Wednesday 31 October 2012

നീലപ്പെന്‍സില്‍ - (ഉണ്ണി ഒരു ചിത്രം വരച്ച കഥ)

ഏഴുനിറങ്ങള്‍ ചാലിച്ചൊരു ചിത്രം വരയ്ക്കാന്‍
മോഹമാണുണ്ണിക്ക്, തന്‍ കുടിലില്‍ ചുവരിന്മേല്‍
തന്റെ ജാലകത്തിലൂടെത്തി നോക്കുമ്പോള്‍ കാണും
ഗ്രാമക്കാഴ്ച്ചകളൊരു ചതുരക്കടലാസില്‍
വരച്ച ചിത്രം പോലെ സുന്ദരം, അത് തന്റെ
കയ്യിലെ കടലാസില്‍ പകര്‍ത്തുകയേ വേണ്ടൂ.

എത്ര നിറങ്ങളുടെ നര്‍ത്തനമാണവിടെ
പച്ച നിറത്തിന്‍ കുത്തിയൊഴുക്കും അതിനുമേല്‍
അങ്ങിങ്ങ് ചെമ്പരത്തിപ്പൂവിന്റെ പൊട്ടും, തെച്ചി-
പ്പൂവിന്റെ നീട്ടും, വാകപ്പൂവിന്റെ മേലാടയും.

ഇടയ്ക്കു മങ്കളാവിപ്പൂവിന്റെ മനയോല-
ത്തുണ്ടുകള്‍, കര്‍ണ്ണികാരം പൂത്ത പൊന്മാല, മേലെ
വെണ്മേഘത്തൊങ്ങല്‍ ചേര്‍ത്ത നീലക്കുടയുമായി
വാനവും, അതിന്‍ വക്കു പൊട്ടിവീണതു പോലെ
അങ്ങിങ്ങു കണ്ണാന്തളി, തുമ്പപ്പൂ, ശംഖുപുഷ്പം.

കുഞ്ഞായ കാലം തൊട്ടേ കാണുന്ന ചിത്രം, അത്
കയ്യിലെ കടലാസ്സില്‍ പകര്‍ത്തുകയേ വേണ്ടൂ.
അതിനു വേണം ഏഴു ചായപ്പെന്‍സിലും, എത്ര
നാളായി അച്ഛനോട് കെഞ്ചിയും പിണങ്ങിയും
ഇരിപ്പാണുണ്ണി, അച്ഛന്‍ കേട്ട ഭാവവുമില്ല!
അച്ഛനു പകലന്തി മെയ്‌ നുറുങ്ങിയാല്‍ കിട്ടും
കാശിനു പലതാണ് കാര്യങ്ങള്‍, വീട്ടില്‍ നൂറു
ചിലവാ, ണരി, പലവ്യഞ്ജനം, കുഞ്ഞേച്ചിക്ക്
കുപ്പായം, പുസ്തകങ്ങള്‍, ഉണ്ണിക്ക് ദീനം മാറാന്‍
വൈദ്യനും, മരുന്നിനും ചിലവും ചില്വാനവും.

പലതിന്നായി പാഞ്ഞു നടക്കുമച്ഛന്‍ ചായ-
പ്പെന്‍സിലിന്‍ കാര്യം തീരെ ഓര്‍ക്കാറുമില്ലെന്നാലും
അന്നച്ഛന്‍ വീട്ടില്‍ വന്നു നീലപ്പെന്‍സിലുമായി
ഒന്നു വാങ്ങുവാനല്ലേ അച്ഛനു കഴിഞ്ഞുള്ളൂ.

ഉണ്ണി വിതുമ്പിപ്പോയി, നീലപ്പെന്‍സില്‍ കൊണ്ടെന്തു
വരക്കാന്‍! പുറത്തുള്ള പച്ചയ്ക്കു പോലുമെത്ര
വര്‍ണ്ണ ഭേദങ്ങള്‍ വാഴപ്പോളക്കുണ്ടൊരു പച്ച,
ഇലക്കു വേറെ പച്ച, കൂമ്പിനു മഞ്ഞപ്പച്ച.
എല്ലാം പകര്‍ത്താന്‍ എഴുനൂറു വര്‍ണങ്ങള്‍ വേണം
കയ്യിലുള്ളതോ ഒരു നീലപ്പെന്‍സില്‍ മാത്രവും!

