Saturday 22 December 2012

ദേഹവും ദൈവവും




ബോധക്ഷയത്തിനും മൃത്യുവിനുമിടയിലെ
ഇരുള്‍ തുരങ്കത്തിനു നടുവില്‍
ജീവിത ഭാണ്ഡവും പേറി
അസ്വസ്ഥനായ്‌ നില്‍ക്കുമാത്മാവിനോട്
അതിശയരൂപി പരമാത്മാവ് ചോദിപ്പൂ..
"എന്തിനാണിപ്പൊഴുമകലാത്ത ചുമടുകള്‍
ഇവിടെയണയാറില്ലൊരാത്മാവുമൊരുനാളും
ഇതുവിധം ഭാരങ്ങള്‍ പേറി.
സര്‍വ്വവും ഭൂവില്‍ ത്യജിച്ചിങ്ങു പോരലാ-
ണിവിടെ നിയമം- നിനക്കുമതു ബാധകം.”

പറയുന്നിതാത്മാവ്-"ഭൂമിയെ സ്നേഹിച്ചു
തീരാത്തവന്‍ ഞാന്‍
ഏറെ വിഷമങ്ങള്‍, വിചാര, വിഷാദങ്ങള്‍
വിഹ്വലതകള്‍, വിഴുപ്പുകള്‍, വിശ്വാസങ്ങള്‍,
വികാര വിക്ഷോഭ വിധി ദുരന്തങ്ങള്‍
പേറിയല്ലോ ഞാനിവിടെ വന്നു.”

ദൈവമരുളുന്നു- “എത്ര ജന്മങ്ങള്‍
മണ്ണിലുപേക്ഷിച്ചു വന്നു നീ
എത്രവട്ടം ജനിമൃതിയ്ക്കിടയില്‍
ഈ തുരങ്കം നീ കടന്നു
ഇപ്പോള്‍ നിനക്കിതില്‍ വിഷമമെന്താണെടോ?”

പറയുന്നിതാത്മാവ് -"ഈ തുച്ഛ ജന്മത്തില്‍
എത്ര തുരങ്കങ്ങള്‍ ഞാന്‍ നടന്നു കടന്നു...
വിഷത്തിനും വിഷമത്തിനുമിടയില്‍,
ഭയത്തിനും വിഹ്വലതയ്ക്കും,
വെറുപ്പിനും വഞ്ചനയ്ക്കും
സ്നേഹത്തിനും പ്രണയത്തിനുമിടയില്‍
വിപ്ലവത്തിനും വിഷാദത്തിനുമിടയില്‍
അങ്ങനെ അങ്ങനെ...

എത്ര ദുരന്തങ്ങള്‍ ഞാന്‍ കടന്നു നടന്നു...
വിശപ്പ്‌, പ്രളയം, കലാപം,
ജീവിത സ്നേഹം, ഒന്നാകല്‍, ഒന്നുമല്ലാതാകല്‍
ധൂര്‍ത്ത്, വിരക്തി
അങ്ങനെ അങ്ങനെ...
അത്രമേല്‍ ജീവനെ സ്നേഹിക്കയാലിവന്‍
ജീവിതം ഹോമിച്ചിതൊടുവില്‍.”

പറയുന്നു ഭഗവാന്‍-” ഭൂവിലരുതിങ്ങനെ
സ്വയം ചെയ്യും ജീവിത ഹോമം
സര്‍വ്വതുമെന്‍ നിയമത്തിനു വിധേയം
ഞാന്‍ ചൊന്ന കാല നിയമങ്ങള്‍ പ്രകാരം.”

ഇത്രയുമുര ചെയ്തു പരമാത്മന്‍ സ്വയം തന്റെ
ആയുസ്സിന്‍ പുസ്തകത്താളുകള്‍ തിരയവേ
ആത്മാവ് നില്‍പ്പൂ തുരങ്കത്തിന്‍ നടുവില്‍...
പോവതെങ്ങോട്ടിനി?

ദേഹത്തിലേയ്ക്കോ, ദൈവത്തിലേയ്ക്കോ !

Saturday 15 December 2012

തെരുവുബുദ്ധന്‍

നഗരാരവത്തിന്‍ വിഴുപ്പു കുമിയുന്ന
പാതയോരത്ത് നിന്നു ബുദ്ധന്‍
തെരുവിലനാഥനായ്‌ പെറ്റു വീണതു തൊട്ടു
രോഗവും മരണവും ദാരിദ്ര്യ ദുഃഖവും
കണ്ടറിഞ്ഞതിനാല്‍, കൊണ്ടറിഞ്ഞതിനാല്‍
ഓര്‍മ്മയുറച്ച കാലത്തിലേ വെളിപാടു
നേടിയ ഗൌതമന്‍- ബുദ്ധന്‍.

