Sunday 29 December 2013

പുതിയ കലണ്ടര്‍

ചുവരിലെയാണിയില്‍ നിസ്സംഗനായി
തൂങ്ങിക്കിടക്കുന്നു വിടപറയലിന്റെ
പഴകിയ ഭംഗിവാക്കൊന്നുമോര്‍ക്കാതൊരു
വര്‍ഷം മുഷിപ്പിച്ച പഴയ കലണ്ടര്‍,
ഇനിയും വെളിപ്പെട്ടുപോരാത്ത
കൌതുകമായിച്ചുരുണ്ടിരിക്കുന്നൂ
മേശമേല്‍ മുഷിയാത്ത പുതിയ കലണ്ടര്‍.

ജനുവരിയൊന്നിന്റെ കള്ളിയില്‍ നിന്നും
കൈപിടിച്ചെന്നെ നടത്തി ഡിസംബര്‍
മുപ്പത്തിയൊന്നില്‍ നിറുത്തിത്തിരിച്ചു
പോയിടാറുണ്ട് പതിവായ് കലണ്ടറുകള്‍.
അവ വരയ്ക്കുന്ന ഏണിയും പാമ്പും
കളികളിച്ചങ്ങനെ തോറ്റും ജയിച്ചും
ചില കള്ളികള്‍ തോറും കണ്ണുനീര്‍ വീഴ്ത്തിയും
ചിലപ്പോള്‍ ചിരിച്ചും ചിന്തിച്ചും
ചിലയിടത്തൊക്കെ കരുക്കള്‍ ചതിച്ചും
ചിലയിടത്തെന്നെ മുന്നോട്ടു തള്ളിയും
ജനുവരിയൊന്നില്‍ നിന്നും ഡിസംബര്‍
മുപ്പത്തിയൊന്നുവരേയും മുടങ്ങാതെ.

നിസ്സംഗനായിക്കിടപ്പൂ ഇനിവെറും
രണ്ടു നാളിന്റെയായുസ്സു കണ്ടറിഞ്ഞ കലണ്ടര്‍.

മുന്നൂറ്റിയറുപത്തിയഞ്ചു കളങ്ങള്‍ മുടങ്ങാതെ
വന്നുപോയെങ്കിലും ഇടയ്ക്ക് കളിനിര്‍ത്തി
കണ്‍നിറഞ്ഞെത്രയോ പേര്‍ പോയി,
എത്രയോ പേര്‍ ഇടയ്ക്കീ കളിയിലിളം
വിസ്മയ നേത്രവുമായ് വന്നു കൂടി.

ഏതു കളങ്ങളില്‍ ആരുടെയൊക്കെ
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍ , അതറിയാതെ
ഒടുവിലെക്കള്ളി വരേയ്ക്കും കാര്യങ്ങള്‍
വിട്ടുപോകാതെ കുറിച്ചുവയ്ക്കുന്നു നമ്മള്‍!

ഈ പുതിയ കലണ്ടര്‍ ഞാനിന്നു നിവര്‍ത്തവെ
മനസ്സില്‍ തുടിപ്പൂ പ്രതീക്ഷ- ഇതിലാണെന്റെ
യിനിവരും വര്‍ഷത്തെ ജാതകം
നാള്‍ക്കണക്കെഴുതേണ്ട ജീവിതം.
എങ്കിലും ഇതിലെങ്ങാനൊരു കള്ളിയില്‍
ഞാനറിയാതെന്റെ പൂര്‍ണ്ണ വിരാമം
പതുങ്ങുന്നുവോയെന്നു പറയാതെ കൌതുകം
കൈയില്‍ച്ചുരുട്ടിപ്പിടിച്ചു ചിരിക്കുന്നു
പൂര്‍ണ്ണമായ്‌ നിവരാത്ത പുതിയ കലണ്ടര്‍!

2 comments:

  1. ഏതു കളങ്ങളില്‍ ആരുടെയൊക്കെ
    പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍ , അതറിയാതെ
    ഒടുവിലെക്കള്ളി വരേയ്ക്കും കാര്യങ്ങള്‍
    വിട്ടുപോകാതെ കുറിച്ചുവയ്ക്കുന്നു നമ്മള്‍

    ഈ വരികൾ ഇഷ്ടപ്പെട്ടു പക്ഷെ അനാവശ്യമായ ഒരു നീളക്കൂടുതൽ അനുഭവപ്പെട്ടു അല്പം ചുരുക്കി ആശയം ചോരാതെ അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ

    ReplyDelete
  2. അഭിപ്രായത്തിനു നന്ദി. ശ്രദ്ധിക്കാം.

    ReplyDelete