Monday 29 September 2014

കാല്‍പ്പനിക ജീവിതം


ബാല്യത്തിലെന്നില്‍ പ്രണയമെന്നാല്‍ പ്രേംനസീര്‍

ഷീലയുമൊത്തു നിറങ്ങളില്ലാത്ത സ്ക്രീനില്‍

തൊട്ടുതൊട്ടില്ലെന്നു മൊട്ടിട്ട മട്ടില്‍

മരം ചുറ്റിയോടിയും ആടിയും പാടുന്ന ഗാനം



പിന്നെ കൌമാരത്തില്‍ പ്രണയമെന്നാല്‍

കോളേജിലിടനാഴിയില്‍ ചുറ്റിനും പെയ്യുന്ന

കലപിലക്കാറ്റുകളൊന്നുമറിയാതെ

കണ്‍മുനക്കൊക്കുകളുരുമ്മലും കുറുകലും

ബുക്കിലൊളിപ്പിച്ച ഹൃദയചിഹ്നം കോര്‍ത്ത കത്തും.



കാലം വളര്‍ന്നു, പ്രണയവും ഭാവം പകര്‍ന്നു.

ആദ്യമതു പ്ലാസ്റ്റിക്കു പോല്‍ ലാഘവം വര്‍ണ്ണ ശബളം,

വെയിലേറ്റു പോയാലുരുകിക്കറുക്കുമെന്നാലും

കാര്യം കഴിഞ്ഞാല്‍ ദൂരേയ്ക്കെറിഞ്ഞിടാം.



പിന്നെ ഡിജിറ്റലായ് പ്രണയം

ഫോണില്‍ മെസ്സേജുകള്‍ പോലെ സുലഭം

മുഖപുസ്തകത്തിലെ ചാറ്റ് മഴ പോലെ വാചാലം

അകലങ്ങളില്‍ നിന്നു വെബ് ക്യാമിലൂടെ

ചുംബനം പകരുന്ന പോലെ സമൃദ്ധം

യൂ ട്യൂബിനുള്ളില്‍ തലയിട്ടുപോയാല്‍

കുടുങ്ങുമെന്നാലും ലൈവായി ഞൊടിയില്‍

ലോകത്തിലാകെ പരസ്യപ്പെടുത്താം

ഒന്നും മറയ്ക്കുവാനില്ലാത്ത സ്വന്തമസ്തിത്വം.



എങ്കിലും എന്തെന്നറിയില്ല ഈയിടെ

മുന്നോട്ടു കൂനും വളര്‍ച്ചയ്ക്കു പിടി കൊടുക്കാതെ

പിന്നോട്ട് വളരുന്നു ചില സങ്കുചിതത്വം മനസ്സില്‍

പിന്നിട്ട ബാല്യത്തിലെന്നോ ഉറങ്ങിക്കിടന്നിട്ടു

വീണ്ടും ഉണര്‍ന്നെത്തുമൊരു പഴയ സങ്കല്‍പ്പം

ദിലീപ്കുമാര്‍ വാചാല മൌനവുമായി സ്ക്രീനില്‍-

മുന്നില്‍ കാശ്മീരമാലയായ് വൈജയന്തി.

കണ്ണുകള്‍ കണ്ണുകളിലാര്‍ദ്രമായ്‌ വിരിയിക്കും

നക്ഷത്രവെട്ടമാം കാല്പനികപ്രണയം.

കറുപ്പും വെളുപ്പും ഇഴനെയ്ത ചതുരമാം സ്ക്രീനില്‍

വര്‍ണ്ണങ്ങള്‍ ഊഹിച്ചെടുക്കേണ്ട സൌമ്യചിത്രങ്ങള്‍.

വെടിയൊച്ച കേട്ടുതുടങ്ങാത്ത താഴ്വര തോറും

കുളിരുള്ള കുങ്കുമപ്പൂവസന്തം പോലെ

സങ്കല്പ സുന്ദരം കാല്‍പ്പനിക ജീവിതം!


