Friday 9 June 2017

അറിയാമഴത്തുള്ളി


നഗര മദ്ധ്യത്തിലെ ആസ്പത്രിമാളികയില്‍
പതിമൂന്നാം നിലയില്‍ ബാല്‍ക്കണിപ്പടി ചാരി
ഉഷ്ണത്തിന്‍ നോവേറ്റു തനിച്ചയാളിരിക്കവേ
പെട്ടെന്ന് പെയ്ത പുതുമഴയില്‍ പാറിയൊരു
കുളിര്‍ നീര്‍ത്തുള്ളി പൊള്ളും നെറ്റിമേല്‍ ചുംബിക്കവേ
ബാല്യത്തിന്‍ കുളത്തിലേയ്ക്കൂളിയിട്ടതു പോലെ !

കുളിരും തെളിനീരിന്നരുവിയാണ് ബാല്യം
തെന്നിയും തെറിച്ചുമതൊഴുകിപ്പരക്കുമ്പോള്‍
വെള്ളിപ്പരല്‍മീനുകള്‍ തുടിക്കും രജതോല്‍സവം
പോലെ കര്‍ക്കടപ്പൊയ്കകള്‍ നിറയുന്നു

തരുക്കള്‍ തോന്നും പോലെ തഴയ്ക്കും ഗ്രാമത്തിലെ
സ്വച്ഛന്ദമൊരു വള്ളിക്കുടിലില്‍ പെരുമഴ
എത്രപെയ്താലും മതിയാകാതെ ഏറ്റുവാങ്ങും
പച്ചിലപ്പടര്‍പ്പുപോല്‍ തുടിപ്പതേ കൌമാരം
അതിലോരോ സിരയും മഴതന്‍ മദം പൊട്ടി-
യൊഴുകും തഴുകലില്‍ തണുത്തു തന്നില്‍ ചേര്‍ത്തു
വയ്ക്കുന്ന തരളമാം മഴനൂല്‍ക്കനവുകള്‍
ഹര്‍ഷമായ്, നോവായ്‌, പിന്നെയില്ലാതെയായിപ്പോയീ !

നഗര മദ്ധ്യത്തിലെ ആസ്പത്രിമാളികയില്‍
പതിമൂന്നാം നിലയില്‍ ബാല്‍ക്കണിപ്പടി ചാരി
ജന്മത്തിന്‍ ചൂടേറ്റു തനിച്ചയാളിരിക്കവേ
പെട്ടെന്ന് പെയ്ത കുളിരോര്‍മ്മയില്‍ പാറിയൊരു
മോഹത്തിന്‍ തുള്ളി മെല്ലെ നെറ്റിമേല്‍ ചുംബിക്കവേ
ജീവിതം ആദ്യത്തിലേയ്ക്കൂളിയിട്ടതു പോലെ !


ഇന്ദ്രകാര്‍മ്മുകം കുലച്ചെയ്യുന്ന ശരഹര്‍ഷം
ഇന്ദ്രിയങ്ങളില്‍ തുടിത്താളമാകവേ *മേഘ
പുരുഷന്‍  ദാഹപാത്രം നിവര്‍ത്തും ഭൂവുടലിന്‍
നിമ്നോന്ന മോഹങ്ങളില്‍ കനിഞ്ഞു പെയ്തീടവേ
കലങ്ങിയൊഴുകുന്ന കാലവര്‍ഷ നദിപോല്‍
കരകള്‍ വിഴുങ്ങിപ്പതഞ്ഞു പോയീ യൌവ്വനം

ഇടയ്ക്ക് പെയ്തുംതോര്‍ന്നും വാനത്തു മഴവില്ലിന്‍
വര്‍ണ്ണ വിഭ്രമം തീര്‍ത്തും ശിഷ്ടകാലം കടന്ന്
നഗര മദ്ധ്യത്തിലെ ആസ്പത്രിമാളികയില്‍
പതിമൂന്നാം നിലയില്‍ ബാല്‍ക്കണിപ്പടി ചാരി
പതിതമാത്മാവിന്റെ വാതായനം തുറന്നു
പകച്ചു തനിച്ചയാളിരിക്കെ പെട്ടെന്നൊരു
കുളിരും സാന്ത്വനമായ് ആകാശം വിട്ടിറങ്ങി
നെറ്റിയില്‍ തലോടുന്നു അറിയാമഴത്തുള്ളി.


