Thursday, 16 August 2012

അമ്പത്തൊന്ന്

അമ്പത്തൊന്നക്ഷര വെട്ടുകള്‍-
കരിങ്കല്ല്ലിരുമ്പിലേറ്റ്
പൊട്ടിയും പൊടിഞ്ഞും ഉരുവമാകുന്ന വാക്കുകള്‍
വാക്കുകളിലര്‍ത്ഥങ്ങള്‍ തീപിടിക്കുന്നു
ബാക്കിയാകുന്ന കത്താത്ത വാക്കിന്റെ
വ്യംഗ്യാര്‍ത്ഥം കനലില്‍ പുകയുന്നു.

അമ്പത്തൊന്നക്ഷര മുള്ളുകള്‍-
മുള്ളുകള്‍ കെട്ടിയ വേലിക്കിടയില്‍,
വരികള്‍ക്കിടയില്‍
വായിച്ചെടുക്കാതലയുന്ന വാക്കിഴയുന്നു.
നാനാര്‍ത്ഥം ഫണമായ്പ്പെരുകുന്നു.
ചാടിത്തിരിഞ്ഞു കൊത്തുന്നു.

അമ്പത്തൊന്നക്ഷര മുറിവുകള്‍-
ചില്ലക്ഷരങ്ങള്‍ ഉടഞ്ഞ വെണ്‍ മൂര്‍ച്ചകള്‍
മനസ്സിനെക്കുത്തി നനവില്‍ തൊടുന്നു.
കൂട്ടക്ഷരങ്ങള്‍ കൂടിപ്പിണഞ്ഞു
കഴുത്തില്‍ കുരുങ്ങുന്നു.
കഴുത്തിലെ പാടും
എഴുത്തിലെ പാടും
ഒരൊറ്റ മുറിവിന്റെ തമ്മില്‍ത്തൊടാത്ത
കരകളാകുമ്പോള്‍
അതിലൂറി നിറയുന്നു കണ്ണീരുപോലെ
ഇളം ചൂട്, നനവ്‌,
പക്ഷെ കടും ചുവപ്പ്
ഉപ്പല്ല പുളിയല്ല വല്ലാത്തൊരെരിവ്.

അമ്പത്തൊന്നക്ഷരത്തോറ്റങ്ങള്‍-
വാക്കുകള്‍ കലമ്പിവിഴുങ്ങിയും
കൈമണി കിലുങ്ങിയും
തോറ്റവന്തോറ്റങ്ങള്‍
അക്കം നിരത്തി വരച്ച കളംപാട്ടു കൊലവിളി-
പ്പട്ടിക ചുറ്റി, കളവു പാട്ടിന്റെ പൊടിയും പറത്തി
അമ്പത്തൊന്നഹങ്കാരത്തെയ്യങ്ങള്‍-
ചെമ്പട്ടുടുത്ത് കിരീടവും വെച്ചു
മഞ്ഞളു പൂശി വടിയും പിടിച്ച്
മുത്തപ്പനും കതിവനൂര്‍ വീരനും
പൊട്ടനും ഗുളികനും പാലോട് ദൈവവും
രക്ത ചാമുണ്ഡിയും
ചുറ്റും വളഞ്ഞും പിന്നില്‍പ്പതുങ്ങിയും
ഒറ്റിയുമൊളിഞ്ഞും തിരിഞ്ഞുനിന്നും.

അമ്പത്തൊന്നധികാര സങ്കരങ്ങള്‍-
ആമമുയലിനെപ്പോലെ
ആനയുറുമ്പിനെപ്പോലെ
കോഴിക്കുറുക്കന്‍, കീരിപ്പാമ്പ്,
മാന്‍സിംഹം പോലെ
ആടുചെന്നായയെ പോലെ
(ചത്തൊരാടിന്റെ കുപ്പായമിട്ട്
നടുക്കുനിന്നോരോരോ തുള്ളിയും
നക്കിക്കുടിക്കുന്ന പാവം ചെന്നായ)
എലിപ്പൂച്ചയെപ്പോലെ.