സംത്യജിക്കാന്‍ സ്വന്തരാജ്യവും പ്രജകളും
പ്രിയമുള്ള ഭാര്യയും കുട്ടിയുമില്ലാതെ
ഓരോ നിമിഷ പുരുഷാര്‍ത്ഥവുമോരോ
ബോധിവൃക്ഷത്തണലാകയാല്‍ വെളിപാടു
ജീര്‍ണ്ണിച്ച ബുദ്ധന്‍- തഥാഗതന്‍.

വഴിയില്‍ *സുജാത പരിഹാസപ്പാല്‍ക്കുടം
തന്നില്‍ ചൊരിഞ്ഞു, ചിരിച്ചു നടന്നു പോകെ
ജടവീണ തലയിലെ ബൌദ്ധിക കവചം
നഖമുനയാല്‍ കോറി നിന്നു ബുദ്ധന്‍.

തെരുവിന്റെ കോണില്‍ ചവറ്റുകൂനയ്ക്കുള്ളില്‍
വിഴുപ്പുകള്‍ മൃഷ്ടാന്നമായി ഭുജിക്കവേ
ഉഗ്ര രോഗത്തിന്റെ വിഷബീജമായ്
നുരയ്ക്കുന്ന പുഴു, ചത്തു ചീയുന്ന ജന്തുക്കള്‍,
ചിതറിവീഴുന്ന നിണ വിഹ്വലതയോരോന്നി-
ലോരോന്നിലും സ്വന്ത ജന്മജന്മാന്തര
സ്വത്വങ്ങള്‍ വേറിട്ടറിഞ്ഞു ബുദ്ധന്‍.

ഒടുവിലൊരു നാള്‍ തന്റെയുന്മാദ ലഹരിയാം
ബോധി നട്ടുച്ചയ്ക്ക് ഉച്ചിയില്‍ ഉരുകിത്തിളയ്ക്കവേ
വഴിയിലൊരു വണ്ടിയ്ക്കടിയില്‍
അപകടസമാധിയില്‍ ബൌദ്ധികം
ചിതറിത്തെറിച്ചു തുലഞ്ഞു പോകെ
തുച്ഛമാം രക്തത്തിലവിടെയൊരു ശിലയില്‍
ലിഖിതമായ്‌ ഈ വിധം ധര്‍മ്മ പദം...
** 1. എറിയുന്ന വിത്തിന്നു ചേരുന്നതേ ഫലം.
2. നല്ലത് ചെയ് വോര്‍ക്ക് നല്ലതേ സിദ്ധം.
3. നന്നായ്‌ പാകിയ വിത്തില്‍ നിന്നുരുവമായ്‌
വൃക്ഷം തരും നല്‍ഫലം!



*Pali tradition believes that every Buddha was offered milk-rice from some maiden just before his Enlightenment. Vipassi Buddha accepted the milk-rice from Daughter-of-Sudassana-Setthi; Sikhi Buddha accepted it from Daughter-of-Piyadassi-Setthi; Vessabhu Buddha accepted the milk-rice from Sirivaddhana; Kakusandha Buddha accepted the milk-rice from a brahmin girl Vajirindha of the village Suchirindha; Konagamana from a Brahmin woman Aggisoma; and Kassapa Buddha from his wife Sunanda. Last in the list is Gotama Buddha, who accepted the milk-rice from Sujata.

**"The kind of seed sown
will produce that kind of fruit.
Those who do good will reap good results.
Those who do evil will reap evil results.
If you carefully plant a good seed,
You will joyfully gather good fruit." Dhammapada

Wednesday 12 December 2012

അച്ഛനും മകനും

എന്റെ മനസ്സില്‍ കളിച്ചോരുണ്ണിയെ
തോളത്തെടുത്തു പടിയിറങ്ങിപ്പോയി
പണ്ടെന്റെയച്ഛന്‍.
സങ്കടം കത്തിനില്‍ക്കുന്ന നട്ടുച്ചയ്ക്ക്
വേര്‍പെടലിന്റെ കറുത്ത കുട നീര്‍ത്തി
തെക്കേപ്പറമ്പു കടന്ന്
കണ്ണുനീര്‍പ്പാടം കടന്ന്
തെക്കോട്ടുപോയെന്റെ അച്ഛന്‍.

അച്ഛനോടൊപ്പമെന്നുള്ളിലെയുണ്ണി
പോയ്പോയതില്‍പ്പിന്നെ
എന്നിലെ കളിചിരി ഞാന്‍ മറന്നു.
ഭാരിച്ച ജീവിതക്കെട്ടുമെടുത്തു
നാടുകള്‍ തോറും നടന്നു.

