Saturday 10 March 2012

വെള്ളിമീനുകള്‍


എന്റെ ബാല്യത്തിന്റെ വീട്ടുമുറ്റത്തെ
പുഴയെനിക്കൊര്‍മ്മയില്‍ തെളിനീര്‍ത്തിളക്കം.
പുഴപോലെയൊരു ബാല്യവും, അതി-
നുള്ളില്‍ നിറച്ച കുസൃതി മീന്‍ ചാട്ടങ്ങളും.

മാനത്ത് കണ്ണുമായ് നീന്തുന്നവര്‍
കറുത്ത പൂ വിരിയിച്ചു നില്‍ക്കുന്നവര്‍
ചെമ്മഷി കലക്കിയതുപോലെ ഒരായിരം
കുഞ്ഞുങ്ങളെ കാത്തു നീങ്ങുന്നവര്‍
നൊടിയിലൊരു കൊള്ളിയാന്‍ പോലെ പൊന്തയില്‍
വെള്ളിത്തിളക്കമായ്‌ പായുന്നവര്‍
പായല്‍പ്പടര്‍പ്പിന്നിരുട്ടില്‍ നിന്നെപ്പോഴും
പാത്തും പതുങ്ങിയും നോക്കുന്നവര്‍.

വെള്ളിമീനിനെയൊന്നു കൈയിലെടുക്കുവാ-
നായിരുന്നെപ്പോഴുമെന്‍ കൌതുകം
തൊട്ടുതൊട്ടില്ലെന്ന മട്ടോളവും ഒരു
കുഞ്ഞാടിനെപ്പോല്‍ മെരുങ്ങും -ഒന്നു
തൊട്ടുപോയാലോ മിന്നല്‍പിണര്‍ പോലെ
ആഴങ്ങളില്‍ പോയ്‌ പതുങ്ങും-അവനൊരു
നാളെന്റെ കൈയിലൊതുങ്ങി.

ചില്ലുപാത്രത്തിലെ വെള്ളത്തിലിട്ടു ഞാ-
നെന്റെ പ്രിയപ്പെട്ട മീനിനെ-വെയിലേറ്റു
ശല്ക്കം തിളങ്ങവേ കാണുവാനെന്തു രസം
അന്നറിഞ്ഞില്ല ഞാനതിന്നില്ലം പിരിഞ്ഞതിന്‍ നൊമ്പരം.

ഇന്നിവിടെ എത്രയോ കാതങ്ങളകലെ-
ത്തനിച്ചിരിക്കെ വീണ്ടുമോര്‍ക്കുന്നു ഞാന്‍
അന്നെന്റെ ചുവടൊത്തു തൊടിയിലലഞ്ഞ
പിഞ്ചു പാദങ്ങള്‍ ചുവടുറച്ചോരോ വഴി പിരിഞ്ഞു.

ജീവിത പാപങ്ങള്‍ മലിനമാക്കിയ പുഴ
പോലെയൊഴുകാതെയിവിടെ തളം കെട്ടി
നില്‍ക്കുന്ന ജന്മം, അതിന്റെയിരു കരകളില്‍
നരച്ചു മരവിച്ചു മരുവായ്‌ നിന്നിടുന്നീ
യകാല വാര്‍ദ്ധക്യ ശാപം- എങ്കിലും
അന്നത്തെ ബാലനാം കുസൃതി കിടാവൊരു
ദീര്‍ഘകായത്തിലൊളിച്ചിരിക്കുന്നിപ്പോഴും.
ആഴത്തില്‍ നീന്തുന്ന വെള്ളിമീനുകളെ
തേടിയലയുന്നിപ്പോഴും.