Saturday 3 May 2014

കറുത്ത തോണിക്കാരാ


മരണമെന്നാല്‍ കടല്‍, ജീവിതമെന്നാല്‍ കര

മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചെരുവില്‍ കാത്തിരിക്കും കറുത്ത തോണിക്കാരാ

തീരാത്ത കൌതുകത്തിന്‍ മദനലാസ്യമാര്‍ന്ന

തോരാത്ത തിരകള്‍തന്‍ രജതനൃത്തമായേ

തീരത്തു നിന്നീക്കടല്‍ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ

അകലങ്ങളില്‍ നിന്നു വീശും കുളിര്‍കാറ്റായും

അറിയാത്താഴങ്ങളില്‍ രത്നാകരങ്ങളായും

പടരുമനന്തമാം വന്യ വിസ്താരങ്ങളില്‍

കാണാക്കരതന്‍ ലോലസങ്കല്‍പ്പം കാട്ടും കടല്‍.



മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചെരുവിലിരിക്കും നിസ്സംഗനാം തോണിക്കാരാ



ഞങ്ങളോ വാഴ്വിന്‍ നിത്യവിസ്മയങ്ങളില്‍ ചേര്‍ന്നു

മൃണ്‍മയമാം ജന്മത്തെ നെഞ്ചോട്‌ ചേര്‍ക്കുന്നവര്‍.

ഇടയ്ക്ക് ജീവിതത്തില്‍ ചെറു വിസ്മൃതികളാം

പുഴകള്‍ നീന്തിടാറുണ്ടെങ്കിലും കടലിന്റെ

അനന്തവിസ്തൃതിയെ ഭയന്ന് ജീവിപ്പവര്‍

എങ്കിലും സൗവര്‍ണ്ണമാമിത്തീരഭൂവില്‍ വന്നു

നിന്നിലുദിച്ചു നിന്നിലസ്തമിക്കും സന്ധ്യയില്‍

നിന്നുദാത്തത കണ്ടുനിറയാനേറെയിഷ്ടം.



മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചരുവില്‍ നിഗൂഡമായ്ച്ചിരിക്കും തോണിക്കാരാ



ഒരിക്കല്‍ നിന്റെ തോണിപ്പടിയില്‍ നീ പാടുന്ന

പതിഞ്ഞ താളത്തിലെപ്പാട്ടു ഞാന്‍ കേട്ടിരിക്കെ

പതിയെ നമ്മള്‍ സ്വര്‍ണ്ണതീരം വെടിഞ്ഞു നീല

സമുദ്ര സാന്ദ്രതയെ തിരഞ്ഞു തുഴയവേ

ഉള്‍ക്കടലിന്റെ വിക്ഷുബ്ധതകള്‍ വെടിഞ്ഞു നാം

അതിരില്ലാത്ത ജലസൗമ്യതയായ് ത്തീരവേ

അകലെ നിനവിന്റെ നിഴലായ് മൃതമെന്റെ

കര ബോധക്ഷയത്തിന്‍ ചുഴിയില്‍ മുങ്ങിപ്പോകെ

ഒരുവേള ഞാന്‍ തിരിച്ചറിയാമപ്പോള്‍-എന്റെ

ദുരിതജന്മപഥം വിരിച്ച കല്ലും മുള്ളും

മരണജല മൃദുശീതള സ്പര്‍ശത്തെക്കാള്‍

എത്രയോ പുളകിതമായിരുന്നെന്ന സത്യം

അക്കരെകളില്ലാതുള്ളാ ജലയാനത്തില്‍ ഞാ-

നൊരു തുള്ളിയായലിഞ്ഞെത്തേണമീത്തീരത്തില്‍.



മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചരുവില്‍ എന്നെയുംകാത്തിരിക്കും തോണിക്കാരാ...