അമ്പത്തൊന്നക്ഷരങ്ങള്‍,
അക്കങ്ങള്‍, തെയ്യങ്ങള്‍, സങ്കരങ്ങള്‍
ഒടുവിലെല്ലാം കൂടി മാമാങ്ക വെട്ടും കഴിഞ്ഞ്
പൂരം,
പുലഭ്യം,
പുലകുളിയൊക്കെക്കഴിഞ്ഞ്
കടലാസ്സില്‍ നിന്നും പടിയിറങ്ങുമ്പോള്‍
ബാക്കിയാകുന്നത്-
ഇതൊന്നിലും പെട്ടുപോകാത്ത
നടുവ് വളഞ്ഞൊരു ചോദ്യചിഹ്നം ? കൂടെ
ആശ്ചര്യം പോലെയും വായിച്ചിടാവുന്ന
ശോകചിഹ്നം !

Saturday, 21 July 2012

അതിരുകള്‍

ആയിരം കാതം വടക്ക്
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍
ഭൂപടത്തില്‍ കുത്തുകളും വരകളുമായി
വരച്ചോരതിര്‍ത്തി രേഖ.
മണ്ണിലത് തിരഞ്ഞു ചെന്നാല്‍ കാണാം
പതിനായിരം വാട്ടിന്റെ വൈദ്യുതക്കമ്പിവേലി-
മുള്ളുപോല്‍
മുറിവുപോല്‍
മുന്നറിയിപ്പ് പോല്‍.

അതിലൂടെ നൂഴ്ന്ന് വടക്ക് കിഴക്കുനിന്നും
തെക്കുപടിഞ്ഞാട്ടേയ്ക്കൊഴുകുന്ന കുളിരരുവി.
ഹിമശൈല നന്ദിനി
സിന്ധുവിന്‍ കൈവഴി, കളിത്തോഴി.

രാത്രി-
അതിരുകള്‍ കാണാതെ അവളൊഴുകുമ്പോള്‍
അവളുടെ അനവരതമാമാത്മ ഹര്‍ഷ
തരംഗങ്ങളില്‍ വീണു തുള്ളിത്തുളുമ്പി
പുഞ്ചിരിക്കണ്ണുമായ് വാനിലൊരു നക്ഷത്രം

പുഴ അവനോടു ചോദിച്ചൂ..
നീ ഏതതിരിന്നു മുകളില്‍?
തെക്കോ? കിഴക്കോ? വടക്കോ? പടിഞ്ഞാറോ?

അവളുടെ കളകളമീണങ്ങളില്‍ അവനോതി നിറയുന്നു...
എവിടെ നിന്നെന്നെ നോക്കിയാലും ഞാന്‍
അവരുടെ നാട്ടുകാരന്‍ അവധൂതന്‍.
എന്നില്‍നിന്നും ഞാന്‍ പുറപ്പെട്ടു നിന്നിലേക്കെത്തുവാന്‍
എത്രയോ കോടി വര്‍ഷങ്ങള്‍.
ഭൂമിയില്‍ ഒരു കോടി കുരുന്നു കുഞ്ഞുങ്ങളുടെ
വിടരും മിഴികളില്‍ തിരമിന്നി നിറയും
വെളിച്ചമായ് മാറാനെനിക്ക് ഭാഗ്യം.

ഞാന്‍ നിന്നിടം ഇന്ന് വന്‍ തമോഗര്‍ത്തം.
അതറിയാതെ എത്രയോ കോടി വര്‍ഷങ്ങള്‍
കോടി മനുഷ്യര്‍
അതിരുകള്‍ തീര്‍ത്തും തിരിച്ചും
പരസ്പരം പകയുടെ കനലുകള്‍ വിതറിയും
വിദ്വേഷമായെരിഞ്ഞും പുകഞ്ഞും
നീറിപ്പടര്‍ന്നും പൊലിഞ്ഞും
എന്നെ അവരുടെ അതിരുകള്‍ക്കുള്ളില്‍ കുടിവെച്ചു.

എങ്കിലും ഭൂമിയില്‍ അറിവിന്റെ അതിരുകള്‍
അറിയാത്ത കോടി കുഞ്ഞുങ്ങളുടെ മിഴികളില്‍
വിസ്മയമാകാനെനിക്കുമിഷ്ടം- അവര്‍
അതിരുകള്‍ വേര്‍തിരിച്ചറിയും വരെ!

