Monday 10 December 2012

പ്ലാസ്റ്റിക് മണികിലുക്കം

എത്രയും പ്രിയമെനിക്കോര്‍മ്മകള്‍ തറവാട്ടു
മുറ്റത്തു പിച്ചവെച്ചു നടന്ന ബാല്യം, കൂട്ടു
കൂടിക്കളിച്ച പുതു കൌമാരം, യൌവനത്തില്‍
ഒക്കെയും പൊതിഞ്ഞു തോളത്തു മാറാപ്പിലേറ്റി
ജീവിത വഴിതേടി പിരിഞ്ഞു പോയേന്‍, പക്ഷെ
എന്റെയോര്‍മ്മകള്‍ ഇന്നും പിച്ചവെയ്ക്കാരുണ്ടിങ്ങീ
തറവാട്ടുമുറ്റത്ത് - തിരിച്ചു വരുന്നു ഞാന്‍.

ഇന്നെന്റെ തറവാടിങ്ങില്ല, ഭാഗം വെച്ചെന്നേ
പിരിഞ്ഞു പലവഴിയെന്റെ ബന്ധുക്കള്‍, ഓരോ
ജീവിത ബദ്ധപ്പാടില്‍ ലോകത്തിന്‍ പലകോണില്‍
ചിതറിയലയുന്നു, പലരായ്‌, പലതായി!

പുതിയ കലാലയമാണെന്റെ തറവാട്ടു
പറമ്പില്‍ ചുറ്റും ചെറു പട്ടണമായ് വളര്‍ന്നു.
എത്രയും ഇഷ്ടമാണീയോര്‍മ്മകള്‍, ഗൃഹാതുര
ചിന്തകള്‍, അതിനാലേ തിരിച്ചു ചെല്ലുന്നു ഞാന്‍
തറവാട്ടുമുറ്റത്ത്- നട്ടുച്ച കത്തും നേരം.

പണ്ടെന്റെയേട്ടന്‍ മുറപ്പെണ്ണോത്തു സല്ലപിച്ച
മുറ്റത്തൊരുദ്യാനമായ്‌, അവിടെ സല്ലാപമാര്‍-
ന്നിരിപ്പൂ കലാലയ കൌമാര മിഥുനങ്ങള്‍.
എന്നെ വിറപ്പിച്ചോരെന്നച്ഛനെ വിറപ്പിച്ച
ഗോവിന്ദമ്മാവന്‍ ചക്രവര്‍ത്തിയായ്‌ വിരാജിച്ച
പഴയ കോലായിലെ ചാരുകസേരപ്പാടില്‍
പ്രിന്‍സിപ്പാളിന്റെ മുറി- അവിടുന്നുയരുന്നു-
ണ്ടിന്നുമുഗ്ര ശാസന, തത്വങ്ങള്‍, താക്കീതുകള്‍.

ഇവിടെ ഇല്ലാതായ ഏതൊക്കെ മുറികളില്‍
എന്റെ മയില്‍പ്പീലിയും മഞ്ചാടി മണികളും
ആദ്യഹര്‍ഷവുമെത്രയാത്മ നൊമ്പരങ്ങളും
നവരൂപങ്ങളായി വേഷം പകര്‍ന്നാടുന്നു!

തെക്കേപ്പറമ്പിലെയാ ചക്കരമാവും, അതിന്‍
ചുവട്ടില്‍ അയവെട്ടും അമ്മിണിപ്പശുവുമാ-
ണിനിയും ബാക്കി; പണ്ട് മാമ്പഴം കാത്തു നില്‍ക്കും
ഉച്ചവെയില്‍ത്തണലില്‍ എനിക്കോമനയായ
പൈക്കിടാവുണ്ടായിരുന്നവളാരും കാണാതെ
ഓട്ടുമണി കിലുക്കി അമ്മതന്‍ ചാരെ ചെന്നു
പാല്‍ കട്ടു കുടിക്കവേ എന്നെക്കണ്ടാലുടനെ
അമ്പരന്നു നോക്കുന്ന നോട്ടമോര്‍ക്കുന്നുണ്ടിന്നും.

അവിടെച്ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നു പുതിയൊരു
എ ടി എം കുടില്‍ ഉച്ചത്തണല്‍ത്തണുപ്പേകുന്നു.
ഒരു പെണ്‍കിടാവുതന്‍ കയ്യിലെ *പ്ളാസ്റ്റിക് മണി
കിലുക്കി അതിനുള്ളില്‍ പൈക്കിടാവിനെപ്പോലെ
തിരിഞ്ഞൊന്നമ്പരന്നു നോക്കുന്നു വിജനമാം
വഴിയില്‍ അവളെയും തുറിച്ചു നോക്കിയൊരാള്‍
നില്‍ക്കുന്ന നില്‍പ്പിലാകാമവള്‍ക്കു പരിഭ്രമം
തിരിച്ചു നടപ്പൂ ഞാന്‍ -എന്‍ തറവാടേ വിട!

കാഴ്ചകള്‍ മങ്ങുന്നില്ല ലോകത്തില്‍, നമുക്കീയുള്‍-
ക്കണ്ണിന്റെ കാഴ്ച മാത്രമാണ് മങ്ങുന്നതിട-
യ്ക്കതിനാല്‍ കണ്ണടകള്‍ മാറ്റുക വീണ്ടും നോക്കൂ
നിത്യനൂതനം, വര്‍ണ്ണ സൌഭഗം, ലോകചിത്രം!

*പ്ളാസ്റ്റിക് മണി- എ ടി എം കാര്‍ഡ്‌

No comments:

Post a Comment