പലവട്ടം മഴ വന്നു പോയീ
വെയില്‍ വന്നു പോയീ
പകലുകള്‍ ഇരവുകള്‍ വന്നുപോയി.
എന്നിട്ടും വന്നില്ല അച്ഛന്‍.

പിന്നെപ്പതുക്കെയെന്‍ മുറ്റത്തെ വാടിയ
മുല്ലയില്‍ നാമ്പു കുരുത്തു
ഇല വന്നു, പൂ വന്നു, പൂങ്കുല വന്നു
പൂവിറുക്കാനൊരു പെണ്ണു വന്നു
തോളത്തെടുക്കാനൊരുണ്ണി വന്നു
ഉണ്ണി നടക്കുന്നു, ചാടിക്കളിക്കുന്നു
എന്റെ കൈകോര്‍ത്തു നടക്കുന്നു
ഇന്നലെ കളിചിരിക്കിടയിലെന്‍ കാതി-
ലിറുക്കിച്ചിരിച്ചവന്‍ നില്‍ക്കെ
കണ്ടമ്പരന്നു പോയ്‌ എന്നിലെയുണ്ണിയെ
തോളത്തെടുത്തുപടിയിറങ്ങിപ്പോയി-
ട്ടെന്നു തിരിച്ചു വന്നെന്റെയച്ഛന്‍!

Tuesday 11 December 2012

ചോറിലെ കല്ല്‌

വായില്‍ക്കുരുങ്ങിമുറിഞ്ഞൊരു കല്ലിനെ
കയ്യില്‍ത്തിരിച്ചെടുത്തലറുന്നൊരതിഥി
കുറ്റബോധത്താല്‍ തലകുനിക്കുന്നു കല്ല്‌
കൂടെ വന്നവരാരും പിന്തിരിയാതെ
അന്നനാളത്തിലൂടൂര്‍ന്നുപോയി.

മനേജരെത്തുന്നു, വെയ്‌റ്ററും, ഉള്ളിലെ
വെപ്പുകാര്‍, പോലീസ്‌, ഫുഡ്‌ ഇന്‍സ്പെക്ടറും.
കുറ്റവിചാരണ തുടങ്ങുന്നു, തെറ്റിന്റെ
ഉറവിടം തേടി പഴിചാരലിന്റെ
പാത വകഞ്ഞു വകഞ്ഞു നോക്കി.

പെട്ടെന്നു തെറ്റേറ്റു പറയുന്നു കല്ല്‌-
"ഞാനോ വയലില്‍ കിടന്നവന്‍
ഭൂവിന്റെ ഉയിരാകുമുര്‍വ്വരതയില്‍ ജലം
കോരി നിറച്ചു ഞങ്ങള്‍ കിടക്കവേ
ഒരു നാളൊരു വിത്തുവന്നു വീണു.
പിന്നെ അതിന്റെ വേരൊഴുകിയിറങ്ങി
ഞങ്ങളില്‍ ഇക്കിളിത്തിരകളായി
അവനിലീ വാല്‍സല്യമേകിയല്ലോ
ഇലകളെ, നാമ്പിനെ, കതിരിനെക്കണ്ട്
കണ്‍ നിറഞ്ഞവിടെ ഞങ്ങള്‍ കിടന്നു.
പിന്നെ ആ ചെടിയിലൊരു കതിര് വന്നു
അവളിലും പാല്‍ നിറച്ചേകിയീ വാല്‍സല്യം.
പൊന്‍കതിരൊരു നാള്‍ ധാന്യമണികളായ്‌
വേര്‍പെട്ടു പോരവേ പിരിയുവാനാകാതെ
അറിയാതെ ഞാന്‍ പിന്തുടര്‍ന്നൂ
നാടുകള്‍, നാഴിക, നാളുകള്‍ മാറവേ
കതിരന്നമായി രസനയില്‍ കുതിരവേ
ഞാനൊരു ശാപമായ്‌ സര്‍, മാപ്പ് !”

Monday 10 December 2012

പ്ലാസ്റ്റിക് മണികിലുക്കം

എത്രയും പ്രിയമെനിക്കോര്‍മ്മകള്‍ തറവാട്ടു
മുറ്റത്തു പിച്ചവെച്ചു നടന്ന ബാല്യം, കൂട്ടു
കൂടിക്കളിച്ച പുതു കൌമാരം, യൌവനത്തില്‍
ഒക്കെയും പൊതിഞ്ഞു തോളത്തു മാറാപ്പിലേറ്റി
ജീവിത വഴിതേടി പിരിഞ്ഞു പോയേന്‍, പക്ഷെ
എന്റെയോര്‍മ്മകള്‍ ഇന്നും പിച്ചവെയ്ക്കാരുണ്ടിങ്ങീ
തറവാട്ടുമുറ്റത്ത് - തിരിച്ചു വരുന്നു ഞാന്‍.

