Wednesday 31 October 2012

നീലപ്പെന്‍സില്‍ - (ഉണ്ണി ഒരു ചിത്രം വരച്ച കഥ)

ഏഴുനിറങ്ങള്‍ ചാലിച്ചൊരു ചിത്രം വരയ്ക്കാന്‍
മോഹമാണുണ്ണിക്ക്, തന്‍ കുടിലില്‍ ചുവരിന്മേല്‍
തന്റെ ജാലകത്തിലൂടെത്തി നോക്കുമ്പോള്‍ കാണും
ഗ്രാമക്കാഴ്ച്ചകളൊരു ചതുരക്കടലാസില്‍
വരച്ച ചിത്രം പോലെ സുന്ദരം, അത് തന്റെ
കയ്യിലെ കടലാസില്‍ പകര്‍ത്തുകയേ വേണ്ടൂ.

എത്ര നിറങ്ങളുടെ നര്‍ത്തനമാണവിടെ
പച്ച നിറത്തിന്‍ കുത്തിയൊഴുക്കും അതിനുമേല്‍
അങ്ങിങ്ങ് ചെമ്പരത്തിപ്പൂവിന്റെ പൊട്ടും, തെച്ചി-
പ്പൂവിന്റെ നീട്ടും, വാകപ്പൂവിന്റെ മേലാടയും.

ഇടയ്ക്കു മങ്കളാവിപ്പൂവിന്റെ മനയോല-
ത്തുണ്ടുകള്‍, കര്‍ണ്ണികാരം പൂത്ത പൊന്മാല, മേലെ
വെണ്മേഘത്തൊങ്ങല്‍ ചേര്‍ത്ത നീലക്കുടയുമായി
വാനവും, അതിന്‍ വക്കു പൊട്ടിവീണതു പോലെ
അങ്ങിങ്ങു കണ്ണാന്തളി, തുമ്പപ്പൂ, ശംഖുപുഷ്പം.

കുഞ്ഞായ കാലം തൊട്ടേ കാണുന്ന ചിത്രം, അത്
കയ്യിലെ കടലാസ്സില്‍ പകര്‍ത്തുകയേ വേണ്ടൂ.
അതിനു വേണം ഏഴു ചായപ്പെന്‍സിലും, എത്ര
നാളായി അച്ഛനോട് കെഞ്ചിയും പിണങ്ങിയും
ഇരിപ്പാണുണ്ണി, അച്ഛന്‍ കേട്ട ഭാവവുമില്ല!
അച്ഛനു പകലന്തി മെയ്‌ നുറുങ്ങിയാല്‍ കിട്ടും
കാശിനു പലതാണ് കാര്യങ്ങള്‍, വീട്ടില്‍ നൂറു
ചിലവാ, ണരി, പലവ്യഞ്ജനം, കുഞ്ഞേച്ചിക്ക്
കുപ്പായം, പുസ്തകങ്ങള്‍, ഉണ്ണിക്ക് ദീനം മാറാന്‍
വൈദ്യനും, മരുന്നിനും ചിലവും ചില്വാനവും.

പലതിന്നായി പാഞ്ഞു നടക്കുമച്ഛന്‍ ചായ-
പ്പെന്‍സിലിന്‍ കാര്യം തീരെ ഓര്‍ക്കാറുമില്ലെന്നാലും
അന്നച്ഛന്‍ വീട്ടില്‍ വന്നു നീലപ്പെന്‍സിലുമായി
ഒന്നു വാങ്ങുവാനല്ലേ അച്ഛനു കഴിഞ്ഞുള്ളൂ.

ഉണ്ണി വിതുമ്പിപ്പോയി, നീലപ്പെന്‍സില്‍ കൊണ്ടെന്തു
വരക്കാന്‍! പുറത്തുള്ള പച്ചയ്ക്കു പോലുമെത്ര
വര്‍ണ്ണ ഭേദങ്ങള്‍ വാഴപ്പോളക്കുണ്ടൊരു പച്ച,
ഇലക്കു വേറെ പച്ച, കൂമ്പിനു മഞ്ഞപ്പച്ച.
എല്ലാം പകര്‍ത്താന്‍ എഴുനൂറു വര്‍ണങ്ങള്‍ വേണം
കയ്യിലുള്ളതോ ഒരു നീലപ്പെന്‍സില്‍ മാത്രവും!

എങ്കിലും കരഞ്ഞില്ല, അച്ഛനു നൂറായിരം
പ്രാരാബ്ധങ്ങള്‍, ഒറ്റയ്ക്ക് താങ്ങുവാന്‍ വയ്യാത്തൊരു
ശുഷ്കിച്ച ദേഹം, അതില്‍ നിറയെ സ്നേഹമല്ലോ!
ഇടയ്ക്കു കട്ടിലിന്മേല്‍ കാല്‍ തളര്‍ന്നിരിക്കുന്ന
ഉണ്ണിക്കരുകില്‍ വന്നു തൊട്ടു തലോടി, മെല്ലെ
വിളിച്ചു, വിതുമ്പിത്തിരിച്ചു പോകാറുണ്ടച്ഛന്‍

നീലപ്പെന്‍സില്‍ കൊണ്ടല്ലോ ഉണ്ണി വരച്ചു ചേതോ-
ഹരമായ്‌ ചിത്രം പിന്നെ എപ്പോഴോ ഉറങ്ങിപ്പോയ്‌.
രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്നു കണ്‍മിഴിക്കെ
ജാലകക്കാഴ്ച കണ്ട്‌ ഉണ്ണി വിടര്‍ന്നു പോയി

പകലില്‍ നൂറായിരം വര്‍ണ്ണത്തില്‍ കുളിക്കുന്ന
പ്രകൃതി നില്‍പ്പാണാകെ നീലച്ചായത്തില്‍ മുങ്ങി
വിണ്ണു, മീ മണ്ണും ഇലച്ചാര്‍ത്തുമൊക്കെയും നീലം
ഉണ്ണി വരച്ച നീല ചിത്രം പോല്‍ ചേതോഹരം.

അരികില്‍ തളര്‍ന്നു കിടന്നുറങ്ങുമച്ഛന്റെ
നിറുകില്‍ കുനിഞ്ഞൊരു ചുംബനം കൊടുത്തുണ്ണി

അകലെ ആകാശത്തിന്നറ്റത്തു കുന്നിന്‍ മേലേ
മേഘത്തിന്‍ തിരശ്ശീല തെല്ലു നീക്കിക്കൊണ്ടതാ
ഉണ്ണിയെ നോക്കി ആകെത്തിളങ്ങിച്ചിരിക്കുന്നു
പൌര്‍ണ്ണമിച്ചന്ദ്രന്‍ - കുട്ടിക്കുസൃതിപ്പാല്‍പ്പുഞ്ചിരി !


No comments:

Post a Comment