എങ്കിലും കരഞ്ഞില്ല, അച്ഛനു നൂറായിരം
പ്രാരാബ്ധങ്ങള്‍, ഒറ്റയ്ക്ക് താങ്ങുവാന്‍ വയ്യാത്തൊരു
ശുഷ്കിച്ച ദേഹം, അതില്‍ നിറയെ സ്നേഹമല്ലോ!
ഇടയ്ക്കു കട്ടിലിന്മേല്‍ കാല്‍ തളര്‍ന്നിരിക്കുന്ന
ഉണ്ണിക്കരുകില്‍ വന്നു തൊട്ടു തലോടി, മെല്ലെ
വിളിച്ചു, വിതുമ്പിത്തിരിച്ചു പോകാറുണ്ടച്ഛന്‍

നീലപ്പെന്‍സില്‍ കൊണ്ടല്ലോ ഉണ്ണി വരച്ചു ചേതോ-
ഹരമായ്‌ ചിത്രം പിന്നെ എപ്പോഴോ ഉറങ്ങിപ്പോയ്‌.
രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്നു കണ്‍മിഴിക്കെ
ജാലകക്കാഴ്ച കണ്ട്‌ ഉണ്ണി വിടര്‍ന്നു പോയി

പകലില്‍ നൂറായിരം വര്‍ണ്ണത്തില്‍ കുളിക്കുന്ന
പ്രകൃതി നില്‍പ്പാണാകെ നീലച്ചായത്തില്‍ മുങ്ങി
വിണ്ണു, മീ മണ്ണും ഇലച്ചാര്‍ത്തുമൊക്കെയും നീലം
ഉണ്ണി വരച്ച നീല ചിത്രം പോല്‍ ചേതോഹരം.

അരികില്‍ തളര്‍ന്നു കിടന്നുറങ്ങുമച്ഛന്റെ
നിറുകില്‍ കുനിഞ്ഞൊരു ചുംബനം കൊടുത്തുണ്ണി

അകലെ ആകാശത്തിന്നറ്റത്തു കുന്നിന്‍ മേലേ
മേഘത്തിന്‍ തിരശ്ശീല തെല്ലു നീക്കിക്കൊണ്ടതാ
ഉണ്ണിയെ നോക്കി ആകെത്തിളങ്ങിച്ചിരിക്കുന്നു
പൌര്‍ണ്ണമിച്ചന്ദ്രന്‍ - കുട്ടിക്കുസൃതിപ്പാല്‍പ്പുഞ്ചിരി !


മിഴി രണ്ടുള്ളതേ ഭാഗ്യം

പാര്‍ക്കിലെ കല്‍വഴി, ഒഴിവുദിന സായന്തനം
ഞാനും കുടുംബവും കാഴ്ചകള്‍ കണ്ടു നടക്കവേ
നീയും കുടുംബവും എതിരെ വരുന്നു
കണ്ടിട്ടും കാണാത്തതുപോലെയല്ലോ സഖീ
നമ്മള്‍ നടന്നകന്നു.

രുചി റസ്റ്റോറന്റിലെ എ സി യില്‍
ഞാനും കുടുംബവും ഒരു മേശമേല്‍
മസാലദോശയില്‍ പഴുതാരയെ തിരയുമ്പോള്‍
തൊട്ടപ്പുറം നീയും കുടുംബവും
ചിക്കന്‍ കറിയിലെ പുഴുവിനെ തോണ്ടുന്നു
കണ്ടിട്ടും കാണാത്തതുപോലെയല്ലോ സഖീ
നമ്മള്‍ ഇരുന്നിരുന്നു.

