Friday 11 October 2013

രാമന്‍ സീതയ്കാരാണ്?

അവസാന വരിയും
      വായിച്ചു രാമായണം
മടക്കി കണ്ണില്‍ തൊട്ടു
      വന്ദിച്ച് എഴുന്നേറ്റു
ചോദിക്കുന്നുണ്ണി "രാമന്‍
      സീതയ്കാരായിരുന്നൂ?”

രാജാവായിരുന്നെന്ന് പറയുന്നമ്മ, രാജ്യ
ഭാരത്താല്‍ വലഞ്ഞൊരു പാവം മഹാരാജാവ്
അച്ഛനായിരുന്നെന്നു പറയുന്നച്ഛന്‍, കഷ്ട
സരയുവില്‍ മുങ്ങിയ ഭര്‍ത്താവാണെന്ന് ചേച്ചി.

തെക്കേ മുറിയില്‍ തടിക്കട്ടിലില്‍ മാനം നോക്കി
കിടക്കും മുത്തശ്ശന്റെ കണ്ണിലോ പലവട്ടം
കര്‍ക്കടകം പെയ്ത രാമായണ മഴയില്‍
നനഞ്ഞു നിറം പോയ പഴയ ചോദ്യമിത്.
(എങ്കിലും തെക്കേമുറ്റത്തരുകില്‍ അസ്ഥിത്തറ-
മുകളില്‍ തുളസിയില്‍ സന്ധ്യയ്ക്ക് പടിഞ്ഞാറന്‍
കാറ്റ് വീശുമ്പോളേതോ പഴയ ചിരിയുടെ
ത്രയ്യംബക ഞാണൊലി സ്വയംവര സംഗീതം!)

അകത്ത് സ്റ്റഡി റൂമില്‍ വളര്‍ന്നു നില്‍ക്കുമിന്റര്‍-
നെറ്റിലെ ചാറ്റ് റൂമിന്റെ ദണ്ഡകാരണ്യം തോറും
സ്വര്‍ണ്ണമാനിനെ ചുറ്റിത്തിരിയും കൊച്ചുമോള്‍ക്ക്
ചിരി പൊട്ടുന്നുണ്ടുള്ളില്‍ -"പഴയ രാമായണ-
പ്പഞ്ചവടിയില്‍ നിറമധുവിധു കാലത്ത്
ലക്ഷ്മണ രേഖ വിട്ടു പുഷ്പക വിമാനത്തില്‍
രാവണന്നൊപ്പം ലിവിംഗ് ടുഗദറിന്നു പോയ
സീത റാമിന് ബെസ്റ്റു ഫ്രെണ്ടേയല്ലായിരുന്നു.”

അകത്തെ മുറിയിലെ അരണ്ട വെളിച്ചത്തില്‍
പൊടിമൂടിയ നിലക്കണ്ണാടിക്കോണില്‍ തന്റെ
പൊട്ടിയ പ്രതിബിംബം ഇമവെട്ടാതെ നോക്കി
നരച്ച മുഖവുമായി നില്‍ക്കുമമ്മിണിയ്ക്കുള്ളില്‍
മുള പൊട്ടുന്നു കടം കഥ പോല്‍ ചോദ്യം "രാമന്‍
ആരുമാകട്ടെ പക്ഷേ രാവണന്‍ സീതയ്ക്കാര്?”

അവസാന വരിയും
      വായിച്ചു നിശ്വസിച്ചു
ജീവിത രാമായണം
      മടക്കി കണ്ണില്‍ തൊട്ടു
വന്ദിച്ച് പോയ്പോകുമ്പോള്‍
      വായിപ്പോരെല്ലാവരും
അന്തം വിടുന്നൂ പോലും
      'രാമന്‍ സീതയ്ക്കാരാണ്?'

No comments:

Post a Comment