Wednesday 27 March 2013

നീര്‍ത്തടം തേടി

ഓര്‍മ്മയുടെ ഞരമ്പു പിടയ്ക്കുമൊരുന്മാദ
വിഭ്രാമക ജ്വര ദിവാസ്വപ്ന മൂര്‍ച്ഛയില്‍
കാത്തിരിപ്പിന്റെ കരിമ്പടം തട്ടിനീക്കി
ഉണ്ണിയുണര്‍ന്നെണീറ്റു നടന്നു പോകുന്നു-
നീര്‍ത്തടം തേടി...

ഉച്ചിയില്‍ക്കുത്തുന്ന സൂര്യന്റെ സൂചിമഴ
വേര്‍പ്പുകുട കൊണ്ട് തടുത്തും കുടഞ്ഞും
തേകിത്തെറിക്കുന്ന നഗരഭ്രാന്തിന്‍ പേച്ചു
കാതിനാല്‍ ചുട്ടും കണ്ണാലെരിച്ചും
ഉണ്ണി നടന്നുപോകുന്നു -നീര്‍ത്തടം തേടി,
നീര്‍മരുതിന്‍ തണല്‍ തേടി...

കുണ്ടും കുഴിയുമായ്‌ നീളെ കിടക്കുന്നു
വെയില്‍ ചൂടില്‍ ചുട്ടുപൊള്ളുന്ന
ടാറിട്ട ഭൂതകാലം.
ഓരോരോ കാലടിയാലതു വകഞ്ഞും ചികഞ്ഞും
പാദങ്ങളില്‍ ചുറ്റിപ്പുകഞ്ഞു പിടിക്കുന്ന
അക്ഷമയുടെ ധൂളിപടലം കുടഞ്ഞും
ഉണ്ണി നടന്നുപോകുന്നു -നീര്‍ത്തടം തേടി,
നീര്‍മരുതിന്‍ തണല്‍ തേടി,
നീര്‍ക്കിളിപ്പാട്ട് തേടി...

എന്നോ കൈവിട്ടു പോന്ന ഗ്രാമത്തിന്റെ
സങ്കട ഗൃഹാതുരത കണ്ടു തിരിച്ചറിയാതെ
ഉണ്ണി നില്‍ക്കുന്നു സിമന്റിട്ട് പച്ചപ്പെയിന്റടിച്ച
ആല്‍മര ഫ്ലാറ്റിന്റെ ചോട്ടില്‍.
മുന്നില്‍ പനിനീര്‍പ്പൂ വിടരുമുദ്യാനം, പാര്‍ക്ക്,
പിന്നാമ്പുറങ്ങളില്‍ ചീഞ്ഞു നാറും
വിഴുപ്പുകൂന, അതിന്‍ നടുവില്‍
പഴയൊരാ നീര്‍ത്തടം

മറവിയുടെ കുളവാഴപ്പായല്‍പ്പരപ്പു വകഞ്ഞ്,
വിടവിലൂടെത്തി നോക്കുന്നു ഉണ്ണി
കരിമ്പാട കെട്ടിക്കിടക്കുന്ന വെള്ളം
നിറംകെട്ട പ്ലാസ്റ്റിക് പൂച്ചിന്റെ തുണ്ടുകള്‍
എച്ചില്‍, ച്ഛര്‍ദ്ദില്‍
കുപ്പിച്ചില്ലുകള്‍,
സോപ്പുവെള്ളം,
നാപ്കിന്‍,
പിറവിയുടെ പ്രതിരോധ ഉറകള്‍,
സെപ്ടിക് ടാങ്കിന്റെ ജാരകവാടം.

ഭൂതകാലത്തിന്റെ ബോധം മൂര്‍ച്ഛച്ചു
നിനവിനുള്‍ക്കണ്ണിലിരുട്ടുകേറി
മുന്നിലേക്ക്‌ കൂപ്പുകുത്തുന്നു ഉണ്ണി.

അതിജീവനം മധുരം

തിളയ്ക്കും വേനല്‍, തുള്ളി വീഴുവാനില്ല മഴ
വാടിയ വരള്‍ച്ചുണ്ട് പിളര്‍ത്തി ഉഷ്ണശ്വാസം
കുറുകി, ക്കിതച്ചു കിടപ്പാണെന്‍ മുറ്റം നീളെ
പനിനീര്‍ച്ചെടികളും ഓര്‍ക്കിഡും പുല്‍വിരിപ്പും

ആദ്യം നീര്‍ പകരാനെന്താവേശമായിരുന്നു
നിറഞ്ഞു പൂത്തിരിപോല്‍ പൂങ്കുല കത്തും നാളില്‍
പിന്നെ നീര്‍ പകരുവാനില്ലാതായ്‌, പൂവു വാടി,
പതിയെ ചെടി വാടി, പുല്‍ത്തട്ടും നരച്ചു പോയ്‌.