എല്ലാം കഴിഞ്ഞു പാര്‍ക്കിലെ ബെഞ്ചിലിരിക്കുമ്പോള്‍
തൊട്ടപ്പുറം കമ്പി മുള്‍ വേലിക്കുമപ്പുറം
ചവറുകള്‍ ചീഞ്ഞു നാറുന്നു-
ഇന്നലെ രാത്രിയില്‍ ഞാനിട്ട നീല പ്ലാസ്റ്റിക് പൊതി
എന്നെ നോക്കിച്ചിരിക്കുന്നു സൗഹൃദം.
കാണാത്ത മട്ടില്‍ ഞാന്‍ ഇടത്തോട്ട് തിരിയുന്നു
അവിടെ വെട്ടിയൊതുക്കിയ പച്ചച്ചെടി മതിലിന്നുമപ്പുറം
മഞ്ഞക്കോളാമ്പിപ്പൂവുകള്‍,ചെമ്പനീര്‍പ്പൂവുകള്‍,
അതിനുമപ്പുറം ബെഞ്ചില്‍ നീയും കുടുംബവും.

എന്റെ ഒരു മിഴി ഇവളിലും
മറ്റേ മിഴി നിന്നിലും
നിന്റെ ഒരു മിഴി അവനിലും
മറ്റേ മിഴി എന്നിലും.
മിഴി രണ്ടുള്ളതേ ഭാഗ്യം.

പിന്നെ നീ എന്നിലെ മിഴിയടച്ചു, നിന്റെ
ചിരഞ്ജീവിയുടെ തോളില്‍ വീണു.
ഞാന്‍ നിന്നിലെ മിഴിയടച്ചു, എന്റെ
സൌഭാഗ്യവതിയെ തോളിലിട്ടു.

നമ്മള്‍ക്കിടയിലെ നമ്മുടെ ആ പഴയ ബെഞ്ചില്‍
ഒരുവന്‍ ഒരുവളോട് പറയുന്നു -ഞാന്‍
പണ്ട് നിന്നോട് പറഞ്ഞതു തന്നെ..." പ്രിയേ,
നിന്നെപ്പിരിഞ്ഞെനിക്കില്ലൊരു ജീവിതം ”.

രാത്രിയാകുന്നു. നിങ്ങള്‍ പോകാനെണീറ്റു.
ഞങ്ങളും.
നിങ്ങളും ഞങ്ങളും കുട്ടിയെ തപ്പുമ്പോള്‍
കാണാം കുട്ടികളുടെ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍
എന്റെ മോളും നിന്റെ മോനും
പന്ത് തട്ടിക്കളിക്കുന്നു.

കുട്ടികള്‍ കളിക്കട്ടെ അല്ലേ?

Thursday 25 October 2012

നിഴല്‍പ്പേടി

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ കാല്‍ ചോട്ടില്‍ നീ ചേര്‍ത്തു വെച്ചോരീ
കരിനിഴല്‍ കണ്ടു ഭയന്നുപോകുന്നു ഞാന്‍!

എന്തിഷ്ടമാണെനിക്കെന്റെ ബാല്യം
ബാല്യ വികൃതികള്‍, കൌമാര പ്രണയ കുതൂഹലം,
യൌവനലഹരികള്‍- എങ്കിലും
എന്റെ മേല്‍ നീയൊരു താക്കീതുപോല്‍ നീട്ടും
വാര്‍ദ്ധക്യമാണെന്‍ മനസ്സിലെ സംഭ്രമം!

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ ജന്മത്തിന്റെ ഒടുവില്‍ നീ ചേര്‍ത്തൊരാ
വാര്‍ദ്ധക്യമോര്‍ത്തു ഭയന്നുപോകുന്നു ഞാന്‍!

എന്തിഷ്ടമാണീ മാമ്പഴക്കാലം
കര്‍ക്കിടക മഴയുടെ മദഭരിത നര്‍ത്തനം
ഓണ നിലാവിന്റെ ചന്തം, പല വര്‍ണ്ണ
ക്കുടകള്‍ മാറുന്ന പൂക്കാലം, മുല്ലകള്‍
പൂത്തു കുളിരും ശരത്കാലം -എങ്കിലും
എന്റെ മനസ്സിലൊരു കത്തുന്ന വേനലിന്‍
ചുട്ടു പൊള്ളും ഭീതിയാണെപ്പോഴും.

