Friday 11 October 2013

മനുഷ്യരെപ്പറ്റി പറയുമ്പോള്‍

ഒരു കുട്ടി അച്ഛന്റെ കൈയില്‍ പിടിച്ചു
നടക്കുകയായിരുന്നു
പുഴയോരത്ത്,
വയല്‍ വരമ്പില്‍,
കടലോരത്തിന്റെ കാണാക്കരക്കാഴ്ചയില്‍,
മൃഗശാലയില്‍....

അക്ഷരം പഠിക്കാത്ത മീനുകളെ,
യൂണിഫോമില്ലാത്ത പൂച്ചയെ, പാമ്പിനെ,
അച്ചടക്കത്തിന്റെ പഞ്ജരമില്ലാതെ
പാറും വയല്‍ക്കിളികളെ,
കമ്പ്യൂട്ടര്‍ കാണാ മരങ്ങളെ
കണ്ടു നടക്കവേ
അച്ഛന്‍ കുട്ടിയോടിങ്ങനെ പറഞ്ഞു...
പാവമീ കിളികള്‍, മൃഗങ്ങള്‍,
വികസിച്ചതില്ലവയിലൊന്നിലും
മസ്തിഷ്കവും ബുദ്ധിയും ജ്ഞാനവും.
അറിവില്ല, കംപൊരുളില്ല
സംസ്കാരമില്ല, വിവേകമില്ല.
ഭൂവില്‍ മനുഷ്യര്‍ ഭാഗ്യവാന്‍മാര്‍
തത്വങ്ങള്‍ നിര്‍മ്മിച്ചവര്‍,
ശാസ്ത്രങ്ങളറിയുന്നവര്‍.
ജന്മങ്ങളില്‍ പുണ്യം മര്‍ത്യ ജന്മം
ദൈവത്തിന്‍ പാവന കര്‍മ്മം.

ഒരു കിളിക്കുഞ്ഞു തന്നച്ഛനോടൊപ്പം
പറക്കുകയായിരുന്നു.
വിഹഗ വീക്ഷണത്തില്‍ തെളിയുന്നു താഴെ
പലതരം വീടുകള്‍,
തെരുവോരത്തില്‍ ഒരു പെണ്ണിന്റെ
നിണമാര്‍ന്ന നഗ്ന മൃതദേഹം,
പ്രളയത്തില്‍ കുത്തിയൊലിച്ച ഗ്രാമങ്ങള്‍,
മരുഭൂമിയാകുന്ന കാടുകള്‍,
മലിനമാകുന്ന പുഴകള്‍, പുരയിടങ്ങള്‍.

ഒക്കെയും കണ്ടു പറക്കവേ
അച്ഛന്‍ കിളി കുഞ്ഞിനോടിങ്ങനെ പറഞ്ഞു
ഭൂമിയില്‍ തന്റെ സ്വന്തം കൂടിനിയും
പണിയുവാനറിയാതൊരേ ജീവി -മനുഷ്യന്‍
പല കാലം, പല ദേശം, പല വര്‍ഗ്ഗം -
ഭവനങ്ങളും പലതരം
പണിതതു വീണ്ടും പൊളിച്ചു പണിയുന്നു
പുത്തനെടുപ്പുകളേറ്റി വികലമാക്കുന്നു
കേവലമൊരുവനു പാര്‍ക്കുവാന്‍ പോലും
മഹാമന്ദിരം പണിയുന്നു, അവ പിന്നെ
പ്രേതഭവനങ്ങളാകുന്നു.
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചു
മോടി കൂട്ടുന്നു, ഈര്‍ഷ്യ കൂട്ടുന്നു.
ഒടുവിലൊരു ഭൂകമ്പത്തില്‍, ഒരു മഹാമാരിയില്‍
ഒക്കെ തകര്‍ന്നടിയുന്നു.

ഒരു കിളി ഒരു മൃഗത്തോട് പറഞ്ഞു
ഭൂമിയില്‍ സ്വന്തം ഭക്ഷണം എന്തെന്ന്
ഇനിയും തിരിച്ചറിയാതൊരേ ജീവി- മനുഷ്യന്‍
പല കാലം പല ദേശം പല വര്‍ഗ്ഗം-
ഭക്ഷണങ്ങളും പലതരം
ഭക്ഷണം പരീക്ഷണമാക്കുന്നു
വയററിയാതെ ഭക്ഷിക്കുന്നു.
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചു
രുചി കൂട്ടുന്നു, ഈര്‍ഷ്യ കൂട്ടുന്നു.
ഒടുവില്‍ അജീര്‍ണ്ണത്തില്‍ അകാലമൃത്യു.

ഒരു മൃഗം തന്റെ ഇണയോട് പറഞ്ഞു
ഭൂമിയില്‍ ഇതുവരെ സ്വച്ഛന്ദമായ്
ഇണ ചേരുവാനറിയാതൊരേ ജീവി- മനുഷ്യന്‍
പലര്‍ ചേര്‍ന്നൊരിണയെ കീറിമുറിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോടിണ ചേര്‍ന്നു ചുട്ടുകൊല്ലുന്നു
ഒരേയൊരിണയെന്ന വ്യാകുലതയില്‍
സദാചാര നാട്യം നടത്തുന്നു,
സ്വന്തം ഭാഷയില്‍, സംസ്കാരത്തില്‍
വ്യഭിചാരമെന്നൊരു വാക്കൊളിപ്പിക്കുന്നു.

എല്ലാ ജീവികളും പരസ്പരം പറഞ്ഞു
ഭൂമിയില്‍ സൃഷ്ടികര്‍ത്താവിനെ ഇതുവരെ
തിരിച്ചറിയാതൊരേ ജീവി- മനുഷ്യന്‍.
ഈ പ്രപഞ്ചം എത്ര സരളമെന്നറിയാതെ,
സൌമ്യവും സുന്ദരവുമെന്നറിയാതെ
വെറുതെ തല പുകയ്ക്കുന്നു,
ദൈവമെന്നാല്‍ നിര്‍മ്മലത്വമെന്നറിയാതെ
തര്‍ക്കിച്ചു മേനി നടിക്കുന്നു,
സങ്കീര്‍ണ്ണതകളുടെ ഊരാക്കുടുക്കില്‍
തലയിട്ടു ജന്മം തുലയ്ക്കുന്നു.

അപ്പോഴും കുട്ടി അച്ഛന്റെ കൈയില്‍
പിടിച്ചു നടക്കുകയായിരുന്നു
കുട്ടിയോടച്ഛന്‍ പറഞ്ഞുകൊണ്ടേയിരുന്നു...
ജന്മങ്ങളില്‍ പുണ്യം മര്‍ത്യ ജന്മം
ദൈവത്തിന്‍ പാവന കര്‍മ്മം.

No comments:

Post a Comment