മുറ്റത്ത് കോണില്‍ ചുവര്‍ച്ചുവടു പറ്റിയൊരു
പേരറിയാത്ത ചെടി വളര്‍ന്നതറിഞ്ഞില്ല,
മൊട്ടിട്ടതറിഞ്ഞില്ല, പനിനീര്‍ച്ചെടി പോയ
ദുഃഖത്തില്‍ നോക്കാറേയില്ലീയിടെ മുറ്റത്തു ഞാന്‍.

ഇന്ന് കത്തിക്കാളുന്ന നട്ടുച്ചയ്ക്കതാ കോണില്‍
ഇത്തിരിപ്പൂവിനേയുമൊക്കത്തെടുത്തു നിന്നു
ചിരിപ്പൂ ചെടി, തോളില്‍ വാനത്തിന്‍ തുണ്ടടര്‍ന്ന
പോലൊരു നീലപ്പൂവും, അവള്‍ക്കും ചിരി തന്നെ.

അരികില്‍ ചെന്നു കുനിഞ്ഞൊന്നു ഞാന്‍ തൊട്ടു നോക്കി
കുഞ്ഞിപ്പൂവിനെ, ഇളം നീലയില്‍ നടുക്കൊരു
മഞ്ഞപ്പുള്ളിച്ചന്തവും, പൊന്‍പട്ടു തിളക്കവും
തൊടുമ്പോള്‍ സ്നിഗ്ദ്ധം, കവിള്‍ ചേര്‍ത്തപ്പോള്‍ ശീതസ്പര്‍ശം !

വേനല്‍ത്തീചൂടില്‍ ജന്മം വെന്തുപോകും വ്യഥയില്‍
മറ്റെല്ലാ ചെടികളും തല കുനിച്ചു നില്‍ക്കെ
ഇത്തിരിത്തണുപ്പാല്‍ നീ പകര്‍ന്നു തന്നു വാഴ്വില്‍
അതിജീവന പാഠം തൃണമേ, മധുരമായ് !

കാലം തളം കെട്ടുന്നു

വാക്കുകള്‍ പരിമിതം, മൌനമനന്തം ശാന്തം
വര്‍ണ്ണങ്ങള്‍ ക്ലിപ്തം, ഇരുള്‍ സാകല്യം നിത്യസത്യം.
ഭൂമി നിയതം, കാലം അത്ഭുതം അപ്രമേയം
മിടിക്കൂ വീണ്ടും വീണ്ടും ഹൃദയ കമലമേ

കാലത്തെയളക്കുവാന്‍ എന്റെ ചുവരില്‍ വച്ച
ഘടികാരവും ഞാനും തമ്മിലെപ്പോഴും യുദ്ധം.

ഇടയ്ക്ക് കാലത്തിനു മുന്‍പേ പായുമ്പോള്‍ സൂചി
തിരിച്ചു പിന്നോട്ടാക്കി ക്ലോക്കിനെ ജയിക്കും ഞാന്‍.
എപ്പോഴോ സൂചി പിന്നോട്ടായെന്നാല്‍ തിരിച്ചു ഞാന്‍
സമയം സത്യമാക്കി കാലത്തെ വീണ്ടെടുക്കും.

കൃത്യമായ്‌ കറങ്ങുമ്പോള്‍ സൂചിയേ ചൂണ്ടുവിരല്‍
അതിന്റെ തുമ്പില്‍ ചുറ്റിക്കറങ്ങാനെന്റെ ജന്മം.

നീളത്തില്‍ പോകുമായുഷ്‌ക്കാലത്തെ വട്ടം ചുറ്റി
യളക്കും മണ്ടത്തരമോര്‍ത്തിടയ്ക്കിടെ ക്ലോക്കില്‍
സൂചി പകച്ചാലോ ഞാന്‍ പകര്‍ന്നു നല്‍കും പുനര്‍
ജന്മ വേദാന്ത ജ്ഞാനം പുത്തന്‍ ബാറ്ററിയായി.
...ക്ലോക്കുകള്‍ പരിമിതം, കാലമനന്തം ശാന്തം
വര്‍ണ്ണങ്ങള്‍ ക്ലിപ്തം, ഇരുള്‍ സാകല്യം, നിത്യസത്യം.
ഭൂമി നിയതം, കാലം അത്ഭുതം, അപ്രമേയം
മിടിക്കൂ വീണ്ടും വീണ്ടും ഘടികാര കാലമേ...