മോഹിപ്പതെല്ലാം വെള്ളിമീനുകളെപ്പോല്‍
വലയില്‍ കുരുക്കി ചില്ലു പാത്രത്തില്‍ വയ്ക്കുന്നു.
പിന്നെയതിലെഴും കൌതുകം പോകവെ
എങ്ങോ വലിച്ചെറിയുന്നു, എല്ലാം നിരര്‍ത്ഥക-
മേന്നോര്‍ത്തു നെടുവീര്‍പ്പിടുന്നു
എല്ലാം കളിക്കുന്നതുള്ളില്‍ പതുങ്ങുമൊരു
ബാലനാം കുസൃതിക്കിടാവല്ലയോ?

അന്നെന്‍ പ്രിയപ്പെട്ട മീനിനെ റാഞ്ചി-
പ്പറന്നൊരു കാക്കയുടെ ഭീതിദം ചിറകടി
പെരുകിടാറുണ്ടെന്റെ നെഞ്ചിലിടയ്ക്കിടെ.

കവിതയല്ലിത് ജീവിതം


ലൈവായ്‌ നടക്കുമൊരു ടോക് ഷോ
സ്റ്റുഡിയോയില്‍ ഫ്ലോറില്‍
പ്രതിക്കുള്ള സീറ്റില്‍ ഞാനിരിക്കുന്നു.
ഉത്തരം മുട്ടി വിയര്‍ക്കുമ്പോള്‍ ഒരു ബ്രേക്ക്

അപ്പോള്‍ സ്ക്രീനില്‍ കണ്ടതൊരു സൂപ്പര്‍ സ്റ്റാറിന്റെ
പുത്തന്‍ പടത്തിന്‍ പരസ്യം- ഉശിരന്‍ ഡയലോഗ്
പത്തു വില്ലന്മാരെ ഒറ്റയ്ക്കടിച്ചു വീഴ്ത്തുന്ന സ്റ്റണ്ട്
വിയന്നയില്‍ പോയി മരം ചുറ്റി വന്ന പാട്ടിന്റെ തുണ്ട്
അങ്ങനെ അമ്പത്തിയഞ്ച് സെക്കന്‍റ്.

കോള കുടിച്ചു വിയര്‍പ്പാറ്റിയിരിക്കുമെന്‍
മുന്നിലേയ്ക്കതാ വീണ്ടും ക്യാമറ
എന്നിട്ടും വാക്കുകളില്ല- (പറയുവാന്‍ കൊള്ളുന്ന കാര്യങ്ങളല്ലല്ലോ)
മഹാ ബോറ്

പ്രേക്ഷകര്‍ ചാനല്‍ മാറ്റാതിരിക്കുവാന്‍
അവതാരിക നിന്റെ നേര്‍ക്ക്‌.
(ലക്ഷങ്ങള്‍ വിലയുള്ള സെക്കന്‍ഡുകള്‍
ജനപ്രിയ ചാനലില്‍ റേറ്റിങ്ങു കൂടിയ പ്രൈം ടൈം ഷോ
എത്ര ലക്ഷങ്ങള്‍ നാം തുലച്ചു!)

ഇരയ്ക്കുള്ള സീറ്റില്‍ നീയിരിക്കുന്നു
പേടിച്ചരണ്ടു വിളര്‍ത്ത മുഖം തുടയ്ക്കുന്നു.
അവതാരിക നിന്നോട് കൊഞ്ചുന്നു....
"മാഡത്തിനുണ്ടായ പീഡനം വിശദമാക്കാമോ?”
പ്രേക്ഷകര്‍ കാത്തിരിക്കുന്നു
നീയൊന്നു കരയുന്നുമില്ല
(കണ്ണുനീരിന്റെ ക്ലോസപ്പ് ഷോട്ടിനു പൊന്നും വിലയുള്ള കാലം)
മുഖം താഴ്ത്തി നീയിരിക്കുന്നു
പ്രേക്ഷകര്‍ ചാനല്‍ മാറ്റിയാലോ ?

