Saturday 22 June 2013

പ്രണയമെന്നാല്‍

മഴയാണു പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലുന്മാദമായ്‌ പെയ്തു വീഴും
കുടകിലെ മഴ പോലെ കാടിന്റെ ഹരിതമാം
കടലില്‍ സുതാര്യ, ശീതോദക മുത്തുകള്‍.
നമ്മുടെ മധുവിധു മഴയില്‍ നനഞ്ഞതും
ഉടലുകള്‍ക്കിടയില്‍ നീര്‍ത്തുള്ളിയുതിരവേ
പ്രണയമായ്‌ രാവു പതഞ്ഞതും, തോരാത്ത
മഴയില്‍ നാം വീണു കുതിര്‍ന്നതും ഓര്‍ക്കുന്നുവോ?


മഞ്ഞാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലാനന്ദമായ്‌ പെയ്തു നിറയും
മൂന്നാറിലെ മഞ്ഞുപോലെ സായന്തനം
സ്വര്‍ണ്ണമുരുക്കുന്ന ശാദ്വലത താഴ്വര തോറും.
നമ്മുടെ സ്വപ്‌നങ്ങള്‍ മഞ്ഞായ്‌ പതഞ്ഞതും
ഹൃദയങ്ങള്‍ക്കിടയിലാ മഞ്ഞിന്റെ തൂവല്‍
സ്പര്‍ശന ലഹരിയൊരു ലയമായി നിറയവേ
മഞ്ഞുമാത്രം ഉടല്‍ വടിവുകള്‍ പകുത്തതും ഓര്‍ക്കുന്നുവോ?


മദമാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് നമ്മിലാഘോഷമായ്‌ ഓളമിട്ടന്നു
കുട്ടനാട്ടില്‍, പുതു കര്‍ക്കടക മഴപെയ്തു
നിറയുന്ന കായലില്‍, വഞ്ചിയില്‍, ഒരു കുട-
ക്കീഴിലൊന്നിച്ചൊരു കാറ്റിന്റെയാരവ
ത്തിരകളില്‍ തെന്നിത്തെറിച്ചു പോയ് നമ്മളൊരു
പച്ചത്തുരുത്തിലടിയവേ ഹര്‍ഷമായ്‌
ഉടലുകള്‍ ചുഴി പൂണ്ട പ്രളയമായ്‌ പ്രണയമെന്നോര്‍ക്കുന്നുവോ?


മലരാണ് പ്രിയതേ, പ്രണയമെന്നാല്‍
അത് പൂത്തു കുലകളായ് കുട വിരിച്ചും, വീണു
നമ്മുടെ പദപാതനങ്ങള്‍ക്ക് വാസന്ത
വര്‍ണ്ണം പകര്‍ന്നിരുന്നു, പിന്നെ നമ്മുടെ
നന്ദന വാടിയില്‍ ശലഭങ്ങളായ് ചിറ-
കേറി പറന്നന്നു നമ്മുടെ കുസൃതിക്കുരുന്നുകള്‍
മലരായി, മലരിലെ മധുവായി, മണമായ്
നിരന്നതാം ജീവിത പ്രണയ ഋതുഭംഗിയോര്‍ക്കുന്നുവോ?

മറവിയാം പ്രിയതേ, പ്രണയമെന്നാല്‍
ആസ്പത്രി മുറിയില്‍, സ്വര്‍ഗത്തിലേക്കുള്ള
വിണ്‍ പാതയില്‍ തൊട്ടു തഴുകിപ്പറന്നുപോം
വെണ്‍മേഘ ശകലങ്ങള്‍ പോലെ വെളുപ്പിട്ട
ഡോക്ടറും നേഴ്സും, വെള്ളവിരി മെത്തയും.
ധമനിയിലിറ്റു വീഴുന്നു മരിക്കാതിരിക്കാന്‍
മറക്കുവാനുള്ളോരു ദിവ്യൗഷധം
ഡെറ്റോള്‍ മണക്കുന്ന മറവിയാം പ്രണയമെന്നോര്‍ത്തുവോ?


മരണമാം പ്രിയതേ, പ്രണയമെന്നാല്‍
നമ്മള്‍ പിറന്ന മഹാമൌനത്തിലെയ്ക്ക്
നമ്മള്‍ തിരിച്ചു പോകുന്നു, അല്പമാം
ഇടവേളയില്‍ നമ്മള്‍ കളിയായ്‌, ചിരിയായി,
കരച്ചിലായ്‌, കാത്തിരിപ്പായുമാഘോഷിച്ച
ജീവിത സൌഭാഗ്യ സപ്തവര്‍ണ്ണ പ്രഭ
മണ്ണി,ലുടലാം മറവിയുടെ വിത്തുകള്‍ ബാക്കിയാക്കി
എതിര്‍ കാറ്റില്‍ പോയി മറയുന്നു - ഓര്‍ക്കുക


എവിടെയും നീയെന്റെ ഓര്‍മ്മയായ്‌ ഓടിവ-
ന്നരികത്തിരുന്നാല്‍, അരികിലാണെന്നുള്ള
അറിവായിരുന്നാല്‍, ആ സ്നേഹമറിയുന്ന
മനമാണ് പ്രിയതേ, പ്രണയമെന്നാല്‍.

No comments:

Post a Comment