Thursday 25 October 2012

നിഴല്‍പ്പേടി

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ കാല്‍ ചോട്ടില്‍ നീ ചേര്‍ത്തു വെച്ചോരീ
കരിനിഴല്‍ കണ്ടു ഭയന്നുപോകുന്നു ഞാന്‍!

എന്തിഷ്ടമാണെനിക്കെന്റെ ബാല്യം
ബാല്യ വികൃതികള്‍, കൌമാര പ്രണയ കുതൂഹലം,
യൌവനലഹരികള്‍- എങ്കിലും
എന്റെ മേല്‍ നീയൊരു താക്കീതുപോല്‍ നീട്ടും
വാര്‍ദ്ധക്യമാണെന്‍ മനസ്സിലെ സംഭ്രമം!

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ ജന്മത്തിന്റെ ഒടുവില്‍ നീ ചേര്‍ത്തൊരാ
വാര്‍ദ്ധക്യമോര്‍ത്തു ഭയന്നുപോകുന്നു ഞാന്‍!

എന്തിഷ്ടമാണീ മാമ്പഴക്കാലം
കര്‍ക്കിടക മഴയുടെ മദഭരിത നര്‍ത്തനം
ഓണ നിലാവിന്റെ ചന്തം, പല വര്‍ണ്ണ
ക്കുടകള്‍ മാറുന്ന പൂക്കാലം, മുല്ലകള്‍
പൂത്തു കുളിരും ശരത്കാലം -എങ്കിലും
എന്റെ മനസ്സിലൊരു കത്തുന്ന വേനലിന്‍
ചുട്ടു പൊള്ളും ഭീതിയാണെപ്പോഴും.

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ ഋതുക്കളില്‍ നീ ചേര്‍ത്തു വെച്ചോരാ
വേനലിന്‍ പേടിയില്‍ വെന്തുപോകുന്നു ഞാന്‍!




എന്തിഷ്ടമാനെനിക്കീ സ്നേഹ മധുരം
പ്രിയയുടെ നാണപ്പുളിപ്പും, പരിഭവ-
മായ്‌ നാവിലിറ്റും ചവര്‍പ്പും, പിണക്കമാം
കണ്ണുനീരുപ്പുപോലും- എങ്കിലും
എന്തിനെന്നറിയില്ല നിത്യമാം വിരഹത്തിന്‍
കയ്പ്പാണുറക്കം കെടുത്തുന്ന സ്വപ്നം!

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
ജന്മമേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ രസങ്ങളില്‍ നീയിറ്റു വീഴ്ത്തുന്ന
കയ്പ്പിന്റെ ഭീതിയില്‍ വീണു മുങ്ങുന്നു ഞാന്‍!

എന്തിഷ്ടമാണെനിക്കെന്നുമുഷസ്സിനെ
തൊട്ടുണര്‍ത്തുന്നൊരു പൂവിന്റെ ചന്തം
പൂവിനെത്തൊട്ടുണര്‍ത്തുന്ന പൂമ്പാറ്റയും
പൂവാങ്കുരുന്നിലത്തളിരിന്‍ തലോടലും
എങ്കിലും അപ്പോഴും എന്നെ പിന്നില്‍ നി-
ന്നെന്തേ തിരിച്ചു വിളിക്കുന്നു നീ!

അത്രമേല്‍ ഇഷ്ടമാണെന്നുമെനിക്കെന്റെ
നിഴലേ, നിന്നെയെന്നാകിലും എപ്പോഴും
എന്റെ ചുറ്റും ലാസ്യ നൃത്തം ചവിട്ടുമീ
വാഴ്വിന്റെ ദീപ്തിയെ മോഹിച്ചു പോകുന്നു ഞാന്‍

No comments:

Post a Comment