വീണ്ടുമൊരു ബ്രേക്ക്- മുഖകാന്തി കൂട്ടുവാന്‍
തേയ്ക്കേണ്ട ക്രീമിന്‍ പരസ്യം,
പിന്നെയൊരു സോപ്പിന്‍ പരസ്യം
അര്‍ദ്ധ നഗ്നാംഗ ലാവണ്യ
മദഭരിത മന്ദാര മലരിന്റെ മകരന്ദ മധുരം (മ യ്ക്കു മരണമില്ല)

പ്രേക്ഷകരങ്ങനെ കണ്‍കുളിര്‍ക്കെ വീണ്ടും
നിന്റെ മുന്നിലേയ്കാണു ക്യാമറ
എന്നിട്ടും വാക്കുകളില്ല- ഓര്‍ക്കുവാന്‍ കൊള്ളുന്ന കാര്യങ്ങളല്ലല്ലോ
(ലക്ഷങ്ങള്‍ …....... നാം തുലച്ചു!)

അന്നത്തെ എപ്പിസോഡ് തീര്‍ന്നു.
പിന്നെ നമ്മളിരുപേരും ചാനലുകാര്‍ തന്ന ഐസ്ക്രീം കഴിച്ചു
സ്വച്ഛ ശീതളമായ ഫ്ലോര്‍ വിട്ടിറങ്ങി
തീപിടിച്ചതുപോലെ പായുമീ നഗരത്തിന്‍
നടുവിലെ പൊള്ളുന്ന റോഡിലിറങ്ങി
തെക്കു വടക്കു നടന്നു...
ഷോയല്ലിത് ജീവിതം.

Friday 9 March 2012

കാറ്റ്


പാര്‍ക്കിലിരുന്നു നമ്മള്‍
പ്രണയം നുകരുകയായിരുന്നു.
എന്നെയും നിന്നെയും ചുറ്റിപ്പറന്നൊരു
കുസൃതിയാം കാറ്റ്‌
നമ്മുടെ പ്രണയവും തട്ടിയെടുത്തു പറന്നു.

അത് ചെന്നു ദൂരെയാ കുന്നിനെ തൊട്ടു തലോടി,
കാട്ടിലൂഞ്ഞാലാടി,
കായലില്‍ നീരാടി,
അകലെ ചക്രവാളത്തില്‍ പോയി നേര്‍ത്തു.
നമ്മളത് നോക്കിയിരുന്നു.

കുന്നിലും കാട്ടിലും കാറ്റ് തൊട്ടപ്പോള്‍
പ്രണയമായ്‌ പൂക്കള്‍ നിരന്നു.
കായലിന്‍ മാറില്‍ രോമാഞ്ചമായി
കുഞ്ഞോളങ്ങള്‍ നിറഞ്ഞു.
ചക്രവാളത്തില്‍ ചെന്തുടുപ്പായി
അത് നിന്റെ കവിളില്‍ തെളിഞ്ഞു
ഞാനത് നോക്കിയിരുന്നു.

അങ്ങനെ അന്തി മാഞ്ഞു.
രാത്രി-
വയലിനില്‍ വിടരുമൊരു ശോക ശ്രുതി പോലെ
നറുനിലാവെത്തി, കുളിരുമെത്തി.
എന്റെ മുറിക്കുള്ളില്‍ ഒറ്റയ്ക്കു ഞാനതു
നോക്കിയിരിക്കവേ
കനമാര്‍ന്ന നെഞ്ചകം തട്ടിപ്പൊളിച്ചൊരു
പൊള്ളുന്ന നെടുവീര്‍പ്പ്
മനസ്സിലെ വിങ്ങലും തട്ടിയെടുത്തു പറന്നു.

അത് ചെന്നു ചുവരിനെ തൊട്ടു തലോടി
ജാലക തിരശ്ശീലയിലൂഞ്ഞാലാടി
മുറ്റത്തെ നീലനിലാവില്‍ നീരാടി
അരികിലെ ചെമ്പകച്ചില്ലയില്‍ പോയി നേര്‍ത്തു.