Friday 9 June 2017

അറിയാമഴത്തുള്ളി


നഗര മദ്ധ്യത്തിലെ ആസ്പത്രിമാളികയില്‍
പതിമൂന്നാം നിലയില്‍ ബാല്‍ക്കണിപ്പടി ചാരി
ഉഷ്ണത്തിന്‍ നോവേറ്റു തനിച്ചയാളിരിക്കവേ
പെട്ടെന്ന് പെയ്ത പുതുമഴയില്‍ പാറിയൊരു
കുളിര്‍ നീര്‍ത്തുള്ളി പൊള്ളും നെറ്റിമേല്‍ ചുംബിക്കവേ
ബാല്യത്തിന്‍ കുളത്തിലേയ്ക്കൂളിയിട്ടതു പോലെ !

കുളിരും തെളിനീരിന്നരുവിയാണ് ബാല്യം
തെന്നിയും തെറിച്ചുമതൊഴുകിപ്പരക്കുമ്പോള്‍
വെള്ളിപ്പരല്‍മീനുകള്‍ തുടിക്കും രജതോല്‍സവം
പോലെ കര്‍ക്കടപ്പൊയ്കകള്‍ നിറയുന്നു

തരുക്കള്‍ തോന്നും പോലെ തഴയ്ക്കും ഗ്രാമത്തിലെ
സ്വച്ഛന്ദമൊരു വള്ളിക്കുടിലില്‍ പെരുമഴ
എത്രപെയ്താലും മതിയാകാതെ ഏറ്റുവാങ്ങും
പച്ചിലപ്പടര്‍പ്പുപോല്‍ തുടിപ്പതേ കൌമാരം
അതിലോരോ സിരയും മഴതന്‍ മദം പൊട്ടി-
യൊഴുകും തഴുകലില്‍ തണുത്തു തന്നില്‍ ചേര്‍ത്തു
വയ്ക്കുന്ന തരളമാം മഴനൂല്‍ക്കനവുകള്‍
ഹര്‍ഷമായ്, നോവായ്‌, പിന്നെയില്ലാതെയായിപ്പോയീ !

നഗര മദ്ധ്യത്തിലെ ആസ്പത്രിമാളികയില്‍
പതിമൂന്നാം നിലയില്‍ ബാല്‍ക്കണിപ്പടി ചാരി
ജന്മത്തിന്‍ ചൂടേറ്റു തനിച്ചയാളിരിക്കവേ
പെട്ടെന്ന് പെയ്ത കുളിരോര്‍മ്മയില്‍ പാറിയൊരു
മോഹത്തിന്‍ തുള്ളി മെല്ലെ നെറ്റിമേല്‍ ചുംബിക്കവേ
ജീവിതം ആദ്യത്തിലേയ്ക്കൂളിയിട്ടതു പോലെ !


ഇന്ദ്രകാര്‍മ്മുകം കുലച്ചെയ്യുന്ന ശരഹര്‍ഷം
ഇന്ദ്രിയങ്ങളില്‍ തുടിത്താളമാകവേ *മേഘ
പുരുഷന്‍  ദാഹപാത്രം നിവര്‍ത്തും ഭൂവുടലിന്‍
നിമ്നോന്ന മോഹങ്ങളില്‍ കനിഞ്ഞു പെയ്തീടവേ
കലങ്ങിയൊഴുകുന്ന കാലവര്‍ഷ നദിപോല്‍
കരകള്‍ വിഴുങ്ങിപ്പതഞ്ഞു പോയീ യൌവ്വനം

ഇടയ്ക്ക് പെയ്തുംതോര്‍ന്നും വാനത്തു മഴവില്ലിന്‍
വര്‍ണ്ണ വിഭ്രമം തീര്‍ത്തും ശിഷ്ടകാലം കടന്ന്
നഗര മദ്ധ്യത്തിലെ ആസ്പത്രിമാളികയില്‍
പതിമൂന്നാം നിലയില്‍ ബാല്‍ക്കണിപ്പടി ചാരി
പതിതമാത്മാവിന്റെ വാതായനം തുറന്നു
പകച്ചു തനിച്ചയാളിരിക്കെ പെട്ടെന്നൊരു
കുളിരും സാന്ത്വനമായ് ആകാശം വിട്ടിറങ്ങി
നെറ്റിയില്‍ തലോടുന്നു അറിയാമഴത്തുള്ളി.


*മഴമേഘം പുരുഷനായും ഭൂമി സ്ത്രീയായും ഉള്ള കാളിദാസ സങ്കല്‍പം