*മഴമേഘം പുരുഷനായും ഭൂമി സ്ത്രീയായും ഉള്ള കാളിദാസ സങ്കല്‍പം

Thursday 19 March 2015

മുത്തശ്ശിത്തേന്‍വരിക്ക

ഉണ്ണിക്കു ബാല്യം കടന്നതു തറവാട്ടില്‍
മുത്തശ്ശിസ്നേഹത്തണലിലും
മുറ്റം കവിഞ്ഞ തേന്‍വരിക്കപ്ലാവിന്‍
ചില്ല പടര്‍ത്തും തണുപ്പിലും.

മുത്തശ്ശിയോരോ സ്വര്‍ണ്ണച്ചുളകളായ്
ചകിണിയും കുരുവും കൊഴിച്ചു നീട്ടും
കഥകളും പാട്ടും വാത്സല്യ സ്പര്‍ശവും
കറയറ്റ ചിരികളും സ്നേഹത്തലോടലും

കാലം കടക്കവേ മുത്തശ്ശിസ്നേഹം
മടുത്തും, വരിക്കയുടെ മധുരം ചെടിച്ചും
ഉണ്ണി പോയ് തറവാടു വിട്ടു ദൂരങ്ങളില്‍
ചില്ലലമാരയില്‍ ഹര്‍ഷം നിരത്തിയ നഗരങ്ങളില്‍

ചക്കയുടെ മുള്ളും മുഴുപ്പും മടുത്ത
ഉണ്ണിക്കു കൌതുകം പെണ്‍തുടുപ്പോലുന്ന
ആപ്പിള്‍ മിനുപ്പും സ്ട്രോബറിച്ചോപ്പും
മുന്തിരി, പൈനാപ്പിള്‍ മധുരമാം ലഹരിയും

കാലം കടന്നുപോയ്
പിന്നെത്തിരിച്ചറിഞ്ഞുണ്ണി
മെഴുകുപുരട്ടിയ ആപ്പിള്‍ പുറംപൂച്ചു മെയ്ത്തിളക്കം,
കാര്‍ബൈഡ്‌ കപടതക്കുള്ളിലെ
സ്നേഹം മൂക്കാതെ
മധുരം നടിക്കുന്ന മാമ്പോഴത്തം,
കൊടുവിഷം തൂത്തു മിനുക്കിയ മുന്തിരി-
ത്തുടുതുടുപ്പിന്റെ തിക്താഭിചാരം.

ഒടുവിലൊരുനാളില്‍
ആസ്പത്രിക്കട്ടിലില്‍
കാര്‍ബൈഡിന്നാശ്ലേഷം വിട്ടുണ്ണി മിഴിതുറക്കെ
അരികിലെ തളികയില്‍ കാത്തിരിക്കുന്നു
പണ്ടത്തെ മുത്തശ്ശിച്ചിരിപോലെ മധുരമായ്
തേന്‍വരിക്കച്ചുളകള്‍.

ക്രിസ്തുമസ്

മുപ്പതാണ്ടപ്പുറത്തെ ക്രിസ്തുമസ് കാലം -ഒരു
നഗരരാത്രിയിലെന്‍ വാഹനം പോകുന്നേരം
പലവര്‍ണ്ണ താരങ്ങള്‍, ക്രിസ്തുമസ് സമ്മാനങ്ങള്‍,
വൈദ്യുത പ്രഭകളില്‍ നഗരം തിളങ്ങുമ്പോള്‍
നഗര പാര്‍ശ്വത്തിലെ നരകതുല്യമൊരു
തെരുവോരത്തില്‍ പൊട്ടിപ്പൊളിഞ്ഞ കൂരകളില്‍
ചിതറിപ്പലകോണില്‍ ഊരുതെണ്ടികളായ
മനുഷ്യരൊത്തുകൂടി അന്തിയില്‍ ചേക്കേറുമ്പോള്‍
ജീവിതം ചിതറിയ കണ്ണാടിത്തുണ്ടുകളായ്
പെറുക്കിക്കൂട്ടി ക്രിസ്മസ് രാവിന്റെ ദീപങ്ങള്‍ തന്‍
തിളക്കം ഒന്നാക്കുവാന്‍ പണിപ്പെടുമ്പോള്‍ അതില്‍
ഒരു കൂരയ്ക്കുള്ളില്‍ ഞാന്‍ കണ്ടൊരു കുഞ്ഞു മുഖം
അപ്പോള്‍ പിറന്ന ഉണ്ണി യേശുവിനെപ്പോല്‍ ദീപ്തം
പുറത്തു മുറ്റത്തതാ കിഴക്ക് നിന്നു വന്ന
ചിന്താഗ്രസ്തരാം മൂന്ന് ഊരില്ലാ രാജാക്കന്മാര്‍
കൂരയ്ക്ക് മേലേ നരച്ചൊരു നക്ഷത്രം ദൂര-
ദേശത്തു നിന്നും വന്നു പകച്ചു നില്‍ക്കും പോലെ.

