ത്രങ്ങളറിയുന്നവര്‍.
ജന്മങ്ങളില്‍ പുണ്യം മര്‍ത്യ ജന്മം
ദൈവത്തിന്‍ പാവന കര്‍മ്മം.

ഒരു കിളിക്കുഞ്ഞു തന്നച്ഛനോടൊപ്പം
പറക്കുകയായിരുന്നു.
വിഹഗ വീക്ഷണത്തില്‍ തെളിയുന്നു താഴെ
പലതരം വീടുകള്‍,
തെരുവോരത്തില്‍ ഒരു പെണ്ണിന്റെ
നിണമാര്‍ന്ന നഗ്ന മൃതദേഹം,
പ്രളയത്തില്‍ കുത്തിയൊലിച്ച ഗ്രാമങ്ങള്‍,
മരുഭൂമിയാകുന്ന കാടുകള്‍,
മലിനമാകുന്ന പുഴകള്‍, പുരയിടങ്ങള്‍.

ഒക്കെയും കണ്ടു പറക്കവേ
അച്ഛന്‍ കിളി കുഞ്ഞിനോടിങ്ങനെ പറഞ്ഞു
ഭൂമിയില്‍ തന്റെ സ്വന്തം കൂടിനിയും
പണിയുവാനറിയാതൊരേ ജീവി -മനുഷ്യന്‍
പല കാലം, പല ദേശം, പല വര്‍ഗ്ഗം -
ഭവനങ്ങളും പലതരം
പണിതതു വീണ്ടും പൊളിച്ചു പണിയുന്നു
പുത്തനെടുപ്പുകളേറ്റി വികലമാക്കുന്നു
കേവലമൊരുവനു പാര്‍ക്കുവാന്‍ പോലും
മഹാമന്ദിരം പണിയുന്നു, അവ പിന്നെ
പ്രേതഭവനങ്ങളാകുന്നു.
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചു
മോടി കൂട്ടുന്നു, ഈര്‍ഷ്യ കൂട്ടുന്നു.
ഒടുവിലൊരു ഭൂകമ്പത്തില്‍, ഒരു മഹാമാരിയില്‍
ഒക്കെ തകര്‍ന്നടിയുന്നു.

ഒരു കിളി ഒരു മൃഗത്തോട് പറഞ്ഞു
ഭൂമിയില്‍ സ്വന്തം ഭക്ഷണം എന്തെന്ന്
ഇനിയും തിരിച്ചറിയാതൊരേ ജീവി- മനുഷ്യന്‍
പല കാലം പല ദേശം പല വര്‍ഗ്ഗം-
ഭക്ഷണങ്ങളും പലതരം
ഭക്ഷണം പരീക്ഷണമാക്കുന്നു
വയററിയാതെ ഭക്ഷിക്കുന്നു.
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചു
രുചി കൂട്ടുന്നു, ഈര്‍ഷ്യ കൂട്ടുന്നു.
ഒടുവില്‍ അജീര്‍ണ്ണത്തില്‍ അകാലമൃത്യു.

ഒരു മൃഗം തന്റെ ഇണയോട് പറഞ്ഞു
ഭൂമിയില്‍ ഇതുവരെ സ്വച്ഛന്ദമായ്
ഇണ ചേരുവാനറിയാതൊരേ ജീവി- മനുഷ്യന്‍
പലര്‍ ചേര്‍ന്നൊരിണയെ കീറിമുറിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോടിണ ചേര്‍ന്നു ചുട്ടുകൊല്ലുന്നു
ഒരേയൊരിണയെന്ന വ്യാകുലതയില്‍
സദാചാര നാട്യം നടത്തുന്നു,
സ്വന്തം ഭാഷയില്‍, സംസ്കാരത്തില്‍
വ്യഭിചാരമെന്നൊരു വാക്കൊളിപ്പിക്കുന്നു.

എല്ലാ ജീവികളും പരസ്പരം പറഞ്ഞു
ഭൂമിയില്‍ സൃഷ്ടികര്‍ത്താവിനെ ഇതുവരെ
തിരിച്ചറിയാതൊരേ ജീവി- മനുഷ്യന്‍.
ഈ പ്രപഞ്ചം എത്ര സരളമെന്നറിയാതെ,
സൌമ്യവും സുന്ദരവുമെന്നറിയാതെ
വെറുതെ തല പുകയ്ക്കുന്നു,
ദൈവമെന്നാല്‍ നിര്‍മ്മലത്വമെന്നറിയാതെ
തര്‍ക്കിച്ചു മേനി നടിക്കുന്നു,
സങ്കീര്‍ണ്ണതകളുടെ ഊരാക്കുടുക്കില്‍
തലയിട്ടു ജന്മം തുലയ്ക്കുന്നു.

