Friday 6 September 2013

കടുകുമണികള്‍

(കിസ ഗൌതമിയുടെ കഥ)

ഒടുവില്‍ കൈയിലൊരു
            പിടിക്കടുകുമായി
അവള്‍ നില്‍ക്കുന്നൂ മുന്നില്‍
            സന്ദിഗ്ദ്ധന്‍ തഥാഗതന്‍.

പറയുന്നവള്‍- എല്ലാ നാടുകള്‍, വീടുകളും
കാലങ്ങള്‍ തോറും തെണ്ടി കടുകുമണിക്കായി.
ഒടുവില്‍ ഞാന്‍ ചെന്നതൊരമ്മ തനിച്ചു പാര്‍ക്കും
വീട്ടിലാ, ണന്തിത്തിരി കത്തുന്ന സായംകാലം.

പറയുന്നമ്മ ലൌകികാചാര വിരക്തിയില്‍
മരണമെന്തെന്നറിഞ്ഞില്ല ഞാനിതേവരെ
മതി മറയും സുഖ പരിത്യാഗഭാവത്തില്‍
മരണമുണ്ടായില്ലെന്‍ കണ്മുന്നിലിതേവരെ

എത്രയോ മക്കള്‍, കൊച്ചു മക്കളും പിച്ച വെച്ചു
നടന്ന മുറ്റമിത്, പലവഴിയേ പിരിഞ്ഞ-
കന്നു പോയ്പോയവര്‍ പരിതോഷമാം ഗംഗ
കടന്നു നടന്നോരോ ദേശങ്ങളില്‍ പോയവര്‍

ഈ തറവാട് -ഇതിലൊറ്റയ്ക്ക് ഞാനും ഒരു
നാളമിളകാതുള്ള ദീപം പോലെന്റെ ജന്മം.
ധാരയായ്‌ *സ്നേഹം പകര്‍ന്നെരിയാതെ നില്‍ക്കുമ്പോള്‍
ജീവിതം ദീപ്തം, ഓരോ നിമിഷസ്പന്ദം തോറും.

മൃത്യുവിലടങ്ങുന്നില്ലൊന്നുമേ ദൂരങ്ങളില്‍
എത്രയും പ്രിയമുള്ളോരിരിപ്പൂ അറിയുന്നി-
ല്ലവരില്‍ ജീവിക്കുമെന്‍ ജന്മമാം മഹാപുണ്യം
ചുറ്റുമീ ചരാചരമവരെപ്പോലെ തന്നെ.

ഈ തരുലതകളില്‍ എന്മക്കള്‍ ജീവിക്കുന്നു
പൂക്കള്‍, പൂമ്പാറ്റകളായ്‌ എനിക്കീ കുഞ്ഞുമക്കള്‍
അവതന്‍ നൈരന്തര്യം എന്മുന്നില്‍ തുടരുന്നു
അവിരാമമാം ജന്മം കണ്മുന്നില്‍ പുലരുന്നു.

വര്‍ഷവും, വേനല്‍, മഞ്ഞുകാലവും പൂക്കാലവും
മുടങ്ങാതോരോ വട്ടം വന്നുപോകുന്നു മുന്നില്‍
വിഷു,വോണവു, മാഘോഷങ്ങളാം പിറന്നാളി-
ന്നൊത്തുചേരലു, മനിവാര്യമാം വേര്‍പെടലും

പതിവു തെറ്റിക്കാതെ വന്നുപോകുന്നെന്നാലും
ഒരു പൂവൊറ്റക്കൊരു കാടിന് വസന്തമാ-
കുന്നതു പോലെ ജന്മം പുഷ്പിച്ചു പൊന്നാകുന്നു,
കാടിന്റെ ധ്യാനാകാശം പൂവായ ബോധാനന്ദം !

അകലെയിരിപ്പോരും മണ്മറഞ്ഞോരുമൊരേ
നിസ്സംഗ നിര്‍വൃതിയാണെനിക്ക്, അതിനാലേ
ജനിയില്‍ നിന്നും വേറിട്ടറിയുന്നില്ല മൃത്യു,
ജനിമൃതിദൂരങ്ങള്‍ക്കെന്നില്‍ ഭേദവുമില്ല.

വേര്‍പെടല്‍ വേറിട്ടറിഞ്ഞില്ല ഞാനിതേവരെ
വേര്‍പെടല്‍ നോവാകാമെന്നോര്‍ത്തുമി,ല്ലതിനാലെ
മനസ്സില്‍ മരണത്തെയറിഞ്ഞില്ലിതേ വരെ
ഇവിടെ നിന്നും കടുകെടുത്തു പൊയ്ക്കൊള്‍ക നീ.

ഒടുവില്‍ കൈയിലൊരു
            പിടിക്കടുകുമായി
അവള്‍ നില്‍ക്കുന്നൂ മുന്നില്‍
            പുഞ്ചിരിക്കുന്നൂ ബുദ്ധന്‍.



*സ്നേഹം- എണ്ണ എന്നുമുള്ള അര്‍ത്ഥത്തില്‍

No comments:

Post a Comment