Friday, 25 May 2012

കന്യാകുമാരിയില്‍


"കന്യാകുമാരിയില്‍ നീയെന്തു കണ്ടു ബാലേ?
അസ്തമയത്തിന്റെ രക്താഭയില്‍ തിളങ്ങുന്ന സൂര്യനെ?
മേഘങ്ങളെ ? ചെന്തിരകളെ ?
കന്യാകുമാരിയില്‍ നീയെന്തു കണ്ടു ?"
"കന്യാകുമാരിയില്‍ ഞാന്‍ കണ്ടതൊരു രക്ത
സൂര്യനെയല്ല, മേഘങ്ങള്‍, തിരകളെയുമല്ല
ഞാനൊരു മണിമാല വിറ്റു നടക്കുന്ന
കാക്കക്കറുമ്പിയാം പെണ്‍കിടാവിന്‍റെ
ഗദ്ഗദം കണ്ടു നിന്നു- അവളുടെ
കുങ്കുമച്ചെപ്പു വെന്മണലില്‍ ചിതറവേ
മിഴി കലങ്ങി ചോന്ന സൂര്യന്‍ കണ്ണുനീര്‍
തിരകളില്‍ മാഞ്ഞുപോയി!"

ആരോ വിളിച്ചു


ആരോ വിളിച്ചുവോ ?
അരികിലല്ലെങ്കിലും അകലെയല്ലാത്തപോല്‍
ആരോ വിളിച്ചുവല്ലോ !
ഉച്ചമയക്കത്തിലായിരുന്നെങ്കിലും
സ്വപ്നമല്ലാത്തപോല്‍ സ്പഷ്ടം
സ്നേഹാര്‍ദ്രമായ വിരലാലെ തലോടുന്ന പോലെ
നെറ്റിയില്‍ മൃദുവായി ചുംബിക്കും പോലെ
ആരോ വിളിച്ചുവല്ലോ !
നിദ്രയുടെ ചഷകമുടഞ്ഞു തൂവിപ്പോയ
സ്വപ്ന മധു മുത്തുകള്‍ പേര്‍ത്തും പെറുക്കിയും
ചുറ്റിനും നോക്കിപ്പകച്ചിരിക്കുമ്പോള്‍ ഞാനറിയുന്നു
മൌനം തണുപ്പായുറഞ്ഞു നില്ക്കുമെന്റെ
കൊച്ചുമുറിയിയ്ക്കുള്ളില്‍ ഞാനും
പിന്നെ എന്നെയൊരിക്കലും
വിട്ടു പിരിയാത്തൊരീ
ഏകാന്തതയും മാത്രം - എങ്കിലും
വ്യക്തമായോര്‍ക്കുന്നു ഞാന്‍...
ആരോ വിളിച്ചിരുന്നു.എന്നെയാരോ വിളിച്ചിരുന്നു.

മഴരാമായണം


കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഉമ്മറത്തിണ്ണയില്‍ കാല്‍ നീട്ടി വെച്ചിരു-
ന്നമ്മൂമ്മയീണത്തിലതു പാടിടുമ്പോള്‍
ചാരത്തു കത്തും വിളക്കിന്‍ വെളിച്ചം
ഓട്ടുപാത്തിയിലൂടെ നൂലായി വീഴും
കര്‍ക്കടക മഴയുടെ ഊടിലും പാവിലും
കസവുനൂല്‍ നെയ്തു ചേര്‍ക്കുന്നു.

കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഒരു മഴത്തുള്ളിയുടെ സീതായനം

ഉഴവു ചാലില്‍ നിന്നു സൂര്യനാം ജനകന്‍
വാല്‍സല്യ കിരണ ഹസ്തങ്ങളാലെ എടുത്തുയര്‍ത്തി.
ആകാശ മിഥിലയില്‍ വളര്‍ത്തി.
പിന്നെയൊരു നാളിലൊരു വില്ലാളി വീരന്‍
മിന്നലിടി വെട്ടാല്‍ ദിഗന്തം മുഴക്കി
വില്ലൊടിച്ചവളെ ഒരാത്മഹര്‍ഷത്തിന്‍
കുളിര്‍മഴയാക്കി അയോദ്ധ്യയില്‍ കുടിയിരുത്തി.

കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
മഴ പോലെ പെയ്യുന്ന സീതായനം

കര്‍ക്കടക രാവില്‍ അമ്മൂമ്മ പാടും
കിളിപ്പാട്ടിലാത്മാവലിഞ്ഞിരിക്കെ
ജാനുവിന്നുള്ളിലൊരിടിത്തീ മഴയായി
പെയ്യുന്നതുത്തര രാമായണം!