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ ഋതുക്കളില്‍ നീ ചേര്‍ത്തു വെച്ചോരാ
വേനലിന്‍ പേടിയില്‍ വെന്തുപോകുന്നു ഞാന്‍!




എന്തിഷ്ടമാനെനിക്കീ സ്നേഹ മധുരം
പ്രിയയുടെ നാണപ്പുളിപ്പും, പരിഭവ-
മായ്‌ നാവിലിറ്റും ചവര്‍പ്പും, പിണക്കമാം
കണ്ണുനീരുപ്പുപോലും- എങ്കിലും
എന്തിനെന്നറിയില്ല നിത്യമാം വിരഹത്തിന്‍
കയ്പ്പാണുറക്കം കെടുത്തുന്ന സ്വപ്നം!

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ രസങ്ങളില്‍ നീയിറ്റു വീഴ്ത്തുന്ന
കയ്പ്പിന്റെ ഭീതിയില്‍ വീണു മുങ്ങുന്നു ഞാന്‍!

എന്തിഷ്ടമാണെനിക്കെന്നുമുഷസ്സിനെ
തൊട്ടുണര്‍ത്തുന്നൊരു പൂവിന്റെ ചന്തം
പൂവിനെത്തൊട്ടുണര്‍ത്തുന്ന പൂമ്പാറ്റയും
പൂവാങ്കുരുന്നിലത്തളിരിന്‍ തലോടലും
എങ്കിലും അപ്പോഴും എന്നെ പിന്നില്‍ നി-
ന്നെന്തേ തിരിച്ചു വിളിക്കുന്നു നീ!

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
നിഴലേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ ചുറ്റും ലാസ്യ നൃത്തം ചവിട്ടുമീ
വാഴ്വിന്റെ ദീപ്തിയെ മോഹിച്ചു പോകുന്നു ഞാന്‍

Thursday 18 October 2012

പാര്‍വ്വതി ബവുള്‍ പാടുന്നു

പാര്‍വ്വതി ബവുള്‍ പാടുന്നു -വംഗനാട്ടിലെ
വന്യതേജസ്സുണര്‍ന്നൊരു സ്വര്‍ണ്ണ നാളമായ്
ഇരുളാണ്ട വാഴ്വിന്നരങ്ങില്‍ ജ്വലിക്കവെ
അതുകേട്ടുണര്‍ന്നെന്റെ മനവുമാടുന്നൊരു
മകുടിയാല്‍ നാഗമെന്നതുപോലെ.

ഒരു കൈയിലേകതാര, മറുകയ്യില്‍ ദുഗ്ഗിയും.
പാര്‍വ്വതി ബവുള്‍ പാടുന്നു -കാവിയുടുത്ത്
തീവ്രരാഗത്തിന്റെ കനലില്‍ മുഖമെരിച്ച്
ജടയാര്‍ന്ന നീള്‍ മുടിയുലഞ്ഞ് ദുര്‍ഗ്ഗയെപ്പോലെ
ആടുന്നു പാടുന്നു പാര്‍വതി.

ഇരുമുളന്തണ്ടിന്നിടയില്‍ തുടിക്കുന്ന
തന്തിയില്‍ വിരല്‍ തൊട്ടുണര്‍ത്തുമനുസ്യൂത
മായൊരോങ്കാരവും ദുഗ്ഗിയില്‍ തുടികൊട്ടി
യുണരുന്ന ചടുലവേഗ ഹൃദയ താളവും

പാര്‍വ്വതി ബവുള്‍ പാടുന്നു ആറിന്ദ്രിയങ്ങള്‍-
ക്കതീതയായ്‌ ഗുരുവിനെത്തൊട്ട്
അവധൂത സിദ്ധയായ്‌ ഉലകമാകെ നാഗ
തളകളിളകും ചുവടില്‍ തുടിപ്പിച്ച്‌
*ജനന മരണങ്ങളെ അറിഞ്ഞും അളന്നും
രാധയായ്‌ കൃഷ്ണനെ തിരഞ്ഞും ചേര്‍ന്നലിഞ്ഞും