മുപ്പതാണ്ടിങ്ങേപ്പുറം ആ നഗരത്തില്‍ നാറും
തെരുവോരങ്ങള്‍ മാറി, ഫ്ലാറ്റുകള്‍ വളരുന്നു.
എങ്കിലും ഓര്‍പ്പൂ ഞാനാ പൈതലിന്‍ ദീപ്തമുഖം
കാലങ്ങള്‍ കടന്നുപോയ് അവനിന്നൊരു മുഗ്ദ്ധ
തരുണനായിരിക്കാം മുപ്പതു കൊല്ലത്തിന്റെ
ജീവിതവ്യാകരണം പലതായ് പഠിച്ചവന്‍
ക്രിസ്തുവായ് തളര്‍ന്നേക്കാം യൂദാസായ് വളര്‍ന്നേക്കാം.

അന്നത്തെ പുല്ലുമേഞ്ഞ കൂരകള്‍ പൊയ്ക്കഴിഞ്ഞു
അവിടെ തെഴുക്കുന്ന പുതിയ മേടകളില്‍
പുതിയ രാജാക്കന്മാര്‍, പുതിയ ശാസനങ്ങള്‍,
പുതിയ ക്രിസ്തുവേദം, പുതിയ പൌരോഹിത്യം.

Monday 29 September 2014

കാല്‍പ്പനിക ജീവിതം


ബാല്യത്തിലെന്നില്‍ പ്രണയമെന്നാല്‍ പ്രേംനസീര്‍

ഷീലയുമൊത്തു നിറങ്ങളില്ലാത്ത സ്ക്രീനില്‍

തൊട്ടുതൊട്ടില്ലെന്നു മൊട്ടിട്ട മട്ടില്‍

മരം ചുറ്റിയോടിയും ആടിയും പാടുന്ന ഗാനം



പിന്നെ കൌമാരത്തില്‍ പ്രണയമെന്നാല്‍

കോളേജിലിടനാഴിയില്‍ ചുറ്റിനും പെയ്യുന്ന

കലപിലക്കാറ്റുകളൊന്നുമറിയാതെ

കണ്‍മുനക്കൊക്കുകളുരുമ്മലും കുറുകലും

ബുക്കിലൊളിപ്പിച്ച ഹൃദയചിഹ്നം കോര്‍ത്ത കത്തും.



കാലം വളര്‍ന്നു, പ്രണയവും ഭാവം പകര്‍ന്നു.

ആദ്യമതു പ്ലാസ്റ്റിക്കു പോല്‍ ലാഘവം വര്‍ണ്ണ ശബളം,

വെയിലേറ്റു പോയാലുരുകിക്കറുക്കുമെന്നാലും

കാര്യം കഴിഞ്ഞാല്‍ ദൂരേയ്ക്കെറിഞ്ഞിടാം.



പിന്നെ ഡിജിറ്റലായ് പ്രണയം

ഫോണില്‍ മെസ്സേജുകള്‍ പോലെ സുലഭം

മുഖപുസ്തകത്തിലെ ചാറ്റ് മഴ പോലെ വാചാലം

അകലങ്ങളില്‍ നിന്നു വെബ് ക്യാമിലൂടെ

ചുംബനം പകരുന്ന പോലെ സമൃദ്ധം

യൂ ട്യൂബിനുള്ളില്‍ തലയിട്ടുപോയാല്‍

കുടുങ്ങുമെന്നാലും ലൈവായി ഞൊടിയില്‍

ലോകത്തിലാകെ പരസ്യപ്പെടുത്താം

ഒന്നും മറയ്ക്കുവാനില്ലാത്ത സ്വന്തമസ്തിത്വം.



എങ്കിലും എന്തെന്നറിയില്ല ഈയിടെ

മുന്നോട്ടു കൂനും വളര്‍ച്ചയ്ക്കു പിടി കൊടുക്കാതെ

പിന്നോട്ട് വളരുന്നു ചില സങ്കുചിതത്വം മനസ്സില്‍

പിന്നിട്ട ബാല്യത്തിലെന്നോ ഉറങ്ങിക്കിടന്നിട്ടു

വീണ്ടും ഉണര്‍ന്നെത്തുമൊരു പഴയ സങ്കല്‍പ്പം

ദിലീപ്കുമാര്‍ വാചാല മൌനവുമായി സ്ക്രീനില്‍-

മുന്നില്‍ കാശ്മീരമാലയായ് വൈജയന്തി.