Tuesday, 8 May 2012

മരം പെയ്യുമ്പോള്‍

സായന്തനത്തിലെ ചാറ്റല്‍ മഴ
രാത്രില്‍ മെല്ലെക്കനത്തു-പിന്നെ
പാതിരാവില്‍ നേര്‍ത്തു നേര്‍ത്തു വന്നു...

ഇലത്തുമ്പിലെത്തുള്ളികള്‍
മണ്ണിലേയ്ക്കുതിരുന്ന നേരം
ഓരോരോ തുള്ളിയും വീഴും സ്വരങ്ങളെ
വേര്‍തിരിച്ചെണ്ണിക്കിടന്നു നമ്മള്‍...

നിന്‍ വിരല്‍ത്തുമ്പെന്റെ നെഞ്ചില്‍
മൃദുലമായ്‌ ഉഴിയുകയായിരുന്നു -നിന്റെ
കത്തുന്ന നിശ്വാസമെന്റെ മനസ്സില്‍
കൊടുങ്കാറ്റുതിര്‍ക്കുകയായിരുന്നു.
ഓരോ സ്വരങ്ങളും സംഗീതമാവുകയായിരുന്നു...

ഞാന്‍ നിന്റെ മാറിലെ ചൂടു നിന്‍
ചുണ്ടില്‍പ്പകര്‍ത്തി
ചുണ്ടിലെ നനവ്‌ നിന്‍
നെറ്റിയില്‍ പടര്‍ത്തി
നീയാവുകയായിരുന്നു...

മരം പെയ്യുമീ സ്വരം കേള്‍ക്കുക...
മഴയിരമ്പത്തെക്കാളതെത്ര ഹൃദ്യം!

Saturday, 14 April 2012

നിലാവു പോലെ ഒരു പെണ്‍കുട്ടി


കൊല്ലൂരില്‍ നിന്നും കുടജാദ്രിയിലേക്ക്-
ആകെ പൊടിയും പരാതിയും നിറഞ്ഞുള്ള
ദുര്‍ഘട കാനന പാത.
ഇളകിയാടുന്ന ജീപ്പിലേറി
ഉടലുലഞ്ഞൊരു തീര്‍ഥയാത്ര.
എങ്കിലും ചുറ്റിനും
ശങ്കര പാദം ശിരസ്സാര്‍ന്നതിന്‍
സാത്വിക ഗൌരവം പൂണ്ടു നില്‍പ്പാണ്
കുടജാദ്രി ചൂഴുന്ന വനനീലവും
അതില്‍ വീണലിയുന്ന സായാഹ്നവും.

വഴിനീളെയിരുപുറം പേരറിയാത്തൊരു
ചെടി പൂത്തുലഞ്ഞു നില്‍ക്കുന്നു.
മാമ്പൂവിന്‍ ചെറുകുല പോലെ
നിലാവിന്‍ നിറം, കുറ്റിച്ചെടി- എന്റെ
നാട്ടില്‍ ഞാന്‍ കണ്ടിട്ടുമില്ല
വഴിനീളെയുയരും പൊടിയില്‍ പുതഞ്ഞ്
ഉടലാകെ മുഷിയുമ്പോഴും
പുഞ്ചിരി നിലാവു തെളിച്ചു നില്‍ക്കുന്നവള്‍
മുകിലിലൊരു വിദ്യുല്ലതിക പോലെ.

പിറ്റേന്നുഡുപ്പിയില്‍ ഉച്ചവെയിലത്ത്
എന്നെത്തിരഞ്ഞു വരുന്ന തീവണ്ടിയെ
കാത്തുനിന്നോരോ നിമിഷവുമെണ്ണവെ
കണ്ടു ഞാന്‍ ആളൊഴിഞ്ഞൊരു കോണില്‍
കല്ലുബെഞ്ചിന്റെ ചാരത്ത്
എങ്ങുനിന്നോ വന്നൊരൂരുതെണ്ടിക്കൂട്ട-
മുണ്ടവിടെ വീട് കൂട്ടുന്നു.


അവരിലൊരു പിഞ്ചു പെണ്‍കുട്ടി
വന്നുപോകുന്ന തീവണ്ടികള്‍ കണ്ട്,
അതിനുള്ളിലുയരും ആരവ, മാളുകള്‍ ഒക്കെയും
കണ്ട് കൈവീശുന്നു നിഷ്കളങ്കം.
ഒരു കൈക്കുടന്ന നിലാവിനെ പുഞ്ചിരി
ക്കുമ്പിളില്‍ കോരി, ചുറ്റിനും വാരി
വിതറിച്ചിരിച്ചുല്ലസിക്കുന്നു.

