Sunday 29 December 2013

പുതിയ കലണ്ടര്‍

ചുവരിലെയാണിയില്‍ നിസ്സംഗനായി
തൂങ്ങിക്കിടക്കുന്നു വിടപറയലിന്റെ
പഴകിയ ഭംഗിവാക്കൊന്നുമോര്‍ക്കാതൊരു
വര്‍ഷം മുഷിപ്പിച്ച പഴയ കലണ്ടര്‍,
ഇനിയും വെളിപ്പെട്ടുപോരാത്ത
കൌതുകമായിച്ചുരുണ്ടിരിക്കുന്നൂ
മേശമേല്‍ മുഷിയാത്ത പുതിയ കലണ്ടര്‍.

ജനുവരിയൊന്നിന്റെ കള്ളിയില്‍ നിന്നും
കൈപിടിച്ചെന്നെ നടത്തി ഡിസംബര്‍
മുപ്പത്തിയൊന്നില്‍ നിറുത്തിത്തിരിച്ചു
പോയിടാറുണ്ട് പതിവായ് കലണ്ടറുകള്‍.
അവ വരയ്ക്കുന്ന ഏണിയും പാമ്പും
കളികളിച്ചങ്ങനെ തോറ്റും ജയിച്ചും
ചില കള്ളികള്‍ തോറും കണ്ണുനീര്‍ വീഴ്ത്തിയും
ചിലപ്പോള്‍ ചിരിച്ചും ചിന്തിച്ചും
ചിലയിടത്തൊക്കെ കരുക്കള്‍ ചതിച്ചും
ചിലയിടത്തെന്നെ മുന്നോട്ടു തള്ളിയും
ജനുവരിയൊന്നില്‍ നിന്നും ഡിസംബര്‍
മുപ്പത്തിയൊന്നുവരേയും മുടങ്ങാതെ.

നിസ്സംഗനായിക്കിടപ്പൂ ഇനിവെറും
രണ്ടു നാളിന്റെയായുസ്സു കണ്ടറിഞ്ഞ കലണ്ടര്‍.

മുന്നൂറ്റിയറുപത്തിയഞ്ചു കളങ്ങള്‍ മുടങ്ങാതെ
വന്നുപോയെങ്കിലും ഇടയ്ക്ക് കളിനിര്‍ത്തി
കണ്‍നിറഞ്ഞെത്രയോ പേര്‍ പോയി,
എത്രയോ പേര്‍ ഇടയ്ക്കീ കളിയിലിളം
വിസ്മയ നേത്രവുമായ് വന്നു കൂടി.

ഏതു കളങ്ങളില്‍ ആരുടെയൊക്കെ
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍ , അതറിയാതെ
ഒടുവിലെക്കള്ളി വരേയ്ക്കും കാര്യങ്ങള്‍
വിട്ടുപോകാതെ കുറിച്ചുവയ്ക്കുന്നു നമ്മള്‍!

ഈ പുതിയ കലണ്ടര്‍ ഞാനിന്നു നിവര്‍ത്തവെ
മനസ്സില്‍ തുടിപ്പൂ പ്രതീക്ഷ- ഇതിലാണെന്റെ
യിനിവരും വര്‍ഷത്തെ ജാതകം
നാള്‍ക്കണക്കെഴുതേണ്ട ജീവിതം.
എങ്കിലും ഇതിലെങ്ങാനൊരു കള്ളിയില്‍
ഞാനറിയാതെന്റെ പൂര്‍ണ്ണ വിരാമം
പതുങ്ങുന്നുവോയെന്നു പറയാതെ കൌതുകം
കൈയില്‍ച്ചുരുട്ടിപ്പിടിച്ചു ചിരിക്കുന്നു
പൂര്‍ണ്ണമായ്‌ നിവരാത്ത പുതിയ കലണ്ടര്‍!

കരയുമ്പോള്‍

നീ തന്ന നോവുകള്‍ ഞാന്‍ മറക്കാം
എല്ലാം പൊറുക്കാം എങ്കിലും എപ്പോഴോ
നിശ്വാസമായെന്റെയുള്ളു പൊള്ളിച്ച
നെടുവീര്‍പ്പെങ്ങനെ തിരിച്ചെടുക്കും?
നീ തന്ന നോവുകള്‍ ഞാന്‍ മറക്കാം
എല്ലാം മറക്കാം എങ്കിലും പ്രിയനേ
രാവിലെന്‍ തലയിണ ചേര്‍ന്നു ഞാനറിയാതെ
യെന്നില്‍ തുളുമ്പി വെളിയില്‍ വീണേപോയ
തേങ്ങല്‍ ഞാനെങ്ങനെ തിരിച്ചെടുക്കും?
നീ തന്ന നോവുകള്‍ ഞാന്‍ മറക്കാം
കരയാതിരിക്കാം എങ്കിലും അറിയാതെ
കണ്ണില്‍ നിന്നൂര്‍ന്നു കവിള്‍ തൊട്ടു നില്‍ക്കുന്ന
നീര്‍മണികളെങ്ങനെ തിരിച്ചെടുക്കും !

