Thursday 18 October 2012

പാര്‍വ്വതി ബവുള്‍ പാടുന്നു

പാര്‍വ്വതി ബവുള്‍ പാടുന്നു -വംഗനാട്ടിലെ
വന്യതേജസ്സുണര്‍ന്നൊരു സ്വര്‍ണ്ണ നാളമായ്
ഇരുളാണ്ട വാഴ്വിന്നരങ്ങില്‍ ജ്വലിക്കവെ
അതുകേട്ടുണര്‍ന്നെന്റെ മനവുമാടുന്നൊരു
മകുടിയാല്‍ നാഗമെന്നതുപോലെ.

ഒരു കൈയിലേകതാര, മറുകയ്യില്‍ ദുഗ്ഗിയും.
പാര്‍വ്വതി ബവുള്‍ പാടുന്നു -കാവിയുടുത്ത്
തീവ്രരാഗത്തിന്റെ കനലില്‍ മുഖമെരിച്ച്
ജടയാര്‍ന്ന നീള്‍ മുടിയുലഞ്ഞ് ദുര്‍ഗ്ഗയെപ്പോലെ
ആടുന്നു പാടുന്നു പാര്‍വതി.

ഇരുമുളന്തണ്ടിന്നിടയില്‍ തുടിക്കുന്ന
തന്തിയില്‍ വിരല്‍ തൊട്ടുണര്‍ത്തുമനുസ്യൂത
മായൊരോങ്കാരവും ദുഗ്ഗിയില്‍ തുടികൊട്ടി
യുണരുന്ന ചടുലവേഗ ഹൃദയ താളവും

പാര്‍വ്വതി ബവുള്‍ പാടുന്നു ആറിന്ദ്രിയങ്ങള്‍-
ക്കതീതയായ്‌ ഗുരുവിനെത്തൊട്ട്
അവധൂത സിദ്ധയായ്‌ ഉലകമാകെ നാഗ
തളകളിളകും ചുവടില്‍ തുടിപ്പിച്ച്‌
*ജനന മരണങ്ങളെ അറിഞ്ഞും അളന്നും
രാധയായ്‌ കൃഷ്ണനെ തിരഞ്ഞും ചേര്‍ന്നലിഞ്ഞും


പാര്‍വ്വതി ബവുള്‍ പാടിടുമ്പോള്‍ സ്വരങ്ങള്‍
അര്‍ത്ഥം തുടിക്കുന്ന വാക്കിന്റെ ഭൌതിക
ദേഹത്തില്‍ നിന്നൂര്‍ന്നിറങ്ങി, അത്ഭുത
സ്ഥായിയാമാരോഹണവരോഹണങ്ങളുടെ
പരമാത്മ ഭാവത്തിലലിയുന്നു.
ഗഗനചാരികളായ്‌ പറന്നു പോകുന്നു.

പിന്നെയൊരു ക്ഷണിക ബോധത്തിന്റെ മിന്നല്‍-
പ്പിണരായി മണ്ണിന്നിരുട്ടിലേയ്ക്കൂര്‍ന്നിറങ്ങുന്നു
എല്ലാം ജ്വലിപ്പിച്ചെരിയും വെളിച്ചമായ്‌
ഉത്തുംഗമുന്മത്തമാമൊരു ലഹരിയായ്‌
ഭക്തിയായ്‌, ശക്തിയായ്‌, പരമമാം സായൂജ്യ
കൈവല്യമായി, കനിവിന്‍ കരുത്തായി
പാര്‍വ്വതി പാട്ടു തുടരുന്നു....

*ജനനൊ മരണൊ
രാധാഭാവ്‌
എന്നിവ പാര്‍വ്വതി ബവുളിന്റെ പ്രശസ്ത ബവുള്‍ ഗാനങ്ങള്‍ 

 

No comments:

Post a Comment