Wednesday 27 March 2013

ജലസ്പര്‍ശം

ബാല്യകാലം-
ഓട്ടുപാത്തിയിലൂടെയൂര്‍ന്നു വീഴും
കര്‍ക്കിടക മഴയില്‍ ഉള്ളം തുളുമ്പിയൊരുണ്ണി
മുറ്റത്ത് കോണില്‍ തളംകെട്ടി നില്‍ക്കുന്ന
മഴയുടെ തുണ്ടുകിണ്ണത്തില്‍ മുഖം നോക്കിയങ്ങനെ...
അത് കണ്ടു ചാരെനിന്നാരോ വിളിച്ചു, അന്ന്-
അമ്മയോ?

കൌമാരകാലം-
നിറയുന്ന മീനച്ചില്ലാറിന്റെ കരയില്‍
നിന്ന് പകച്ചോരാള്‍ അക്കരെയെത്തുവാനാശിച്ച്
ജീവിതം പിടിതരാക്കുത്തൊഴുക്കായി
പതഞ്ഞു പോകുന്നതും കണ്ട്
ആറിന്റെയക്കരെ കരളിന്റെ പാതി പകുത്തു
കടം കൊടുത്ത്, തിരിച്ചു കിട്ടാതെയങ്ങനെ...
അത് കണ്ടു ദൂരെ നിന്നാരോ ചിരിച്ചു, അന്ന്-
അവളോ?

പ്രാരാബ്ധകാലം-
ശംഖുമുഖത്തെ കടലു കണ്ടും
ഇപ്പുറം കടലായിരമ്പുന്ന ജീവിതത്തിരകളില്‍ നീന്തി,
തിരപോലെ പതയുന്ന ജീവിത ഗണിതപ്പെരുക്കം,
കൂട്ടിക്കിഴിക്കല്‍, ഹരിക്കല്‍, സംഹരിക്കല്‍,
ഒടുവിലെല്ലാമൊരു പൂജ്യത്തിലാകുന്ന
വാഴ്വിന്റെ ഗണിതം തോറ്റു തോറ്റങ്ങനെ...
അത് കണ്ടു അരികില്‍ നിന്നാരോ പകയ്ക്കുന്നു, ഇന്ന്-
ഇവളോ?

ഒട്ടുപാത്തിയിലെ മഴവെള്ളമൊഴുകി
പുഴയില്‍ മറഞ്ഞു പോയി-
അമ്മയുമങ്ങനെ!

ആറ്റിലെ വെള്ളം ഒഴുകിയൊലിച്ചു
കടലിലേയ്ക്കല്ലോ മറഞ്ഞു പോയീ-
അവളുമന്നങ്ങനെ!

ജീവിതക്കടലൊടുവിലൊഴുകി മറയുന്ന
മരണ മഹാസമുദ്രത്തിലേയ്ക്കന്നു ഞാന്‍
നിലതെറ്റി വീഴവെയിവളും മറഞ്ഞുപോകെ
അന്നെന്റെയരികിലെന്‍ വിരല്‍ തൊട്ടിരിക്കും
ജലസ്പര്‍ശമേതായിരിക്കാം?
അമ്മയുടെ വാല്‍സല്യ സ്പര്‍ശം
അവളുടെ ആവേശ സ്പര്‍ശം
ഇവളുടെ സാന്ത്വന സ്പര്‍ശം
അതിനുമപ്പുറമൊരഭൌമ ജലസ്പര്‍ശം !

No comments:

Post a Comment