പാര്‍വ്വതി ബവുള്‍ പാടിടുമ്പോള്‍ സ്വരങ്ങള്‍
അര്‍ത്ഥം തുടിക്കുന്ന വാക്കിന്റെ ഭൌതിക
ദേഹത്തില്‍ നിന്നൂര്‍ന്നിറങ്ങി, അത്ഭുത
സ്ഥായിയാമാരോഹണവരോഹണങ്ങളുടെ
പരമാത്മ ഭാവത്തിലലിയുന്നു.
ഗഗനചാരികളായ്‌ പറന്നു പോകുന്നു.

പിന്നെയൊരു ക്ഷണിക ബോധത്തിന്റെ മിന്നല്‍-
പ്പിണരായി മണ്ണിന്നിരുട്ടിലേയ്ക്കൂര്‍ന്നിറങ്ങുന്നു
എല്ലാം ജ്വലിപ്പിച്ചെരിയും വെളിച്ചമായ്‌
ഉത്തുംഗമുന്മത്തമാമൊരു ലഹരിയായ്‌
ഭക്തിയായ്‌, ശക്തിയായ്‌, പരമമാം സായൂജ്യ
കൈവല്യമായി, കനിവിന്‍ കരുത്തായി
പാര്‍വ്വതി പാട്ടു തുടരുന്നു....

*ജനനൊ മരണൊ
രാധാഭാവ്‌
എന്നിവ പാര്‍വ്വതി ബവുളിന്റെ പ്രശസ്ത ബവുള്‍ ഗാനങ്ങള്‍ 

 

സൗഹൃദം

എത്രയോ നാളായി നമ്മള്‍ പിണങ്ങി-
പ്പിരിഞ്ഞിരിക്കുന്നു പ്രിയ സുഹൃത്തേ
ഇന്നലെ അവിചാരിതം നിന്റെ ഫോണ്‍ വിളി
ഇന്നെന്റെ വസതിയില്‍ നിന്റെ സന്ദര്‍ശനം.

വിരുന്നു വിഭവങ്ങള്‍, വിശേഷങ്ങള്‍ പങ്കുവെ-
ച്ചെത്രയോ നേരം നാമിരുന്നു.
ഒരു പിണക്കത്തിന്റെ മഞ്ഞുരുകി വോഡ്കയില്‍
നുരകളായ്‌, ആ ഹ്ലാദ നുരകളും നാം പകുത്തു.

ഒടുവില്‍ നിന്‍ യാത്രാമൊഴി,
ഒരു തവണ കൂടി മാപ്പപേക്ഷ.
പിരിയുന്നതിന്‍ മുമ്പു സൗഹൃദാലിംഗനം.
നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹം.
എന്നെ വരിയുന്ന നിന്നൂഷ്മളാലിംഗനം
മുറുകവേ എന്റെ ഹൃദയത്തിലേക്കൊരു
സുഖദം തണുപ്പിന്റെ മൂര്‍ച്ച തൊടുന്നു.
കണ്‍കോണില്‍ കണ്ടു ഞാന്‍ നിന്റെ കൈപ്പിടിയിലും
നിന്റെ പുഞ്ചിരി പോലെ ഒരു തിളക്കം.

എന്റെ തുടിക്കും ഹൃദയത്തില്‍ നിന്നെന്തോ
വാര്‍ന്നു പോകുന്നതു പോലെ
ഞാനൊരു മയക്കത്തിലേക്കാണ്ടു പോകു,ന്നെന്റെ
ഉയിരൂര്‍ന്നു പോകുന്ന നിര്‍വൃതി.

നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹമാം ലഹരി
കൈകളിലൂഷ്മളം എന്റെ ഹൃദയം വാര്‍ന്ന
കനിവിന്റെ നനവ്‌.