മറവി

സ്കൂളില്‍ ഓര്‍മ്മത്തികവിന്റെ
തെറ്റാത്ത ഉത്തരം ജോണ്‍സാര്‍.

സാമൂഹ്യപാഠം, ചരിത്രം, ഭൂമിശാസ്ത്രം,
ആദിശിലായുഗം, സിന്ധു നദീതടം
ബുദ്ധന്‍, ഗുപ്തന്മാര്‍, മുഗളന്മാര്‍,
അണുവായുധം, ലോകയുദ്ധങ്ങള്‍,
ബ്രിട്ടീഷുഭരണം, ഗാന്ധിയുടെ സമരം,
ആധുനിക ഭാരതം, ആഗോള വിപണി
ഓരോന്നുമോരോരോ വര്‍ഷക്കളങ്ങളില്‍
കരുക്കള്‍ പിഴക്കാതെ മുന്നോട്ടു നീക്കിയ
ഓര്‍മ്മത്തികവിന്റെ
മായാ പ്രതീകം ജോണ്‍സാര്‍.

അക്ബറും ആയില്യം തിരുനാളും
ഭരണപരിഷ്കാരങ്ങള്‍ വച്ചുമാറി
എന്നെയിടയ്ക്കു കളിപ്പിക്കുമ്പോള്‍,
നൈലും തേംസും ആമസോണും
ദേശങ്ങള്‍ മാറിമറിഞ്ഞു മനസ്സില്‍
കൂടിപ്പിണഞ്ഞൊഴുകുമ്പോള്‍,
പാനിപ്പത്ത് യുദ്ധങ്ങള്‍ വര്‍ഷങ്ങള്‍ തെറ്റി
മനസ്സില്‍ ചോരപ്പുഴകളൊഴുക്കുമ്പോള്‍
കൂര്‍ത്ത നഖമുന കൈയിലിറക്കി
ഓര്‍മ്മപ്പെടുത്തലിന്നിഞ്ചക്ഷന്‍ തന്നു
ഓര്‍മ്മത്തികവിന്റെ
ആള്‍രൂപമായ ജോണ്‍സാര്‍.
മറവി പൊറുക്കാതെ
ക്രുദ്ധമായ്‌ ചുളിയുന്ന കൂട്ടുപുരികം,
ദേഷ്യം ചുവക്കും മുഖത്തെ ക്രൂരഭാവം.

സ്കൂള്‍ വിട്ടലഞ്ഞു ഞാനെത്ര കാലം,
എത്ര ദേശം.
താണ്ടി ഞാനെത്ര ചരിത്രങ്ങള്‍,
ഭൂമിശാസ്ത്രങ്ങള്‍.
എവിടെയും ഓര്‍മ്മക്കണക്ക് പിഴക്കുമ്പോള്‍
മനസ്സില്‍ മറക്കാതെ തെളിയും ജോണ്‍സാര്‍.
ഓര്‍മ്മപ്പെടുത്തലിന്നിഞ്ചക്ഷന്‍ പഴയൊരു
നോവായ്‌ത്തുടിക്കുമെന്‍ കൈയില്‍ പിഴക്കാതെ
പിന്നെ-
ക്രുദ്ധമായ്‌ ചുളിയുമൊരു കൂട്ടുപുരികം,
ദേഷ്യം ചുവക്കുന്ന ക്രൂരഭാവം
ഓര്‍മ്മപ്പെടുത്തലി-
ന്നത്ഭുതമൂര്‍ത്തിയായ് ജോണ്‍സാര്‍.

ഓര്‍മ്മയുടെ വഴികള്‍ പിഴച്ചും തുണച്ചും
ജന്മദൂരം പാതിയിലേറെയും താണ്ടി
എത്തി ഞാനെന്‍ പഴയ പട്ടണത്തില്‍
അവിചാരിതം മുന്നിലെത്തുന്നു ജോണ്‍സാര്‍.
കൂട്ടുപുരികം, കുടവയര്‍, കഷണ്ടി ഒക്കെയും
തെറ്റാതെയുണ്ടെങ്കിലും ഇപ്പോഴില്ല
മുഖത്തെയാ ക്രൂരഭാവം
ശിഷ്യനെയെന്നല്ല, അത്താണിയായ് കൂടെ
നില്‍ക്കും സ്വപുത്രനെയും തിരിച്ചറിയാതെ
ഓര്‍മ്മകളെല്ലാം മറഞ്ഞ് മറവിയുടെ-
യതിരറ്റൊരാകാശ സഞ്ചാരിയാകും
വെള്ളപ്പതംഗമായ് ജോണ്‍സാര്‍.

സാമൂഹ്യപാഠം, ചരിത്രം, ഭൂമിശാസ്ത്രം,
എല്ലാം മറന്നുള്ള നിര്‍മ്മമത്വം
ഇപ്പോള്‍ പിറന്നു പെറ്റമ്മയെ നോക്കുന്ന
കുഞ്ഞിനെപ്പോലുള്ള നിര്‍മ്മലത്വം!

എങ്കിലും മനസ്സിന്റെ കൈവെള്ളയില്‍
ഒരു നോവിന്റെ ചൂരല്‍വടി മിന്നിയോ?