Friday 25 May 2012

കന്യാകുമാരിയില്‍


"കന്യാകുമാരിയില്‍ നീയെന്തു കണ്ടു ബാലേ?
അസ്തമയത്തിന്റെ രക്താഭയില്‍ തിളങ്ങുന്ന സൂര്യനെ?
മേഘങ്ങളെ ? ചെന്തിരകളെ ?
കന്യാകുമാരിയില്‍ നീയെന്തു കണ്ടു ?"
"കന്യാകുമാരിയില്‍ ഞാന്‍ കണ്ടതൊരു രക്ത
സൂര്യനെയല്ല, മേഘങ്ങള്‍, തിരകളെയുമല്ല
ഞാനൊരു മണിമാല വിറ്റു നടക്കുന്ന
കാക്കക്കറുമ്പിയാം പെണ്‍കിടാവിന്‍റെ
ഗദ്ഗദം കണ്ടു നിന്നു- അവളുടെ
കുങ്കുമച്ചെപ്പു വെന്മണലില്‍ ചിതറവേ
മിഴി കലങ്ങി ചോന്ന സൂര്യന്‍ കണ്ണുനീര്‍
തിരകളില്‍ മാഞ്ഞുപോയി!"

ആരോ വിളിച്ചു


ആരോ വിളിച്ചുവോ ?
അരികിലല്ലെങ്കിലും അകലെയല്ലാത്തപോല്‍
ആരോ വിളിച്ചുവല്ലോ !
ഉച്ചമയക്കത്തിലായിരുന്നെങ്കിലും
സ്വപ്നമല്ലാത്തപോല്‍ സ്പഷ്ടം
സ്നേഹാര്‍ദ്രമായ വിരലാലെ തലോടുന്ന പോലെ
നെറ്റിയില്‍ മൃദുവായി ചുംബിക്കും പോലെ
ആരോ വിളിച്ചുവല്ലോ !
നിദ്രയുടെ ചഷകമുടഞ്ഞു തൂവിപ്പോയ
സ്വപ്ന മധു മുത്തുകള്‍ പേര്‍ത്തും പെറുക്കിയും
ചുറ്റിനും നോക്കിപ്പകച്ചിരിക്കുമ്പോള്‍ ഞാനറിയുന്നു
മൌനം തണുപ്പായുറഞ്ഞു നില്ക്കുമെന്റെ
കൊച്ചുമുറിയിയ്ക്കുള്ളില്‍ ഞാനും
പിന്നെ എന്നെയൊരിക്കലും
വിട്ടു പിരിയാത്തൊരീ
ഏകാന്തതയും മാത്രം - എങ്കിലും
വ്യക്തമായോര്‍ക്കുന്നു ഞാന്‍...
ആരോ വിളിച്ചിരുന്നു.എന്നെയാരോ വിളിച്ചിരുന്നു.

മഴരാമായണം


കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഉമ്മറത്തിണ്ണയില്‍ കാല്‍ നീട്ടി വെച്ചിരു-
ന്നമ്മൂമ്മയീണത്തിലതു പാടിടുമ്പോള്‍
ചാരത്തു കത്തും വിളക്കിന്‍ വെളിച്ചം
ഓട്ടുപാത്തിയിലൂടെ നൂലായി വീഴും
കര്‍ക്കടക മഴയുടെ ഊടിലും പാവിലും
കസവുനൂല്‍ നെയ്തു ചേര്‍ക്കുന്നു.

കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഒരു മഴത്തുള്ളിയുടെ സീതായനം

ഉഴവു ചാലില്‍ നിന്നു സൂര്യനാം ജനകന്‍
വാല്‍സല്യ കിരണ ഹസ്തങ്ങളാലെ എടുത്തുയര്‍ത്തി.
ആകാശ മിഥിലയില്‍ വളര്‍ത്തി.
പിന്നെയൊരു നാളിലൊരു വില്ലാളി വീരന്‍
മിന്നലിടി വെട്ടാല്‍ ദിഗന്തം മുഴക്കി
വില്ലൊടിച്ചവളെ ഒരാത്മഹര്‍ഷത്തിന്‍
കുളിര്‍മഴയാക്കി അയോദ്ധ്യയില്‍ കുടിയിരുത്തി.

കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
മഴ പോലെ പെയ്യുന്ന സീതായനം

കര്‍ക്കടക രാവില്‍ അമ്മൂമ്മ പാടും
കിളിപ്പാട്ടിലാത്മാവലിഞ്ഞിരിക്കെ
ജാനുവിന്നുള്ളിലൊരിടിത്തീ മഴയായി
പെയ്യുന്നതുത്തര രാമായണം!

Tuesday 8 May 2012

മരം പെയ്യുമ്പോള്‍

സായന്തനത്തിലെ ചാറ്റല്‍ മഴ
രാത്രില്‍ മെല്ലെക്കനത്തു-പിന്നെ
പാതിരാവില്‍ നേര്‍ത്തു നേര്‍ത്തു വന്നു...

ഇലത്തുമ്പിലെത്തുള്ളികള്‍
മണ്ണിലേയ്ക്കുതിരുന്ന നേരം
ഓരോരോ തുള്ളിയും വീഴും സ്വരങ്ങളെ
വേര്‍തിരിച്ചെണ്ണിക്കിടന്നു നമ്മള്‍...

നിന്‍ വിരല്‍ത്തുമ്പെന്റെ നെഞ്ചില്‍
മൃദുലമായ്‌ ഉഴിയുകയായിരുന്നു -നിന്റെ
കത്തുന്ന നിശ്വാസമെന്റെ മനസ്സില്‍
കൊടുങ്കാറ്റുതിര്‍ക്കുകയായിരുന്നു.
ഓരോ സ്വരങ്ങളും സംഗീതമാവുകയായിരുന്നു...

ഞാന്‍ നിന്റെ മാറിലെ ചൂടു നിന്‍
ചുണ്ടില്‍പ്പകര്‍ത്തി
ചുണ്ടിലെ നനവ്‌ നിന്‍
നെറ്റിയില്‍ പടര്‍ത്തി
നീയാവുകയായിരുന്നു...

മരം പെയ്യുമീ സ്വരം കേള്‍ക്കുക...
മഴയിരമ്പത്തെക്കാളതെത്ര ഹൃദ്യം!