Saturday 14 April 2012

നിലാവു പോലെ ഒരു പെണ്‍കുട്ടി


കൊല്ലൂരില്‍ നിന്നും കുടജാദ്രിയിലേക്ക്-
ആകെ പൊടിയും പരാതിയും നിറഞ്ഞുള്ള
ദുര്‍ഘട കാനന പാത.
ഇളകിയാടുന്ന ജീപ്പിലേറി
ഉടലുലഞ്ഞൊരു തീര്‍ഥയാത്ര.
എങ്കിലും ചുറ്റിനും
ശങ്കര പാദം ശിരസ്സാര്‍ന്നതിന്‍
സാത്വിക ഗൌരവം പൂണ്ടു നില്‍പ്പാണ്
കുടജാദ്രി ചൂഴുന്ന വനനീലവും
അതില്‍ വീണലിയുന്ന സായാഹ്നവും.

വഴിനീളെയിരുപുറം പേരറിയാത്തൊരു
ചെടി പൂത്തുലഞ്ഞു നില്‍ക്കുന്നു.
മാമ്പൂവിന്‍ ചെറുകുല പോലെ
നിലാവിന്‍ നിറം, കുറ്റിച്ചെടി- എന്റെ
നാട്ടില്‍ ഞാന്‍ കണ്ടിട്ടുമില്ല
വഴിനീളെയുയരും പൊടിയില്‍ പുതഞ്ഞ്
ഉടലാകെ മുഷിയുമ്പോഴും
പുഞ്ചിരി നിലാവു തെളിച്ചു നില്‍ക്കുന്നവള്‍
മുകിലിലൊരു വിദ്യുല്ലതിക പോലെ.

പിറ്റേന്നുഡുപ്പിയില്‍ ഉച്ചവെയിലത്ത്
എന്നെത്തിരഞ്ഞു വരുന്ന തീവണ്ടിയെ
കാത്തുനിന്നോരോ നിമിഷവുമെണ്ണവെ
കണ്ടു ഞാന്‍ ആളൊഴിഞ്ഞൊരു കോണില്‍
കല്ലുബെഞ്ചിന്റെ ചാരത്ത്
എങ്ങുനിന്നോ വന്നൊരൂരുതെണ്ടിക്കൂട്ട-
മുണ്ടവിടെ വീട് കൂട്ടുന്നു.


അവരിലൊരു പിഞ്ചു പെണ്‍കുട്ടി
വന്നുപോകുന്ന തീവണ്ടികള്‍ കണ്ട്,
അതിനുള്ളിലുയരും ആരവ, മാളുകള്‍ ഒക്കെയും
കണ്ട് കൈവീശുന്നു നിഷ്കളങ്കം.
ഒരു കൈക്കുടന്ന നിലാവിനെ പുഞ്ചിരി
ക്കുമ്പിളില്‍ കോരി, ചുറ്റിനും വാരി
വിതറിച്ചിരിച്ചുല്ലസിക്കുന്നു.

അവളുമാ പൂങ്കുല പോലെ- ഞാനിന്നലെ
കുടജാദ്രിയില്‍ കണ്ട പൂങ്കുല പോലെ
ഇലകളാകെ പൊടി വീണു മൂടുമ്പോഴും
ഇടയില്‍ നിലാവു നിറച്ചു നില്‍ക്കുന്നു.

പിന്നെ
പണ്ടത്തെ ഏതോ കഥയിലെ ദ്വീപിലെ
അല്പായുസ്സായൊരു രാജകുമാരനു മുന്നില്‍
മധുര നാരങ്ങയില്‍ നൂണ്ടു വന്ന
മരണത്തെപ്പോലെ
ഒരു മുട്ടയായ്‌,
നുരയ്ക്കും പുഴുവായി,
ഇഴയുന്ന സര്‍പ്പമായ്‌, പിന്നെയൊ-
രഗ്നി ചീറ്റും രുദ്ര വ്യാളിയായ്‌ മുന്നില്‍ വളര്‍ന്നു വന്നെന്നെ
ഉടലോടെ വാരിവിഴുങ്ങിയീ പ്ലാറ്റ്‌ഫോമില്‍
നിന്നു കിതയ്ക്കുന്നു തീവണ്ടി.

അവളെന്റെ നേര്‍ക്കു കൈവീശുന്നു.
വണ്ടിയിലുള്ളവര്‍ക്കെല്ലാം കൈവീശി
യാത്ര പറയുന്നുണ്ടവള്‍- എങ്കിലും വണ്ടിയിലെ
വലിയ രാജ്യങ്ങളുടെ തമ്പുരാക്കന്മാര്‍
ഇതൊന്നുമറിയാതിരിക്കുന്നു.
ഒടുവിലെന്‍ തീവണ്ടി ചൂളം വിളിക്കുന്നു
മെല്ലെയുരുണ്ടുനീങ്ങുന്നു.
പ്ലാറ്റ്‌ഫോമില്‍ നീയാം നിലാവെന്നില്‍ നിന്നും
മെല്ലെയകന്നു പോകുന്നു.

പേരറിയാത്ത പെണ്‍കുട്ടി,
നിന്‍ നേര്‍ക്കു നീളുമെന്‍ നിറമിഴി സ്പര്‍ശം
ഒരച്ഛന്റെ വാല്‍സല്യ ചുംബനം മകളുടെ
നിറുകയില്‍ വീണലിഞ്ഞില്ലാതെയാവതുപോലെ
മെല്ലെ നേര്‍ത്തു പോകുന്നു.
എങ്കിലും നേര്‍ത്തു പോകുന്നില്ല നീയെന്റെ
യുള്ളില്‍ നിറച്ച നിലാവിന്റെ ഹര്‍ഷം.

കുടജാദ്രിമുല്ലക്ക് സ്നേഹവുമായ്‌ കൂടെ
വനതരുവൃന്ദമുണ്ട്
നട്ടുച്ചനേരത്തും കാടിന്റെ കുളിരുണ്ട്
തെളിനീരുറവിന്റെയലിവുണ്ടു, ചുറ്റിനും
ചാമരം വീശിത്തലോടുന്ന കാടിന്റെ
വാല്‍സല്യ സാന്ത്വന സ്പര്‍ശവും,
നീഹാര വര്‍ഷമാമാശ്ലേഷവും. പക്ഷെ-
കുഞ്ഞേ,
കാട്ടുനീതിയെക്കാള്‍ വന്യമാം നാട്ടുനീതിയില്‍
കുലീനരും അഭിമാനവസ്ത്രമുലഞ്ഞതിന്‍ നോവാല്‍
കേഴുമീ വാഴ്വിലിനി നിന്നെയും കാത്തി-
രിക്കുന്നതേതഗ്നി തുല്യമാം ഭൂമിക!

പാഞ്ഞുപോകുന്ന തീവണ്ടിയുടെ സംഹാര
ചടുലതാളത്തില്‍ വിറച്ച്
വ്യാളി വിഴുങ്ങിയ വ്യാധിയായെന്റെ യാത്ര തുടരുന്നു.