കണ്ണുകള്‍ കണ്ണുകളിലാര്‍ദ്രമായ്‌ വിരിയിക്കും

നക്ഷത്രവെട്ടമാം കാല്പനികപ്രണയം.

കറുപ്പും വെളുപ്പും ഇഴനെയ്ത ചതുരമാം സ്ക്രീനില്‍

വര്‍ണ്ണങ്ങള്‍ ഊഹിച്ചെടുക്കേണ്ട സൌമ്യചിത്രങ്ങള്‍.

വെടിയൊച്ച കേട്ടുതുടങ്ങാത്ത താഴ്വര തോറും

കുളിരുള്ള കുങ്കുമപ്പൂവസന്തം പോലെ

സങ്കല്പ സുന്ദരം കാല്‍പ്പനിക ജീവിതം!


Saturday 3 May 2014

കറുത്ത തോണിക്കാരാ


മരണമെന്നാല്‍ കടല്‍, ജീവിതമെന്നാല്‍ കര

മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചെരുവില്‍ കാത്തിരിക്കും കറുത്ത തോണിക്കാരാ

തീരാത്ത കൌതുകത്തിന്‍ മദനലാസ്യമാര്‍ന്ന

തോരാത്ത തിരകള്‍തന്‍ രജതനൃത്തമായേ

തീരത്തു നിന്നീക്കടല്‍ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ

അകലങ്ങളില്‍ നിന്നു വീശും കുളിര്‍കാറ്റായും

അറിയാത്താഴങ്ങളില്‍ രത്നാകരങ്ങളായും

പടരുമനന്തമാം വന്യ വിസ്താരങ്ങളില്‍

കാണാക്കരതന്‍ ലോലസങ്കല്‍പ്പം കാട്ടും കടല്‍.



മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചെരുവിലിരിക്കും നിസ്സംഗനാം തോണിക്കാരാ



ഞങ്ങളോ വാഴ്വിന്‍ നിത്യവിസ്മയങ്ങളില്‍ ചേര്‍ന്നു

മൃണ്‍മയമാം ജന്മത്തെ നെഞ്ചോട്‌ ചേര്‍ക്കുന്നവര്‍.

ഇടയ്ക്ക് ജീവിതത്തില്‍ ചെറു വിസ്മൃതികളാം

പുഴകള്‍ നീന്തിടാറുണ്ടെങ്കിലും കടലിന്റെ

അനന്തവിസ്തൃതിയെ ഭയന്ന് ജീവിപ്പവര്‍

എങ്കിലും സൗവര്‍ണ്ണമാമിത്തീരഭൂവില്‍ വന്നു

നിന്നിലുദിച്ചു നിന്നിലസ്തമിക്കും സന്ധ്യയില്‍

നിന്നുദാത്തത കണ്ടുനിറയാനേറെയിഷ്ടം.



മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചരുവില്‍ നിഗൂഡമായ്ച്ചിരിക്കും തോണിക്കാരാ



ഒരിക്കല്‍ നിന്റെ തോണിപ്പടിയില്‍ നീ പാടുന്ന

പതിഞ്ഞ താളത്തിലെപ്പാട്ടു ഞാന്‍ കേട്ടിരിക്കെ

പതിയെ നമ്മള്‍ സ്വര്‍ണ്ണതീരം വെടിഞ്ഞു നീല

സമുദ്ര സാന്ദ്രതയെ തിരഞ്ഞു തുഴയവേ

ഉള്‍ക്കടലിന്റെ വിക്ഷുബ്ധതകള്‍ വെടിഞ്ഞു നാം

അതിരില്ലാത്ത ജലസൗമ്യതയായ് ത്തീരവേ

അകലെ നിനവിന്റെ നിഴലായ് മൃതമെന്റെ

കര ബോധക്ഷയത്തിന്‍ ചുഴിയില്‍ മുങ്ങിപ്പോകെ

ഒരുവേള ഞാന്‍ തിരിച്ചറിയാമപ്പോള്‍-എന്റെ

ദുരിതജന്മപഥം വിരിച്ച കല്ലും മുള്ളും

മരണജല മൃദുശീതള സ്പര്‍ശത്തെക്കാള്‍

എത്രയോ പുളകിതമായിരുന്നെന്ന സത്യം

അക്കരെകളില്ലാതുള്ളാ ജലയാനത്തില്‍ ഞാ-

നൊരു തുള്ളിയായലിഞ്ഞെത്തേണമീത്തീരത്തില്‍.



മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-

ച്ചരുവില്‍ എന്നെയുംകാത്തിരിക്കും തോണിക്കാരാ...


Friday 14 March 2014

കാത്തിരിപ്പ്

കാത്തിരിപ്പാകുന്നു ജീവിതം.
ആണ്ടിലൊരിക്കല്‍ പൂവിടാനുള്ള
കാത്തിരിപ്പാകുന്നു കൊന്നയ്ക്ക് ജീവിതം.
ആണ്ടിലൊരിക്കല്‍ പൂക്കുവാന്‍, കായ്ക്കുവാന്‍
മാവിനും പ്ലാവിനുമൊരേ ജീവിതം
ആണ്ടിലൊരിക്കലോണത്തിനോ വിഷുവിനോ
വന്നു പൊയ്പോകും പിഞ്ചുകാല്‍പ്പാദക്കിലുക്കങ്ങള്‍
കാത്തിരിക്കുന്നെത്ര തറവാട്ടു മുറ്റങ്ങള്‍.



ആഴ്ചയൊടുവിലേയ്ക്കാകുന്നു ചിലരുടെ കാത്തിരിപ്പ്
ചിലരുടെ കാത്തിരിപ്പാറുമാസം.
നിത്യവും പൂക്കുന്ന കാട്ടുവല്ലിയ്ക്കോ
കാത്തിരിപ്പേതാനും നാഴിക.



പൂക്കുവാനും കായ്ക്കുവാനുമെന്നല്ല,
ആരെയും കാത്തിരിക്കാനുമില്ലാത്ത
ജന്മത്തിനു തന്റെ ജീവനണയും വരേയ്ക്കും
ജീവനണയാതെ പിടിച്ചുള്ള
ജീവിതമെന്ന വെറും കാത്തിരിപ്പ്.






സൂര്യകാന്തിക്കൊരു രാത്രി നീങ്ങാനുള്ള
സൂര്യനെക്കാത്തിരിപ്പ്.
നാലുമണിപ്പൂവിനൊരു പകല്‍ കാത്തിരിപ്പ്.
നിശാഗന്ധി കാത്തിരിക്കുന്നതോ
കേവലമൊരു രാത്രിക്കുവേണ്ടി മാത്രം.
ചില കാത്തിരുപ്പുകള്‍ വ്യാഴവട്ടങ്ങള്‍,
ചിലതൊരായുസ്സു മുഴുവനും,
ചിലതു പുരുഷാന്തരം.



എങ്കിലും പൂര്‍ണ്ണ വിരാമമില്ലാതെ-
യടങ്ങുന്നു ചില കാത്തിരിപ്പുകള്‍
ആറുമാസം മാത്രമായുസ്സു നീണ്ട ശലഭം
നീലക്കുറിഞ്ഞിയെ കാത്തിരിക്കുമ്പോഴും
അക്കരെയെങ്ങോ എന്നേ പൊലിഞ്ഞ
മകനുവേണ്ടിയൊരമ്മ കണ്ണുനട്ടിക്കരെ-
യന്തിത്തിരി മിഴിനീര്‍ വെളിച്ചം തൂകി
അറിയാതെ കാത്തിരിക്കുമ്പോഴും
കാത്തിരിപ്പെന്നാല്‍ കാത്തെരിഞ്ഞീടല്‍
കത്തിയുരുകല്‍ -കര്‍പ്പൂരദീപം പോലെ !



നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
വിരല്‍ത്തുമ്പുകള്‍ തൊടുമ്പോള്‍
ഉടലുകളൊന്നിച്ചൊരേ തളിര്‍മരം
ചൊടിച്ചില്ലകളിലിളം മലര്‍ വസന്തം

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
നിന്റെ കണ്ണില്‍ നീലാകാശം
എന്റെ കണ്ണില്‍ നീയാകാശം
അതിലങ്ങുമിങ്ങും പാറും ഹര്‍ഷമയൂഖം

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
നിന്റെ കണ്‍പീലിയിലെന്റെ
കണ്‍പീലിയാലുഴിയുമ്പോള്‍
നമ്മളന്യോന്യം വീശുമൊരേ വെഞ്ചാമരം.

നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍
നിന്നുടലില്‍ പാല്‍ക്കടലിന്‍ തിരയിളക്കം
നീര്‍ച്ചുഴികളില്‍ വേറിടുമമൃതകുംഭം
അനഘമാമതിലാണെന്നമരപദം.