അവളുമാ പൂങ്കുല പോലെ- ഞാനിന്നലെ
കുടജാദ്രിയില്‍ കണ്ട പൂങ്കുല പോലെ
ഇലകളാകെ പൊടി വീണു മൂടുമ്പോഴും
ഇടയില്‍ നിലാവു നിറച്ചു നില്‍ക്കുന്നു.

പിന്നെ
പണ്ടത്തെ ഏതോ കഥയിലെ ദ്വീപിലെ
അല്പായുസ്സായൊരു രാജകുമാരനു മുന്നില്‍
മധുര നാരങ്ങയില്‍ നൂണ്ടു വന്ന
മരണത്തെപ്പോലെ
ഒരു മുട്ടയായ്‌,
നുരയ്ക്കും പുഴുവായി,
ഇഴയുന്ന സര്‍പ്പമായ്‌, പിന്നെയൊ-
രഗ്നി ചീറ്റും രുദ്ര വ്യാളിയായ്‌ മുന്നില്‍ വളര്‍ന്നു വന്നെന്നെ
ഉടലോടെ വാരിവിഴുങ്ങിയീ പ്ലാറ്റ്‌ഫോമില്‍
നിന്നു കിതയ്ക്കുന്നു തീവണ്ടി.

അവളെന്റെ നേര്‍ക്കു കൈവീശുന്നു.
വണ്ടിയിലുള്ളവര്‍ക്കെല്ലാം കൈവീശി
യാത്ര പറയുന്നുണ്ടവള്‍- എങ്കിലും വണ്ടിയിലെ
വലിയ രാജ്യങ്ങളുടെ തമ്പുരാക്കന്മാര്‍
ഇതൊന്നുമറിയാതിരിക്കുന്നു.
ഒടുവിലെന്‍ തീവണ്ടി ചൂളം വിളിക്കുന്നു
മെല്ലെയുരുണ്ടുനീങ്ങുന്നു.
പ്ലാറ്റ്‌ഫോമില്‍ നീയാം നിലാവെന്നില്‍ നിന്നും
മെല്ലെയകന്നു പോകുന്നു.

പേരറിയാത്ത പെണ്‍കുട്ടി,
നിന്‍ നേര്‍ക്കു നീളുമെന്‍ നിറമിഴി സ്പര്‍ശം
ഒരച്ഛന്റെ വാല്‍സല്യ ചുംബനം മകളുടെ
നിറുകയില്‍ വീണലിഞ്ഞില്ലാതെയാവതുപോലെ
മെല്ലെ നേര്‍ത്തു പോകുന്നു.
എങ്കിലും നേര്‍ത്തു പോകുന്നില്ല നീയെന്റെ
യുള്ളില്‍ നിറച്ച നിലാവിന്റെ ഹര്‍ഷം.

കുടജാദ്രിമുല്ലക്ക് സ്നേഹവുമായ്‌ കൂടെ
വനതരുവൃന്ദമുണ്ട്
നട്ടുച്ചനേരത്തും കാടിന്റെ കുളിരുണ്ട്
തെളിനീരുറവിന്റെയലിവുണ്ടു, ചുറ്റിനും
ചാമരം വീശിത്തലോടുന്ന കാടിന്റെ
വാല്‍സല്യ സാന്ത്വന സ്പര്‍ശവും,
നീഹാര വര്‍ഷമാമാശ്ലേഷവും. പക്ഷെ-
കുഞ്ഞേ,
കാട്ടുനീതിയെക്കാള്‍ വന്യമാം നാട്ടുനീതിയില്‍
കുലീനരും അഭിമാനവസ്ത്രമുലഞ്ഞതിന്‍ നോവാല്‍
കേഴുമീ വാഴ്വിലിനി നിന്നെയും കാത്തി-
രിക്കുന്നതേതഗ്നി തുല്യമാം ഭൂമിക!

പാഞ്ഞുപോകുന്ന തീവണ്ടിയുടെ സംഹാര
ചടുലതാളത്തില്‍ വിറച്ച്
വ്യാളി വിഴുങ്ങിയ വ്യാധിയായെന്റെ യാത്ര തുടരുന്നു.