Monday 12 November 2012

പ്രണയജലം

പ്രിയേ, നമ്മളിരു കരകളില്‍ നില്‍പ്പൂ
നമുക്കിടയിലൂടൊഴുകുമീ പുഴ
വരണ്ടുണങ്ങുന്നൂ, അതിലൊഴുകുന്ന
പ്രണയ നീര്‍ച്ചോല മെലിഞ്ഞു നേര്‍ക്കുന്നൂ.

കിഴക്കു ദിക്കിലെ ഹരിതസാനുക്കള്‍
പ്രതീക്ഷകള്‍ വറ്റി നരച്ചു പോകുന്നു
കടലില്‍ നിന്ന് നീര്‍ക്കുടവുമായ് പോരും
സ്വപ്‌നങ്ങള്‍ മേഘങ്ങള്‍ മരിച്ചു പോകുന്നു
ഭയമൊരു കത്തും കഠോര സൂര്യനായ്‌
പ്രണയ നീരാകെ കുടിച്ചു തീര്‍ക്കുന്നു.
പ്രിയേ, നമ്മള്‍ തമ്മില്‍ പകച്ചു നോക്കുന്നു
നമുക്കിടയിലീ പ്രണയം നീറുന്നു.

കറുത്ത മേഘങ്ങള്‍ തിമിലതാളമായ്‌
കടുന്തുടിയായ് കര്‍ക്കടക കൌമാരം
മലയില്‍, കാട്ടിലും മദിച്ചു പെയ്യവേ
പ്രളയമായ്‌ പ്രേമം കരകവിയവേ
അതിലിറങ്ങുവാന്‍ ഭയന്നിരുന്നു നാം
മലവെള്ളം വാര്‍ന്നു കടലിലേക്കു പോയ്‌.

ഇരു കരയില്‍ നാം, ഇടയിലീ പുഴ;
ഇതാണ് ജീവിതം; ഈ ജന്മ നാനാര്‍ത്ഥം.

പ്രിയേ നോക്കൂ നമ്മള്‍ ചവുട്ടി നില്‍ക്കുമീ
കരിഞ്ഞ മണ്ണിന്റെ മനസ്സിലും സ്നേഹം
നിറഞ്ഞു നില്‍ക്കുന്നു, തിരഞ്ഞു ചെല്ലുന്ന
തരുവിന്റെ വേരില്‍ പടര്‍ന്നു കേറുന്നൂ
പ്രണയമായ്‌ ജലം പുണര്‍ന്നു കേറവേ
തരുവുടല്‍ പുതു ചൈതന്യമാകുന്നു.
ഹരിത ഹര്‍ഷമായ്‌, തളിര്‍ത്തലോടലായ്‌
ഇലകളായ്‌, പൂവായ്, പൂവില്‍ പരാഗമായ്‌

പ്രിയേ , നമ്മള്‍ ഇരുകരകളില്‍ നില്‍പ്പൂ
നമുക്കിടയിലെ പുഴയ്ക്കടിയിലെ
ഇരുണ്ട മണ്ണിലൂടൊഴുകുന്നു പുഴ
പ്രണയമാം ജല പ്രതീക്ഷയായ്‌ ചിരം !

വഴിക്കണക്ക്