അപ്പോഴും കുട്ടി അച്ഛന്റെ കൈയില്‍
പിടിച്ചു നടക്കുകയായിരുന്നു
കുട്ടിയോടച്ഛന്‍ പറഞ്ഞുകൊണ്ടേയിരുന്നു...
ജന്മങ്ങളില്‍ പുണ്യം മര്‍ത്യ ജന്മം
ദൈവത്തിന്‍ പാവന കര്‍മ്മം.

രാമന്‍ സീതയ്കാരാണ്?

അവസാന വരിയും
      വായിച്ചു രാമായണം
മടക്കി കണ്ണില്‍ തൊട്ടു
      വന്ദിച്ച് എഴുന്നേറ്റു
ചോദിക്കുന്നുണ്ണി "രാമന്‍
      സീതയ്കാരായിരുന്നൂ?”

രാജാവായിരുന്നെന്ന് പറയുന്നമ്മ, രാജ്യ
ഭാരത്താല്‍ വലഞ്ഞൊരു പാവം മഹാരാജാവ്
അച്ഛനായിരുന്നെന്നു പറയുന്നച്ഛന്‍, കഷ്ട
സരയുവില്‍ മുങ്ങിയ ഭര്‍ത്താവാണെന്ന് ചേച്ചി.

തെക്കേ മുറിയില്‍ തടിക്കട്ടിലില്‍ മാനം നോക്കി
കിടക്കും മുത്തശ്ശന്റെ കണ്ണിലോ പലവട്ടം
കര്‍ക്കടകം പെയ്ത രാമായണ മഴയില്‍
നനഞ്ഞു നിറം പോയ പഴയ ചോദ്യമിത്.
(എങ്കിലും തെക്കേമുറ്റത്തരുകില്‍ അസ്ഥിത്തറ-
മുകളില്‍ തുളസിയില്‍ സന്ധ്യയ്ക്ക് പടിഞ്ഞാറന്‍
കാറ്റ് വീശുമ്പോളേതോ പഴയ ചിരിയുടെ
ത്രയ്യംബക ഞാണൊലി സ്വയംവര സംഗീതം!)

അകത്ത് സ്റ്റഡി റൂമില്‍ വളര്‍ന്നു നില്‍ക്കുമിന്റര്‍-
നെറ്റിലെ ചാറ്റ് റൂമിന്റെ ദണ്ഡകാരണ്യം തോറും
സ്വര്‍ണ്ണമാനിനെ ചുറ്റിത്തിരിയും കൊച്ചുമോള്‍ക്ക്
ചിരി പൊട്ടുന്നുണ്ടുള്ളില്‍ -"പഴയ രാമായണ-
പ്പഞ്ചവടിയില്‍ നിറമധുവിധു കാലത്ത്
ലക്ഷ്മണ രേഖ വിട്ടു പുഷ്പക വിമാനത്തില്‍
രാവണന്നൊപ്പം ലിവിംഗ് ടുഗദറിന്നു പോയ
സീത റാമിന് ബെസ്റ്റു ഫ്രെണ്ടേയല്ലായിരുന്നു.”

അകത്തെ മുറിയിലെ അരണ്ട വെളിച്ചത്തില്‍
പൊടിമൂടിയ നിലക്കണ്ണാടിക്കോണില്‍ തന്റെ
പൊട്ടിയ പ്രതിബിംബം ഇമവെട്ടാതെ നോക്കി
നരച്ച മുഖവുമായി നില്‍ക്കുമമ്മിണിയ്ക്കുള്ളില്‍
മുള പൊട്ടുന്നു കടം കഥ പോല്‍ ചോദ്യം "രാമന്‍
ആരുമാകട്ടെ പക്ഷേ രാവണന്‍ സീതയ്ക്കാര്?”

അവസാന വരിയും
      വായിച്ചു നിശ്വസിച്ചു
ജീവിത രാമായണം
      മടക്കി കണ്ണില്‍ തൊട്ടു
വന്ദിച്ച് പോയ്പോകുമ്പോള്‍
      വായിപ്പോരെല്ലാവരും
അന്തം വിടുന്നൂ പോലും
      'രാമന്‍ സീതയ്ക്കാരാണ്?'