Friday 14 March 2014

കാത്തിരിപ്പ്

കാത്തിരിപ്പാകുന്നു ജീവിതം.
ആണ്ടിലൊരിക്കല്‍ പൂവിടാനുള്ള
കാത്തിരിപ്പാകുന്നു കൊന്നയ്ക്ക് ജീവിതം.
ആണ്ടിലൊരിക്കല്‍ പൂക്കുവാന്‍, കായ്ക്കുവാന്‍
മാവിനും പ്ലാവിനുമൊരേ ജീവിതം
ആണ്ടിലൊരിക്കലോണത്തിനോ വിഷുവിനോ
വന്നു പൊയ്പോകും പിഞ്ചുകാല്‍പ്പാദക്കിലുക്കങ്ങള്‍
കാത്തിരിക്കുന്നെത്ര തറവാട്ടു മുറ്റങ്ങള്‍.



ആഴ്ചയൊടുവിലേയ്ക്കാകുന്നു ചിലരുടെ കാത്തിരിപ്പ്
ചിലരുടെ കാത്തിരിപ്പാറുമാസം.
നിത്യവും പൂക്കുന്ന കാട്ടുവല്ലിയ്ക്കോ
കാത്തിരിപ്പേതാനും നാഴിക.



പൂക്കുവാനും കായ്ക്കുവാനുമെന്നല്ല,
ആരെയും കാത്തിരിക്കാനുമില്ലാത്ത
ജന്മത്തിനു തന്റെ ജീവനണയും വരേയ്ക്കും
ജീവനണയാതെ പിടിച്ചുള്ള
ജീവിതമെന്ന വെറും കാത്തിരിപ്പ്.






സൂര്യകാന്തിക്കൊരു രാത്രി നീങ്ങാനുള്ള
സൂര്യനെക്കാത്തിരിപ്പ്.
നാലുമണിപ്പൂവിനൊരു പകല്‍ കാത്തിരിപ്പ്.
നിശാഗന്ധി കാത്തിരിക്കുന്നതോ
കേവലമൊരു രാത്രിക്കുവേണ്ടി മാത്രം.
ചില കാത്തിരുപ്പുകള്‍ വ്യാഴവട്ടങ്ങള്‍,
ചിലതൊരായുസ്സു മുഴുവനും,
ചിലതു പുരുഷാന്തരം.



എങ്കിലും പൂര്‍ണ്ണ വിരാമമില്ലാതെ-
യടങ്ങുന്നു ചില കാത്തിരിപ്പുകള്‍
ആറുമാസം മാത്രമായുസ്സു നീണ്ട ശലഭം
നീലക്കുറിഞ്ഞിയെ കാത്തിരിക്കുമ്പോഴും
അക്കരെയെങ്ങോ എന്നേ പൊലിഞ്ഞ
മകനുവേണ്ടിയൊരമ്മ കണ്ണുനട്ടിക്കരെ-
യന്തിത്തിരി മിഴിനീര്‍ വെളിച്ചം തൂകി
അറിയാതെ കാത്തിരിക്കുമ്പോഴും
കാത്തിരിപ്പെന്നാല്‍ കാത്തെരിഞ്ഞീടല്‍
കത്തിയുരുകല്‍ -കര്‍പ്പൂരദീപം പോലെ !



1 comment:

  1. കവിത നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍

    ReplyDelete