Wednesday 27 March 2013

അതിജീവനം മധുരം

തിളയ്ക്കും വേനല്‍, തുള്ളി വീഴുവാനില്ല മഴ
വാടിയ വരള്‍ച്ചുണ്ട് പിളര്‍ത്തി ഉഷ്ണശ്വാസം
കുറുകി, ക്കിതച്ചു കിടപ്പാണെന്‍ മുറ്റം നീളെ
പനിനീര്‍ച്ചെടികളും ഓര്‍ക്കിഡും പുല്‍വിരിപ്പും

ആദ്യം നീര്‍ പകരാനെന്താവേശമായിരുന്നു
നിറഞ്ഞു പൂത്തിരിപോല്‍ പൂങ്കുല കത്തും നാളില്‍
പിന്നെ നീര്‍ പകരുവാനില്ലാതായ്‌, പൂവു വാടി,
പതിയെ ചെടി വാടി, പുല്‍ത്തട്ടും നരച്ചു പോയ്‌.

മുറ്റത്ത് കോണില്‍ ചുവര്‍ച്ചുവടു പറ്റിയൊരു
പേരറിയാത്ത ചെടി വളര്‍ന്നതറിഞ്ഞില്ല,
മൊട്ടിട്ടതറിഞ്ഞില്ല, പനിനീര്‍ച്ചെടി പോയ
ദുഃഖത്തില്‍ നോക്കാറേയില്ലീയിടെ മുറ്റത്തു ഞാന്‍.

ഇന്ന് കത്തിക്കാളുന്ന നട്ടുച്ചയ്ക്കതാ കോണില്‍
ഇത്തിരിപ്പൂവിനേയുമൊക്കത്തെടുത്തു നിന്നു
ചിരിപ്പൂ ചെടി, തോളില്‍ വാനത്തിന്‍ തുണ്ടടര്‍ന്ന
പോലൊരു നീലപ്പൂവും, അവള്‍ക്കും ചിരി തന്നെ.

അരികില്‍ ചെന്നു കുനിഞ്ഞൊന്നു ഞാന്‍ തൊട്ടു നോക്കി
കുഞ്ഞിപ്പൂവിനെ, ഇളം നീലയില്‍ നടുക്കൊരു
മഞ്ഞപ്പുള്ളിച്ചന്തവും, പൊന്‍പട്ടു തിളക്കവും
തൊടുമ്പോള്‍ സ്നിഗ്ദ്ധം, കവിള്‍ ചേര്‍ത്തപ്പോള്‍ ശീതസ്പര്‍ശം !

വേനല്‍ത്തീചൂടില്‍ ജന്മം വെന്തുപോകും വ്യഥയില്‍
മറ്റെല്ലാ ചെടികളും തല കുനിച്ചു നില്‍ക്കെ
ഇത്തിരിത്തണുപ്പാല്‍ നീ പകര്‍ന്നു തന്നു വാഴ്വില്‍
അതിജീവന പാഠം തൃണമേ, മധുരമായ് !

No comments:

Post a Comment