ഇന്നെന്റെ തറവാടിങ്ങില്ല, ഭാഗം വെച്ചെന്നേ
പിരിഞ്ഞു പലവഴിയെന്റെ ബന്ധുക്കള്‍, ഓരോ
ജീവിത ബദ്ധപ്പാടില്‍ ലോകത്തിന്‍ പലകോണില്‍
ചിതറിയലയുന്നു, പലരായ്‌, പലതായി!

പുതിയ കലാലയമാണെന്റെ തറവാട്ടു
പറമ്പില്‍ ചുറ്റും ചെറു പട്ടണമായ് വളര്‍ന്നു.
എത്രയും ഇഷ്ടമാണീയോര്‍മ്മകള്‍, ഗൃഹാതുര
ചിന്തകള്‍, അതിനാലേ തിരിച്ചു ചെല്ലുന്നു ഞാന്‍
തറവാട്ടുമുറ്റത്ത്- നട്ടുച്ച കത്തും നേരം.

പണ്ടെന്റെയേട്ടന്‍ മുറപ്പെണ്ണോത്തു സല്ലപിച്ച
മുറ്റത്തൊരുദ്യാനമായ്‌, അവിടെ സല്ലാപമാര്‍-
ന്നിരിപ്പൂ കലാലയ കൌമാര മിഥുനങ്ങള്‍.
എന്നെ വിറപ്പിച്ചോരെന്നച്ഛനെ വിറപ്പിച്ച
ഗോവിന്ദമ്മാവന്‍ ചക്രവര്‍ത്തിയായ്‌ വിരാജിച്ച
പഴയ കോലായിലെ ചാരുകസേരപ്പാടില്‍
പ്രിന്‍സിപ്പാളിന്റെ മുറി- അവിടുന്നുയരുന്നു-
ണ്ടിന്നുമുഗ്ര ശാസന, തത്വങ്ങള്‍, താക്കീതുകള്‍.

ഇവിടെ ഇല്ലാതായ ഏതൊക്കെ മുറികളില്‍
എന്റെ മയില്‍പ്പീലിയും മഞ്ചാടി മണികളും
ആദ്യഹര്‍ഷവുമെത്രയാത്മ നൊമ്പരങ്ങളും
നവരൂപങ്ങളായി വേഷം പകര്‍ന്നാടുന്നു!

തെക്കേപ്പറമ്പിലെയാ ചക്കരമാവും, അതിന്‍
ചുവട്ടില്‍ അയവെട്ടും അമ്മിണിപ്പശുവുമാ-
ണിനിയും ബാക്കി; പണ്ട് മാമ്പഴം കാത്തു നില്‍ക്കും
ഉച്ചവെയില്‍ത്തണലില്‍ എനിക്കോമനയായ
പൈക്കിടാവുണ്ടായിരുന്നവളാരും കാണാതെ
ഓട്ടുമണി കിലുക്കി അമ്മതന്‍ ചാരെ ചെന്നു
പാല്‍ കട്ടു കുടിക്കവേ എന്നെക്കണ്ടാലുടനെ
അമ്പരന്നു നോക്കുന്ന നോട്ടമോര്‍ക്കുന്നുണ്ടിന്നും.

അവിടെച്ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നു പുതിയൊരു
എ ടി എം കുടില്‍ ഉച്ചത്തണല്‍ത്തണുപ്പേകുന്നു.
ഒരു പെണ്‍കിടാവുതന്‍ കയ്യിലെ *പ്ളാസ്റ്റിക് മണി
കിലുക്കി അതിനുള്ളില്‍ പൈക്കിടാവിനെപ്പോലെ
തിരിഞ്ഞൊന്നമ്പരന്നു നോക്കുന്നു വിജനമാം
വഴിയില്‍ അവളെയും തുറിച്ചു നോക്കിയൊരാള്‍
നില്‍ക്കുന്ന നില്‍പ്പിലാകാമവള്‍ക്കു പരിഭ്രമം
തിരിച്ചു നടപ്പൂ ഞാന്‍ -എന്‍ തറവാടേ വിട!

കാഴ്ചകള്‍ മങ്ങുന്നില്ല ലോകത്തില്‍, നമുക്കീയുള്‍-
ക്കണ്ണിന്റെ കാഴ്ച മാത്രമാണ് മങ്ങുന്നതിട-
യ്ക്കതിനാല്‍ കണ്ണടകള്‍ മാറ്റുക വീണ്ടും നോക്കൂ
നിത്യനൂതനം, വര്‍ണ്ണ സൌഭഗം, ലോകചിത്രം!

*പ്ളാസ്റ്റിക് മണി- എ ടി എം കാര്‍ഡ്‌