ഇന്നലെ എന്നേയ്ക്കുമായ്‌ നിലച്ചു ഘടികാരം
തൊട്ടു തലോടി നോക്കി, സൂചി ചലിക്കുന്നില്ല
ബാറ്ററി മാറ്റി നോക്കി, മിടിക്കുന്നില്ല ജീവന്‍
കാലമീ മുറിക്കുള്ളില്‍ തളം കെട്ടി നില്‍ക്കുന്നു
നിലച്ച ഹൃദയത്തില്‍ കുടുങ്ങും രക്തം പോലെ.

ജലസ്പര്‍ശം

ബാല്യകാലം-
ഓട്ടുപാത്തിയിലൂടെയൂര്‍ന്നു വീഴും
കര്‍ക്കിടക മഴയില്‍ ഉള്ളം തുളുമ്പിയൊരുണ്ണി
മുറ്റത്ത് കോണില്‍ തളംകെട്ടി നില്‍ക്കുന്ന
മഴയുടെ തുണ്ടുകിണ്ണത്തില്‍ മുഖം നോക്കിയങ്ങനെ...
അത് കണ്ടു ചാരെനിന്നാരോ വിളിച്ചു, അന്ന്-
അമ്മയോ?

കൌമാരകാലം-
നിറയുന്ന മീനച്ചില്ലാറിന്റെ കരയില്‍
നിന്ന് പകച്ചോരാള്‍ അക്കരെയെത്തുവാനാശിച്ച്
ജീവിതം പിടിതരാക്കുത്തൊഴുക്കായി
പതഞ്ഞു പോകുന്നതും കണ്ട്
ആറിന്റെയക്കരെ കരളിന്റെ പാതി പകുത്തു
കടം കൊടുത്ത്, തിരിച്ചു കിട്ടാതെയങ്ങനെ...
അത് കണ്ടു ദൂരെ നിന്നാരോ ചിരിച്ചു, അന്ന്-
അവളോ?

പ്രാരാബ്ധകാലം-
ശംഖുമുഖത്തെ കടലു കണ്ടും
ഇപ്പുറം കടലായിരമ്പുന്ന ജീവിതത്തിരകളില്‍ നീന്തി,
തിരപോലെ പതയുന്ന ജീവിത ഗണിതപ്പെരുക്കം,
കൂട്ടിക്കിഴിക്കല്‍, ഹരിക്കല്‍, സംഹരിക്കല്‍,
ഒടുവിലെല്ലാമൊരു പൂജ്യത്തിലാകുന്ന
വാഴ്വിന്റെ ഗണിതം തോറ്റു തോറ്റങ്ങനെ...
അത് കണ്ടു അരികില്‍ നിന്നാരോ പകയ്ക്കുന്നു, ഇന്ന്-
ഇവളോ?

ഒട്ടുപാത്തിയിലെ മഴവെള്ളമൊഴുകി
പുഴയില്‍ മറഞ്ഞു പോയി-
അമ്മയുമങ്ങനെ!

ആറ്റിലെ വെള്ളം ഒഴുകിയൊലിച്ചു
കടലിലേയ്ക്കല്ലോ മറഞ്ഞു പോയീ-
അവളുമന്നങ്ങനെ!

ജീവിതക്കടലൊടുവിലൊഴുകി മറയുന്ന
മരണ മഹാസമുദ്രത്തിലേയ്ക്കന്നു ഞാന്‍
നിലതെറ്റി വീഴവെയിവളും മറഞ്ഞുപോകെ
അന്നെന്റെയരികിലെന്‍ വിരല്‍ തൊട്ടിരിക്കും
ജലസ്പര്‍ശമേതായിരിക്കാം?
അമ്മയുടെ വാല്‍സല്യ സ്പര്‍ശം
അവളുടെ ആവേശ സ്പര്‍ശം
ഇവളുടെ സാന്ത്വന സ്പര്‍ശം
അതിനുമപ്പുറമൊരഭൌമ ജലസ്പര്‍ശം !