Friday 14 March 2014

കാത്തിരിപ്പ്

കാത്തിരിപ്പാകുന്നു ജീവിതം.
ആണ്ടിലൊരിക്കല്‍ പൂവിടാനുള്ള
കാത്തിരിപ്പാകുന്നു കൊന്നയ്ക്ക് ജീവിതം.
ആണ്ടിലൊരിക്കല്‍ പൂക്കുവാന്‍, കായ്ക്കുവാന്‍
മാവിനും പ്ലാവിനുമൊരേ ജീവിതം
ആണ്ടിലൊരിക്കലോണത്തിനോ വിഷുവിനോ
വന്നു പൊയ്പോകും പിഞ്ചുകാല്‍പ്പാദക്കിലുക്കങ്ങള്‍
കാത്തിരിക്കുന്നെത്ര തറവാട്ടു മുറ്റങ്ങള്‍.



ആഴ്ചയൊടുവിലേയ്ക്കാകുന്നു ചിലരുടെ കാത്തിരിപ്പ്
ചിലരുടെ കാത്തിരിപ്പാറുമാസം.
നിത്യവും പൂക്കുന്ന കാട്ടുവല്ലിയ്ക്കോ
കാത്തിരിപ്പേതാനും നാഴിക.



പൂക്കുവാനും കായ്ക്കുവാനുമെന്നല്ല,
ആരെയും കാത്തിരിക്കാനുമില്ലാത്ത
ജന്മത്തിനു തന്റെ ജീവനണയും വരേയ്ക്കും
ജീവനണയാതെ പിടിച്ചുള്ള
ജീവിതമെന്ന വെറും കാത്തിരിപ്പ്.






സൂര്യകാന്തിക്കൊരു രാത്രി നീങ്ങാനുള്ള
സൂര്യനെക്കാത്തിരിപ്പ്.
നാലുമണിപ്പൂവിനൊരു പകല്‍ കാത്തിരിപ്പ്.
നിശാഗന്ധി കാത്തിരിക്കുന്നതോ
കേവലമൊരു രാത്രിക്കുവേണ്ടി മാത്രം.
ചില കാത്തിരുപ്പുകള്‍ വ്യാഴവട്ടങ്ങള്‍,
ചിലതൊരായുസ്സു മുഴുവനും,
ചിലതു പുരുഷാന്തരം.



എങ്കിലും പൂര്‍ണ്ണ വിരാമമില്ലാതെ-
യടങ്ങുന്നു ചില കാത്തിരിപ്പുകള്‍
ആറുമാസം മാത്രമായുസ്സു നീണ്ട ശലഭം
നീലക്കുറിഞ്ഞിയെ കാത്തിരിക്കുമ്പോഴും
അക്കരെയെങ്ങോ എന്നേ പൊലിഞ്ഞ
മകനുവേണ്ടിയൊരമ്മ കണ്ണുനട്ടിക്കരെ-
യന്തിത്തിരി മിഴിനീര്‍ വെളിച്ചം തൂകി
അറിയാതെ കാത്തിരിക്കുമ്പോഴും
കാത്തിരിപ്പെന്നാല്‍ കാത്തെരിഞ്ഞീടല്‍
കത്തിയുരുകല്‍ -കര്‍പ്പൂരദീപം പോലെ !



നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
വിരല്‍ത്തുമ്പുകള്‍ തൊടുമ്പോള്‍
ഉടലുകളൊന്നിച്ചൊരേ തളിര്‍മരം
ചൊടിച്ചില്ലകളിലിളം മലര്‍ വസന്തം

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
നിന്റെ കണ്ണില്‍ നീലാകാശം
എന്റെ കണ്ണില്‍ നീയാകാശം
അതിലങ്ങുമിങ്ങും പാറും ഹര്‍ഷമയൂഖം

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
നിന്റെ കണ്‍പീലിയിലെന്റെ
കണ്‍പീലിയാലുഴിയുമ്പോള്‍
നമ്മളന്യോന്യം വീശുമൊരേ വെഞ്ചാമരം.

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
നിന്നുടലില്‍ പാല്‍ക്കടലിന്‍ തിരയിളക്കം
നീര്‍ച്ചുഴികളില്‍ വേറിടുമമൃതകുംഭം
അനഘമാമതിലാണെന്നമരപദം.